മലയാളത്തെ മധുരമാക്കി കൃഷ്ണദാസ് മാഷ് പടിയിറങ്ങുന്നു
text_fieldsമസ്കത്ത്: നീണ്ട പതിനാറു വർഷത്തെ പ്രവാസ ലോകത്തെ അധ്യാപന ജീവിതത്തിന് വിരാമമിട്ട് പി. കൃഷ്ദാസ് മാസ്റ്റർ നാട്ടിലേക്ക് മടങ്ങുന്നു. രാജ്യത്ത് കൂടുതൽ വിദ്യാർഥികൾ പഠിക്കുന്ന ഇന്ത്യൻ സ്കൂൾ മസ്കത്തിലെ മലയാള വിഭാഗം മേധാവിയായിരിക്കെയാണ് വിരമിക്കൽ. പത്തു വർഷത്തോളം അധ്യാപനജീവിതം ശേഷിക്കുന്നുണ്ടെങ്കിലും വ്യക്തിപരമായ കാര്യങ്ങളാലാണ് നാട്ടിലേക്ക് മടങ്ങുന്നത്. ഏറെ സംതൃപ്തിയോടെയാണ് തിരിച്ചുപോക്കെന്ന് അദ്ദേഹം പറഞ്ഞു.
കോഴിക്കോട് നരിക്കുനി സ്വദേശിയായ മാഷ് ഒമാനിലെത്തുന്നത് 2005ലാണ്. ഇന്ത്യൻ സ്കൂൾ മസ്കത്തിൽ മലയാളപഠനം ആരംഭിക്കുന്നത് ആ വർഷമാണ്. 26 വിദ്യാർഥികളായിരുന്നു അന്ന് മലയാളം പഠിക്കാൻ ഉണ്ടായിരുന്നത്. എന്നാലിന്ന് എട്ട് അധ്യാപകർക്ക് കീഴിലായി രണ്ടായിരത്തിലേറെ വിദ്യാർഥികൾ പഠിക്കുന്നു. സ്കൂൾ മാനേജ്മെൻറിെൻറയും രക്ഷിതാക്കളുടെയും മലയാളം വിങ്, കേരള വിങ് ഉൾപ്പെടെയുള്ള സാമൂഹിക കൂട്ടായ്മകളുടെയും പിന്തുണയാലാണ് മലയാളത്തിന് ഇത്രയേറെ സ്വീകാര്യത കിട്ടിയതെന്ന് അദ്ദേഹം ഓർക്കുന്നു.
മലയാളം പഠിക്കുന്ന പല കുട്ടികളുടെയും രക്ഷിതാക്കൾ ജന്മം കൊണ്ട് മലയാളികളാണെങ്കിലും വളർന്നതും പഠിച്ചതുമെല്ലാം കേരളത്തിന് പുറത്തായിരുന്നു. മലയാളം സംസാരിക്കുമെങ്കിലും എഴുതാനും വായിക്കാനും അറിയാത്തവരാണ് അവരിൽ കൂടുതലും. എന്നാൽ മറുദേശത്തു വളരുന്ന തങ്ങളുടെ മക്കൾക്ക് ആ നഷ്ടമുണ്ടാവരുത് എന്നത് നിർബന്ധബുദ്ധിയായിരുന്നു.
ഒമാനിൽ സ്വദേശിവത്കരണം ശക്തമായതോടെ, ഏതു സമയത്തും നാട്ടിലേക്കു മടങ്ങേണ്ടി വരുമെന്നും ഫ്രഞ്ച് ഉൾെപ്പടെയുള്ള ഭാഷകൾ രണ്ടാംഭാഷയായി എടുത്താൽ തുടർപഠനം നാട്ടിൽ ബുദ്ധിമുട്ടായി തീരുമെന്നും അവർ തിരിച്ചറിഞ്ഞു. അതോടൊപ്പം, കേരളത്തിൽ സർക്കാർ ജോലി ലഭിക്കണമെങ്കിൽ പത്താം ക്ലാസ് വരെ മലയാളം പഠിക്കണം എന്ന നിയമവും കൂടുതൽ കുട്ടികളെ ആകർഷിക്കാൻ കാരണമായി. മിഡിൽ, സീനിയർ വിഭാഗങ്ങളിലായി ഭേദപ്പെട്ട മലയാളം ലൈബ്രറി സ്കൂളിലിന്നുണ്ട്. കൂടാതെ, മലയാള വിഭാഗത്തിന് സ്വന്തമായൊരു ലൈബ്രറിയുമുണ്ട്.
