ലോ പോയൻറ്: വിസാ കാലാവധി കഴിഞ്ഞവർക്ക് പിഴയില്ലാതെ രാജ്യം വിടാൻ അവസരം
text_fieldsതാമസ കുടിയേറ്റ നിയമങ്ങൾ ലംഘിച്ച് രാജ്യത്ത് താമസിച്ചുവരുന്ന പ്രവാസികൾക്ക് നിയമം അനുശാസിക്കുന്ന ഫീസും പിഴയും ഒടുക്കാതെ സ്വന്തം രാജ്യത്തേക്ക് തിരിച്ചുപോകുന്നതിനുള്ള അവസരമാണ് ഒമാൻ തൊഴിൽവകുപ്പ് കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരിക്കുന്നത്. വിസാ കാലാവധി കഴിഞ്ഞ പ്രവാസികൾക്ക് നവംബർ 15 മുതൽ ഡിസംബർ 31 വരെയാണ് രാജ്യം വിടാൻ അവസരം ലഭിക്കുക.
കോവിഡ് -19 മാനദണ്ഡങ്ങൾ പാലിച്ചാണ് സർക്കാർ പ്രഖ്യാപനം നടപ്പിൽവരുകയെന്നതിനാൽ പതിവിൽ നിന്നും കൂടുതലായി ചില കാര്യങ്ങൾ കൂടി ശ്രദ്ധിക്കേണ്ടതായിട്ടുണ്ട്. പ്രവാസികൾക്കും അവരുടെ തൊഴിലുടമകൾക്കും ഈ അവസരം ഉപയോഗിക്കാമെന്ന് മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. പൊതുമാപ്പിന് സമാനമാണ് സർക്കാറിെൻറ പ്രഖ്യാപനമെന്ന് വിലയിരുത്തപ്പെടുന്നു.
നാട്ടിലേക്ക് മടങ്ങുന്നവർക്കായുള്ള രജിസ്ട്രേഷൻ നടപടികൾക്കായി നവംബർ 15ന് വെബ്സൈറ്റ് തുറക്കും. സനദ് സെൻററുകൾ വഴി വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യാം. ഇവർക്ക് എട്ടുമുതൽ പത്തു ദിവസത്തിനകം അനുമതി ലഭിക്കുകയും ചെയ്യും. ഇങ്ങനെ അനുമതി ലഭിച്ച പാസ്പോർട്ട് കൈവശമുള്ളവർ കോവിഡ് -19 മാനദണ്ഡം അനുസരിച്ചുള്ള പരിശോധന നടത്തി ലഭിച്ച കോവിഡ് നെഗറ്റിവ് റിസൽട്ട് കൈവശം കരുതേണ്ടതാണ്. പാസ്പോർട്ട് കൈവശം ഇല്ലാത്തവർ എമർജൻസി സർട്ടിഫിക്കറ്റ് (ഔട്ട് പാസ്) ലഭിക്കുന്നതിനായി എംബസിയെ സമീപിക്കണം.
നാലുമുതൽ ഏഴു ദിവസത്തിനകം എംബസി ഒൗട്ട്പാസ് നൽകുന്നതാണ്. തുടർന്ന് രജിസ്ട്രേഷൻ നടത്തി അനുമതി കിട്ടുന്ന മുറക്ക് യാത്രാരേഖകൾ, കോവിഡ് നെഗറ്റിവ് ടെസ്റ്റ് റിസൽട്ട്, എയർ ടിക്കറ്റ് എന്നിവയുമായി മസ്കത്ത് വിമാനത്താവളത്തിലെ ലേബർ ഓഫിസ് സന്ദർശിച്ച് പുറപ്പെടൽ നടപടിക്രമങ്ങൾ പൂർത്തീകരിക്കേണ്ടതാണ്.
രജിസ്ട്രേഷൻ നടത്തുന്ന തൊഴിലാളികളുടെ വിവരം വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. തൊഴിലുടമകൾ ഇത് പരിശോധിച്ച് ഇവരുമായി എന്തെങ്കിലും ക്ലെയിമുകളോ പരാതികളോ നിലനിൽക്കുന്നുണ്ടെങ്കിൽ ഒരാഴ്ചക്കകം തൊഴിൽ മന്ത്രാലയത്തെ സമീപിക്കണം. ഒരാഴ്ചക്കുള്ളിൽ അത്തരം രേഖകൾ ഹാജരാക്കിയില്ലെങ്കിൽ തൊഴിലാളിക്ക് അനുമതി ലഭിക്കും.
എയർ ബബിൾ കരാർ പുതുക്കപ്പെട്ടതിനാൽ നിലവിൽ ദേശീയ വിമാന കമ്പനികൾ മാത്രമാണ് ഇരു രാജ്യങ്ങൾക്കുമിടയിൽ സർവീസ് നടത്തുന്നത്. അതിനാൽ സീറ്റുകൾ വളരെ പരിമിതമാണ്. ഇത്തരം സാഹചര്യത്തിൽ ഡിസംബർ 31നകം രജിസ്റ്റർ ചെയ്ത എല്ലാവർക്കും 31 കഴിഞ്ഞാലും മടങ്ങാൻ അവസരം ഏർപ്പെടുത്തുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.
ഇന്ത്യൻ എംബസി പൊതുമാപ്പുമായി ബന്ധപ്പെട്ടു പരമാവധി സേവനം ഉറപ്പു വരുത്തുന്നതിനായുള്ള നടപടികൾ സ്വീകരിച്ചുവരുകയാണ്. കൂടുതൽ വിവരങ്ങൾ തുടർ ദിവസങ്ങളിൽ നമുക്ക് അറിയുവാൻ കഴിയും. നിലവിൽ രാജ്യത്ത് കുറ്റകൃത്യങ്ങളിൽ പ്രതിയായിട്ടുള്ളവർക്കും യാത്രാവിലക്കുള്ളവർക്കും പൊതുമാപ്പിെൻറ ആനുകൂല്യം ലഭ്യമാകുന്നതല്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.