കുവൈത്ത് എയർവേസിന്റെ സലാല സർവിസിന് തുടക്കം
text_fieldsമസ്കത്ത്: വേനൽക്കാല സീസണിന് മുന്നോടിയായി കുവൈത്തിൽനിന്നുള്ള ആദ്യവിമാനം സലാല എയർപോർട്ടിൽ കഴിഞ്ഞദിവസം എത്തി. ഉച്ചക്ക് 2.15ന് എത്തിയ കുവൈത്ത് എയർവേസ് വിമാനത്തെ പരമ്പരാഗത വാട്ടർ സല്യൂട്ടും ദോഫാരി കുന്തിരിക്കത്തിന്റെ സുഗന്ധം പൂശിയും സ്വീകരിച്ചു. സലാലക്കും കുവൈത്തിനുമിടയിൽ ആഴ്ചയിൽ ശനി, ചൊവ്വ ദിവസങ്ങളിൽ രണ്ടു വീതം സർവിസായിരിക്കും കുവൈത്ത് എയർവേസ് നടത്തുക.
സലാല എയർപോർട്ട് എക്സിക്യൂട്ടിവ് വൈസ് പ്രസിഡന്റ് സലീം ബിൻ അവാദ് അൽ യാഫെയ് കുവൈത്ത് എയർവേസ് വിമാനത്തെ സ്വീകരിച്ചു. ഒമാൻ എയർപോർട്ട്, സലാല എയർപോർട്ട്, പൈതൃക, ടൂറിസം മന്ത്രാലയം, റോയൽ ഒമാൻ പൊലീസ്, മസ്കത്തിലെ കുവൈത്ത് എംബസി എന്നിവിടങ്ങളിൽനിന്നുള്ള ഉദ്യോഗസ്ഥരും സംബന്ധിച്ചു.
എല്ലാ സഹപ്രവർത്തകർക്കും അതിന്റെ അനുബന്ധ സ്ഥാപനങ്ങൾക്കും മറ്റും വേണ്ടി സലാല വിമാനത്താവളത്തിൽ കുവൈത്ത് എയർവേസിനെ സ്വാഗതം ചെയ്യുന്നതിൽ സന്തോഷമുണ്ടെന്ന് ഒമാൻ എയർപോർട്ട് സി.ഇ.ഒ ശൈഖ് ഐമാൻ അഹ്മദ് സുൽത്താൻ അൽ ഹുസ്നി പറഞ്ഞു. സലാല എയർപോർട്ടുമായി ഒമാനെയും കുവൈത്തിനെയും ബന്ധിപ്പിക്കുന്ന ഈ പാത സാഹോദര്യ ബന്ധങ്ങളുടെ ഏകീകരണം, വിനോദസഞ്ചാരം, സമ്പദ്വ്യവസ്ഥ, വ്യാപാരവിനിമയം എന്നിവയെ പിന്തുണക്കുന്നതിനപ്പുറം ഉഭയകക്ഷി പങ്കാളിത്തത്തിലെ യഥാർഥ നാഴികക്കല്ലാണെന്ന് അദ്ദേഹം പറഞ്ഞു. ഈ വർഷം സലാലയിലേക്ക് ഗൾഫ് രാജ്യങ്ങളിൽനിന്നടക്കം കൂടുതൽ അളുകൾ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സലാല എയർപോർട്ട് എക്സിക്യൂട്ടിവ് വൈസ് പ്രസിഡന്റ് അലി ബിൻ അവദ് അൽ യാഫെ പറഞ്ഞു.
ലോകമെമ്പാടും തങ്ങളുടെ ശൃംഖല വികസിപ്പിക്കാനുള്ള പദ്ധതിയുടെ ഭാഗമായാണ് സലാലയിലേക്ക് സർവിസ് ആരംഭിച്ചതെന്ന് കുവൈത്ത് എയർവേസിന്റെ സി.ഇ.ഒ മഈൻ റസൂഖി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.