റമദാൻ അവസാന പത്ത്; മസ്ജിദുകൾ പ്രാർഥന മുഖരിതം
text_fieldsമസ്കത്ത്: വിശുദ്ധ റമദാൻ അവസാന പത്തിലേക്ക് എത്തിയതോടെ മസ്ജിദുകൾ വിശ്വാസികളെ കൊണ്ട് നിറഞ്ഞു. അവസാന പത്തിലെ ആദ്യ വെള്ളിയാഴ്ചയായ ഇന്നലെ മസ്ജിദുകളിൽ വൻ തിരക്കാണ് അനുഭവപ്പെട്ടത്. റമദാൻ അവസാന പത്തിലെ പ്രധാന വെള്ളിയാഴ്ച ആയതിനാൽ വിശ്വാസികൾ നേരത്തേതന്നെ മസ്ജിദുകളിൽ ഇടം പിടിച്ചിരുന്നു.
അടുത്ത വെള്ളിയാഴ്ച റമദാൻ 28 ആയതിനാൽ പൊതുവെ പെരുന്നാൾ തിരക്കിലായിരിക്കും വിശ്വാസികൾ. വെള്ളിയാഴ്ച പ്രാർഥന ആരംഭിക്കുന്നതിന് ഏറെ നേരത്തെ തന്നെ വിശ്വാസികൾ മസ്ജിദുകളിൽ ഇടം ഇടിച്ചിരുന്നു. അവർ നമസ്കാരവും ഖുർആൻ പാരായണവും പ്രാർഥനയുമൊക്കെയായി ദൈവ സാമീപ്യം തേടുകയായിരുന്നു.
അവസാന പത്തിന്റെ പുണ്യം നേടുകയായിരുന്നു വിശ്വാസികളുടെ ലക്ഷ്യം. ഇമാമുമാരുടെ വെള്ളിയാഴ്ച പ്രഭാഷണത്തിൽ വരാനിരിക്കുന്ന ദിനരാത്രങ്ങളുടെ മഹത്തങ്ങളാണ് ഊന്നിപ്പറഞ്ഞത്. ഒരു മനുഷ്യായുസ്സിനെക്കാൾ പുണ്യം നിറഞ്ഞ ലൈലത്തുൽ ഖദ്ർ എന്ന അനുഗ്രഹീത രാത്രിയെ കാത്തിരിക്കുകയും സ്വീകരിക്കുകയും ചെയ്യണമെന്നും ഇമാമുമാർ ഉദ്ബോധിപ്പിച്ചു.
റമദാൻ അവസാന പത്തിൽ എത്തിയതോടെ പല മസ്ജിദുകളിലും പാതിരാ നമസ്കാരങ്ങളും ആരംഭിച്ചു. പാതിരാക്ക് മൂന്നു മണിക്കും മറ്റും ആരംഭിക്കുന്ന സുദീർഘമായ ഈ നമസ്കാരം ഖിയാമുൽലൈൽ എന്നാണ് അറിയപ്പെടുന്നത്. പല മസ്ജിദുകളിലും നടക്കുന്ന ഈ നമസ്കാരത്തിൽ നിരവധി പേർ പങ്കെടുക്കുന്നുണ്ട്. ഏറെ ദീർഘമായ ഈ നമസ്കാരത്തിന് നേതൃത്വം നൽകാൻ പല മസ്ജിദുകളിലും പ്രത്യേകം ഇമാമുമാരെ നിശ്ചയിച്ചിട്ടുണ്ട്.
റമദാൻ അവസാന പത്തിലെത്തിയതോടെ ചില മസ്ജിദുകളിൽ ഭജനമിരിക്കലും ആരംഭിച്ചിട്ടുണ്ട്. അവസാന പത്തിലെ മുഴുവൻ ദിവസവും മസ്ജിദുകളിൽ പ്രാർഥനയും ഖുർആൻ പാരായണവും നമസ്കാരവുമായി കഴിയുന്നവരാണ് പലരും. ഭൗതികതയുടെ എല്ലാ ആഡംബരങ്ങളും മറന്ന് ദൈവത്തിലേക്ക് ലയിക്കുന്ന ദിനരാത്രങ്ങളാണിത്. പെരുന്നാൾ മാസ പ്പിറവി കാണുന്നതോടെയാണ് ഇവർ മസ്ജിദുകൾ വിടുന്നത്.
റമദാൻ അവസാന പത്തിൽ എത്തിയതോടെ ഇഫ്താറുകളും സജീവമാവുന്നുണ്ട്. വ്യാഴം, വെള്ളി, ശനി ദിവസങ്ങളിലാണ് ഏറ്റവും കൂടുതൽ ഇഫ്താറുകൾ നടക്കുന്നത്. മത സാംസ്കാരിക സംഘടനകളാണ് ഇഫ്താർ സംഗമങ്ങൾ സംഘടിപ്പിക്കുന്നത്. സംഘടനകൾ നടത്തുന്ന ഇഫ്താറുകൾ സാധാരണയായി വെള്ളിയാഴ്ചയാണ് നടക്കുന്നത്. പല ഇഫ്താറുകളിലും ആയിരങ്ങൾ പങ്കെടുക്കുന്നുണ്ട്. ഓരോ വിഭവങ്ങളുടെ അവരുടെ നില അനുസരിച്ചാണ് ഇഫ്താറുകൾ സംഘടിപ്പിക്കുന്നത്. ഏറെ ആർഭാഡത്തോടെ സംഘടിപ്പിക്കുന്ന ഇഫ്താറുകളും നിരവധിയാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.