റോഡപകടങ്ങൾ കുറയുന്നു
text_fieldsമസ്കത്ത്: രാജ്യത്ത് റോഡപകടങ്ങൾ കുറയുന്നതായി റിപ്പോർട്ട്. ഈ വർഷത്തിന്റെ ആദ്യ പകുതിയിൽ 37,000 ട്രാഫിക് അപകടങ്ങൾ റിപ്പോർട്ട് ചെയ്തത്.
ഇതിൽ 7,763 ഗുരുതരവും 29,600 ചെറിയ അപകടങ്ങളും ഉൾപ്പെടും. 2022ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് 1.7 ശതമാനം ഇടിവാണ് റോഡപകടങ്ങളിൽ ഉണ്ടായിരിക്കുന്നത്. ക്യാപിറ്റൽ മാർക്കറ്റ് അതോറിറ്റി (സി.എം.എ) പുറത്തിറക്കിയ കണക്കുകളിലാണ് ഇക്കാര്യം പറയുന്നത്. 2022ന്റെ ആദ്യ പകുതിയിൽ നഷ്ടപരിഹാര തുകയായി 13.9 ദശലക്ഷം റിയാലാണ് നൽകിയിരുന്നതെങ്കിൽ ഈ വർഷമിത് 11.7 ദശലക്ഷത്തിലെത്തി. കഴിഞ്ഞ വർഷത്തെ 44,000 ക്ലെയിമുകളാണുണ്ടായിരുന്നതെങ്കിൽ ഈ വർഷമിത് ഏകദേശം 41,000 ആയി. ചെറിയ അപകടങ്ങളുമായി ബന്ധപ്പെട്ട് 30,000 ക്ലെയിമുകളാണ് ഉണ്ടായിട്ടുള്ളത്.
ഇതിനായി 5.7 ദശലക്ഷം റിയാൽ നൽകുകയും ചെയ്തതായി സി.എം.എ പറഞ്ഞു. ഇത് മുൻവർഷവുമായി താരതമ്യം ചെയ്യുമ്പോൾ 19 ശതമാനത്തിന്റെ കുറവാണുണ്ടായിരിക്കുന്നത്.
ഗുരുതരമായ അപകടങ്ങളുമായി ബന്ധപ്പെട്ട് ഏകദേശം 5,000 ക്ലെയിമുകളും ഉണ്ടായി. നഷ്ടപരിഹാരമായി 3.7 ദശലക്ഷം റിയാൽ നൽകി. ഗുരുതരമായ പരിക്കുകൾക്കും ചികിത്സാചെലവുകൾക്കുമായി ബന്ധപ്പെട്ട ക്ലെയിമുകൾ മുൻവർഷത്തെ അപേക്ഷിച്ച് അഞ്ച് ശതമാനം കുറഞ്ഞ് 5,600ലെത്തി.
രണ്ട് ദശലക്ഷത്തിലധികം റിയാൽ നഷ്ടപരിഹാരം വരുമിത്. മരണത്തിനിടയാക്കിയ ഗുരുതരമായ അപകടങ്ങൾക്കുള്ള നഷ്ടപരിഹാരത്തിന്റെ മൂല്യം ഏകദേശം 275,000 റിയാലാണ്. ഇതുമായി ബന്ധപ്പെട്ട് 191 ക്ലെയിമുകൾ ലഭിച്ചു. കഴിഞ്ഞ വർഷത്തിന്റെ ആദ്യപകുതിയുമായി താരതമ്യം ചെയ്യുമ്പോൾ ഈ വർഷം 18 ശതമാനം വർധനയാണുണ്ടായിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.