കുട്ടികളെയും അധ്യാപകരെയും രക്ഷിതാക്കളെയും ഒരുപോലെ സമ്മർദത്തിലാക്കുന്ന ഇന്നത്തെ വിദ്യാഭ്യാസ വ്യവസ്ഥ മാറുമ്പോഴേ വിദ്യാഭ്യാസം അതിെൻറ സ്വാഭാവികത വീണ്ടെടുക്കുകയുള്ളൂ എന്ന് കൃഷ്ണദാസ് പറയുന്നു. സംതൃപ്തിയോടെയാണ് മടങ്ങുന്നത്. ഇക്കാലയളവിൽ ചുറുചുറുക്കോടെ ജോലി ചെയ്യാൻ സാധിച്ചു.
ഏറ്റെടുത്ത ഉത്തരവാദിത്തങ്ങൾ ഭംഗിയായി പൂർത്തീകരിച്ചു. ഇന്ത്യൻ സ്കൂൾ ടാലൻറ് ഫെസ്റ്റ്, ഓണാഘോഷം പോലുള്ള പരിപാടികൾക്ക് ഉത്തരവാദിത്തങ്ങൾ ഏൽപിച്ച സ്കൂൾ അധികാരികളോടും അവ വിജയകരമാക്കാൻ സഹകരിച്ച സഹപ്രവർത്തകരോടുമുള്ള കടപ്പാട് വാക്കിൽ ഒതുങ്ങാത്തതാണ്. ഒപ്പം വിദ്യാർഥികൾ, രക്ഷിതാക്കൾ, മസ്കത്തിലെ സാമൂഹിക സാംസ്കാരിക സംഘടന പ്രവർത്തകർ ഇവരെയെല്ലാം ഹൃദയത്തോട് ചേർത്തുനിർത്തുന്നു -മാഷ് പറഞ്ഞു.
വർഷങ്ങൾക്ക് മുമ്പ് കേരള ഇസ്ലാമിക് അസോസിയേഷൻ മുഹമ്മദ് നബിയെ കുറിച്ച് 'പ്രവാചകൻ ജീവിതവും സന്ദേശവും'എന്ന വിഷയത്തിൽ പ്രബന്ധ മത്സരം സംഘടിപ്പിച്ചപ്പോൾ മികച്ച പ്രബന്ധമായി തിരഞ്ഞെടുത്തത് മാഷിേൻറതായിരുന്നു. ഒമാനിൽ നിന്നും മടങ്ങുമ്പോൾ എക്കാലവും ഓർക്കാവുന്ന അഭിമാനമുള്ള കാര്യമാണിതെന്ന് അദ്ദേഹം ഓർക്കുന്നു. സ്കൂളിലെ അറബി വിഭാഗം മേധാവിയായിരുന്ന മുഹമ്മദ്കുഞ്ഞിെൻറ നിർബന്ധവും പ്രോത്സാഹനവുമാണ് മത്സരത്തിൽ പങ്കെടുക്കാനും വിജയം നേടാനും വഴിയൊരുക്കിയതെന്നു മാഷ് ഓർക്കുന്നു. ജൂൺ പത്തിന് സ്വദേശമായ കോഴിക്കോട്ടേക്ക് മടങ്ങുന്നതോടെ പതിനാറു വർഷത്തെ പ്രവാസ ജീവിതത്തിനു താൽകാലിക വിരാമമാവുകയാണ്. ബിനിതയാണ് ഭാര്യ. മക്കൾ: നന്ദന, നിരഞ്ജന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.