ക്യാമ്പ് ഒരുക്കാം, പ്രകൃതിയെ കൂട്ടുപിടിച്ച്...
text_fields
പാർക്കുകളിൽ മാലിന്യം വലിച്ചെറിഞ്ഞ നിലയിൽ
മസ്കത്ത്: രാജ്യത്ത് ശൈത്യകാലം തുടങ്ങിയതോടെ വിവിധ ഗവർണറേറ്റുകളിലെ പർവത-മരുഭൂമി പ്രദേശങ്ങളിൽ ക്യാമ്പിങ് സജീവമായി. സ്വദേശികളും വിദേശികളുമടക്കം നിരവധി ആളുകളാണ് ക്യാമ്പിങ്ങിനായി ദിനേന ജബൽ അഖ്ദർ അടക്കമുള്ള പ്രദേശങ്ങളിൽ എത്തിക്കൊണ്ടിരിക്കുന്നത്. അതേസമയം, പലരും അധികൃതർ നിർദേശിച്ച ചട്ടങ്ങളും നിയമങ്ങളും കാറ്റിൽ പറത്തിയാണ് ക്യാമ്പിങ് നടത്തുന്നത്.
പൊതു ഇടങ്ങളിലും ടൂറിസ്റ്റ് സ്ഥലങ്ങളിലും പലരും അലക്ഷ്യമായി മാലിന്യം വലിച്ചെറിയുകയാണ്. പ്രകൃതി സൗന്ദര്യത്തിന് കോട്ടം തട്ടുന്നതാണ് ഈ പ്രവൃത്തികൾ. രാജ്യത്തെ പരിസ്ഥിതിയെയും വന്യജീവികളെയും സംരക്ഷിക്കാൻ ലക്ഷ്യമിട്ട് ക്യാമ്പിങ് സീസണിലെ ലംഘനങ്ങൾ കുറക്കാൻ ബോധവൽക്കരണം ആവശ്യമാണെന്നാണ് പലരും പറയുന്നത്. പ്രകൃതിദത്തമായ മരുഭൂമികളിൽ, പ്രത്യേകിച്ച് ക്യാമ്പിങ് സൈറ്റുകളിൽ ഭക്ഷണത്തിന്റെ അവശിഷ്ടങ്ങൾ, കടലാസ്, പ്ലാസ്റ്റിക് മാലിന്യങ്ങൾ എന്നിവ ഉപേക്ഷിക്കുന്നത് പ്രകൃതിക്ക് വലിയ കോട്ടങ്ങളുണ്ടാക്കുമെന്ന് പ്രകൃതി സ്നേഹിയായ മുസ്തഫ അൽ മമാരി പറയുന്നു.
വന്യജീവികൾക്കും സസ്യജാലങ്ങൾക്കും ഒരുപോലെ ഹാനികരമായതിനാൽ പ്ലാസ്റ്റിക് സഞ്ചികൾ വലിയ ഭീഷണി ഉയർത്തുണ്ട്. ചില വ്യക്തികൾ ഉപേക്ഷിക്കുന്ന മാലിന്യങ്ങൾ ദുർഗന്ധം പുറപ്പെടുവിക്കുന്നതിനു പുറമേ, പ്രകൃതി സൗന്ദര്യം ആസ്വാദിക്കാനെത്തുന്നവരെ തടയുകയും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. മാലിന്യങ്ങൾ മണ്ണിനും ദോഷകരമായ ഫലങ്ങളാണ് ഉണ്ടാക്കുന്നത്. പലതും കാലങ്ങളോളം എടുക്കും മണ്ണിൽ ലയിച്ചു ചേരാൻ. ഇത് മണ്ണിന്റെ ഫലഭൂയിഷ്ടത ഇല്ലാതാക്കുകയും പ്രകൃതിയുടെ ആവാസവ്യവസ്ഥയെ തടസ്സപ്പെടുത്തുകയും ചെയ്യും.
മരുഭൂമിയിലും മറ്റും മാലിന്യം വലിച്ചെറിയുന്നതിന്റെ അപകടസാധ്യതകളെക്കുറിച്ച് ശൈത്യകാലത്തിന്റെ തുടക്കത്തിൽ ബോധവത്ക്കരണ ക്യാമ്പുകൾ നടത്താനും വിവരങ്ങൾ പ്രചരിപ്പിക്കുന്നതിനും സമൂഹ മാധ്യമ പ്ലാറ്റ്ഫോമുകൾ ഉപയോഗിക്കണമെന്നും അൽ മമാരി നിർദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.