അവസാന വെള്ളിയും കഴിഞ്ഞു; ഇനി പെരുന്നാൾ തിരക്കിലേക്ക്
text_fieldsമസ്കത്ത്: പുണ്യങ്ങൾ പൂത്തുലഞ്ഞ വിശുദ്ധമാസം വിടപറയുന്നതിന്റെ നോവുമായി വിശ്വാസികൾ ഈ വർഷത്തെ റമദാനിലെ അവസാന വെള്ളിയാഴ്ചയോട് വിട പറഞ്ഞു. ചെറിയ പെരുന്നാൾ സമാഗതമായിരിക്കെ മസ്ജിദുകളിൽ ഇന്നലെ വിടവാങ്ങൽ പ്രതീതിയായിരുന്നു. റമദാനിലെ പിന്നിട്ട ദിനരാത്രങ്ങൾ വിലയിരുത്തണമെന്നും പോരായ്മകളും കുറവുകളും നികത്തി റമദാൻ കുറ്റമറ്റതാക്കാൻ ദൈവത്തോട് കൈയ്യുയർത്തി കേഴണമെന്നും ഇമാമുകൾ ഉദ്ബോധിപ്പിച്ചു. ഏറെ വിലപ്പെട്ട രാപ്പകലുകൾ ഇനിയും ബാക്കിയുണ്ടെന്നും പ്രാർഥന നിറഞ്ഞ മനസ്സോടെ കാത്തിരിക്കണമെന്നും സഹജീവികളെ സ്നേഹിച്ചും ദീനാനുകമ്പ കാണിച്ചും മനുഷ്യത്വം ഊട്ടിയുറപ്പിക്കണമെന്നും ഇമാമുമാർ ഉണർത്തി.
വിട പറയൽ വെള്ളിയാഴ്ച ആയതിനാൽ വിശ്വാസികൾ നേരത്തെ തന്നെ മസ്ജിദുകളിൽ ഇടം പിടിച്ചിരുന്നു. റമദാൻ 25ന്റെ പവിത്രത ഉള്ളതിനാൽ പലരും ഏറെ ഭക്തിയോടെയാണ് മസ്ജിദുകളിലെത്തിയത്. മസ്ജിദുകൾ നേരത്തേ തിങ്ങി നിറഞ്ഞതോടെ പലരും പുറത്താണ് പ്രാർഥന നിർവഹിച്ചത്. ഖുർആൻ പാരായണവും പ്രാർഥനകളുമായി മസ്ജിദുകൾ മുഖരിതമായിരുന്നു. പ്രാർഥന നിർഭരഅന്തരീക്ഷത്തിലാണ് അവസാന വെള്ളിയാഴ്ച കടന്നു പോയത്. ജുമുഅ നമസ്കാരം കഴിഞ്ഞും നിരവധി പേർ പ്രാർഥനയും ഖുർആൻ പാരായണവുമായി മസ്ജിദുകളിൽ തന്നെ തങ്ങി.
റമദാൻ അവസാനത്തിലെത്തിയതോടെ നാടും നഗരവും പെരുന്നാൾ തിരക്കിലേക്ക് നീങ്ങി. റോഡുകളിൽ വൻതിരക്കാണ് അനുഭവപ്പെട്ടത്. റൂവി അടക്കമുള്ള നഗരങ്ങളിലെല്ലാം വൈകുന്നേരത്തോടെ ഗതാഗതക്കുരുക്ക് അനുഭവപ്പെടാൻ തുടങ്ങി. പെരുന്നാൾ അടുത്തതോടെ അക്ഷരാർഥത്തിൽ രാവുണരുകയാണ്. മാളുകളും വ്യാപാരസ്ഥാപനങ്ങളും ഭക്ഷ്യ ശാലകളും രാവറ്റം വരെ വിളക്കണച്ചിരുന്നില്ല. എല്ലാ സ്ഥാപനങ്ങളിലും നല്ല തിരക്കാണ് അനുഭവപ്പെടുന്നത്.വ്യാപാര സ്ഥാപനങ്ങളും മാളുകളും പ്രവർത്തന സമയം ദീർഘിപ്പിച്ചതും നഗരങ്ങളിൽ തിരക്കനുഭവപ്പെടാൻ കാരണമായി. വസ്ത്രങ്ങളും അത്തറുകളും കുട്ടികളുടെ വിഭവങ്ങളും വിൽപന നടത്തുന്ന സ്ഥാപനങ്ങളിലാണ് തിരക്ക് കൂടുതൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.