കെ.വൈ.സി അപ്ഡേഷൻ; ലിങ്കിൽ ക്ലിക്കണ്ട, മുട്ടൻ പണിയാണ്...
text_fieldsമസ്കത്ത്: ബാങ്കിങ് വിവരങ്ങൾ പുതുക്കാനെന്നുപറഞ്ഞു ഒമാനിൽ നടക്കുന്ന പുതിയ ഓൺ ലൈൻ ബാങ്കിങ് തട്ടിപ്പിനെതിരെ മുന്നറിയിപ്പുമായി അധികൃതർ. കെ.വൈ.സി വിശദാംശങ്ങൾ അപ്ഡേറ്റു ചെയ്യാൻ അഭ്യർഥിച്ച് ബാങ്കിൽനിന്നാണെന്നു കാണിച്ചാണ് എസ്.എം.എസ്, വാട്സ്ആപ് സന്ദേശങ്ങൾ തട്ടിപ്പു സംഘങ്ങൾ അയക്കുന്നത്. കഴിഞ്ഞദിവസങ്ങളിലായി നിരവധി വിദേശികൾക്കും മറ്റും ഇത്തരത്തിലുള്ള സന്ദേശങ്ങൾ ലഭിക്കുകയുണ്ടായി.
‘പ്രിയപ്പെട്ട കെ.വൈ. സി ഹോൾഡർ, ഞങ്ങളുടെ ബാങ്കിലെ നിങ്ങളുടെ കെ.വൈ.സി രേഖകൾ നിലവിൽ കാലഹരണപ്പെട്ടിരിക്കുകയാണ്. സുഗമമായ ബാങ്കിങ് ഇടപാട് നടത്താൻ നിങ്ങളെ സഹായിക്കുന്നതിനു ചുവടെയുള്ള ലിങ്കിൽ ക്ലിക്ക്ചെയ്ത് അപ്ഡേറ്റ് ചെയ്യണമെന്നറിയിക്കുന്നു’ -ഇതായിരുന്നു സന്ദേശത്തിന്റെ ഉള്ളടക്കം. എന്നാൽ, ലിങ്കിൽ ക്ലിക്ക് ചെയ്യുന്നതോടെ നമ്മുടെ ബാങ്കിങ് വിവരങ്ങൾ തട്ടിപ്പു സംഘത്തിന്റെ കൈവശമെത്താൻ സാധ്യത കൂടുതലാണ്. കെ.വൈ.സി, പിൻ നമ്പർ, ഒ.ടി.പി എന്നിവയും മറ്റും ആവശ്യപ്പെട്ടു ഉപഭോക്താവിനു സന്ദേശങ്ങളും ഇ.മെയിലുകളും അയക്കുന്ന തട്ടിപ്പിനെക്കുറിച്ച് ഒമാനിലെ ബാങ്കുകൾ മുന്നറിയിപ്പു നൽകിയിട്ടുണ്ട്. ബാങ്കിങ് വിശദാംശങ്ങൾ ആരുമായും പങ്കിടരുതെന്നും ഇത്തരത്തിലുള്ള പിൻ, ഒ.ടി.പി, സി.വി.വി, കാർഡ് നമ്പർ എന്നിവ ഫോൺ, എസ്.എം.എസ്, വാട്ട്സ്ആപ്പ്, വെബ് ലിങ്കുവഴി ആവശ്യപ്പെടില്ല എന്നും അധികൃതർ മുന്നറിയിപ്പിൽ പറയുന്നു.
അജ്ഞാത ഇടപാടുകാരണം നിങ്ങളുടെ എ.ടി.എം കാർഡ് േബ്ലാക്ക് ചെയ്യപ്പെട്ടു/ചെയ്യപ്പെടും എന്നു പറഞ്ഞു വാട്സ്ആപ് സന്ദേശം അയച്ചാണ് മറ്റൊരു തട്ടിപ്പ് നടക്കുന്നത്. ഇതുഒഴിവാക്കാനായി സന്ദേശത്തിൽ കാണുന്ന നമ്പറിൽ ബന്ധപ്പെടണമെന്നും പറയുന്നുണ്ട്. ബാങ്കിന്റെ വ്യാജ ലോഗോ ഉപയോഗിച്ചാണ് തട്ടിപ്പ് സംഘം ഇത്തരത്തിൽ സന്ദേശം അയക്കുന്നത്. ഒറ്റനോട്ടതിൽ ബാങ്കിൽനിന്നാണ് സന്ദേശം എന്നു തോന്നിപ്പിക്കുന്നതിനാൽ പലരും ഇത്തരക്കാരുടെ വലയിൽ വീഴുകയും ചെയ്യും.
ഇത്തരം സന്ദേശങ്ങളോട് പ്രതികരിക്കരുതെന്നും നമ്പർ ഉടൻ ബ്ലോക്ക് ചെയ്യുകയും ബാങ്കിനെ ഉടനെ അറിയിക്കുകയുംവേണമെന്ന് അധികൃതർ അറിയിച്ചു. സമാന രീതിയലുള്ള വിവിധ തട്ടിപ്പുകൾക്കെതിരെ റോയൽ ഒമാൻ പൊലീസ് നേരത്തെ മുന്നറിയിപ്പു നൽകിയിരുന്നു. സ്വദേശികൾക്കും വിദേശികൾക്കുമായി നൽകിയ നിർദേശങ്ങളിലാണ് ബാങ്ക് കാർഡിന്റെ വിശദാംശങ്ങൾ, സി.വി.വി കോഡ്, ഒ.ടി.പി എന്നിവ കൈമാറരുതെന്ന് ആർ.ഒ.പി നിർദേശിച്ചിരിക്കുന്നത്.
ഓൺലൈൻ ബാങ്കിങ് മേഖലയിലെ തട്ടിപ്പിനെതിരെ ബോധവത്കരണം ശക്തമാക്കിയതോടെ ഓരോദിവസവും പുതിയ രീതികളാണ് സംഘം ഉപയോഗിക്കുന്നത്. വ്യക്തിഗത ബാങ്ക് അക്കൗണ്ട്, ഡെബിറ്റ്/ ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍, ഒ.ടി.പി (വണ്‍ ടൈം പാസ്വേഡ്) തുടങ്ങിയവ ആവശ്യപ്പെടുന്ന ഫോൺകാളുകളെയും മെസേജുകളെയും കുറിച്ച് ജാഗ്രത തുടരണമെന്നാണ് ബാങ്കിങ് മേഖലയിലുള്ളവർ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.