മത്ര സൂഖ് സജീവമായി; വ്യാപാരികൾക്ക് ആശ്വാസത്തിെൻറ നെടുവീർപ്പ്
text_fieldsമത്ര: മത്ര സൂഖ് സജീവമായിത്തുടങ്ങിയതോടെ ആശ്വാസത്തിെൻറ നെടുവീർപ്പിൽ വ്യാപാരികൾ. ലോക്ഡൗണ്‍ മൂലം അഞ്ചുമാസം അടഞ്ഞുകിടന്ന സൂഖ് കോവിഡാനന്തരം തുറന്നാല്‍ എന്താകും സ്ഥിതി എന്ന് ആശങ്കപ്പെട്ടവര്‍ ഏറെയായിരുന്നു. മത്രയില്‍ കോവിഡ് വ്യാപകമായി ഉണ്ടെന്ന് പേടിച്ച് ആളുകൾ വരാതിരിക്കുമോ, ദീർഘകാലം അടഞ്ഞു കിടന്നതിനാല്‍ ഇടപാടുകാരൊക്കെ മറ്റ് മാർക്കറ്റുകള്‍ തേടിപ്പോയോ എന്നൊക്കെ ചിന്തിച്ച് ആകുലതകള്‍ നിറഞ്ഞ മനസ്സുമായാണ് വ്യാപാരി സമൂഹം കഴിഞ്ഞ ചൊവ്വാഴ്ച സ്ഥാപനങ്ങളുടെ ഷട്ടര്‍ പൊക്കിയത്.
എന്നാല്‍, ഇത്തരത്തിലെ എല്ലാ ചിന്തകളെയും അസ്ഥാനത്താക്കുന്ന കാഴ്ചകളായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ. കനത്ത ചൂടായിട്ടു പോലും വിദൂരങ്ങളില്‍ നിന്നുപോലും സ്വദേശി സമൂഹം സൂഖ് കാണാനായി എത്തി. അഞ്ചു മാസമായി സൂഖില്‍ വരാൻ സാധിക്കാത്തതിലുള്ള കടം വീട്ടും പോലെ അവർ സൂഖിലൂടെ നടന്ന് കണ്ണും മനസ്സും നിറച്ചു. മാസാവസാനമായതിനാല്‍ അവരില്‍ പലര്‍ക്കും പര്‍ച്ചേസിന് വേണ്ട പൈസ ഉണ്ടായിരുന്നില്ല. പലരും സാലറി കിട്ടിയാൽ വീണ്ടും വരാമെന്ന് പറഞ്ഞ് മടങ്ങുകയായിരുന്നു. വന്ന സ്ഥിതിക്ക് ഒന്നും വാങ്ങാതെ പോകരുതെന്ന് കരുതി ഉള്ള പൈസക്ക് സാധനങ്ങൾ വാങ്ങിയവരും കൂട്ടത്തിലുണ്ട്. വരും ദിനങ്ങളില്‍ കൂടുതൽ പേർ സൂഖിലേക്ക് എത്തിച്ചേരുമെന്നുതന്നെയാണ് കണക്കു കൂട്ടുന്നത്.
കടന്നുവന്നവരൊക്കെ ആദ്യം കോവിഡ് വിശേഷങ്ങള്‍ ചോദിച്ചറിഞ്ഞു. അഞ്ചുമാസം എങ്ങനെ കഴിഞ്ഞു കൂടി, ഭക്ഷണത്തിനും മറ്റും ബുദ്ധിമുട്ടായോ കോവിഡ് പോസിറ്റിവായോ തുടങ്ങിയ ക്ഷേമാന്വേഷണങ്ങൾ ആരാഞ്ഞവരാണ് കൂടുതലും. ഭയപ്പെട്ട പോലുള്ള അവസ്ഥകളൊന്നും ഉണ്ടായില്ലെന്നും ഒരുവിധം മോശമില്ലാത്ത തരത്തില്‍ കച്ചവടം നടക്കുന്നതായും മത്രയിലെ വ്യാപാരിയായ മുഹമ്മദ് അലി പൊന്നാനി പറഞ്ഞു. മത്ര സൂഖ് തുറന്നതോടെ ടെയ്ലറിങ് മേഖലക്കും ഉണർവ് വന്നായി മത്രയിൽ ജെൻറ്സ് ടെയ്ലറിങ് ഷോപ്പ് നടത്തുന്ന പ്രകാശന് കണ്ണൂര്‍ പറയുന്നു. സ്കൂൾ യൂനിഫോം തയ്പ്പിക്കാനായി ആളുകൾ വന്നുതുടങ്ങിയതായി സിബ്ല മത്രയിലെ ടെയ്ലറിങ് ഷോപ്പുള്ള രഘു കൊടുങ്ങല്ലൂർ അറിയിച്ചു.
ടൂറിസം മേഖല കൂടി ആരംഭിച്ചാല്‍ മാത്രമേ പോര്ബമ്പ ഉണരുകയുള്ളൂ എന്ന് ടൂറിസം മേഖലയിൽ കച്ചവടം നടത്തുന്നവര്‍ അഭിപ്രായപ്പെട്ടു. ടൂറിസം മേഖല സാധാരണ നിലയിലേക്കെത്താന്‍ സമയം ഇനിയും പിടിക്കുമെന്ന് കരകൗശല വസ്തുക്കളുടെ ഷോപ്പ് ഉടമ നവാസ് ചെങ്കള പറഞ്ഞു. നവംബറിലാണ് പുതിയ സീസണ് ആരംഭിക്കുക. ഇപ്പോൾതന്നെ അത്യാവശ്യം ആഭ്യന്തര ടൂറിസ്റ്റുകളും, ഒമാനില്‍ സ്ഥിര താമസമുള്ള വിദേശികളും വരുന്നുണ്ട്. ക്രൂയിസ് കപ്പലുകളില്‍ വരുന്നവരെ ആശ്രയിച്ചുള്ള കച്ചവടത്തിന് സമയം പിടിക്കും. വിമാന ഗതാഗതം സാധാരണ നിലയിലായാല്‍ സഞ്ചാരികൾ എത്തിച്ചേരുമെന്നുതന്നെയാണ് കരുതുന്നതെന്നും നവാസ് പറഞ്ഞു. കോവിഡ് ഈ മേഖലയെ കാര്യമായി ബാധിച്ചിട്ടില്ല. കാരണം ഓഫ് സീസണിലാണ് കോവിഡ് താണ്ഡവമാടിയത്. വാരാന്ത്യ അവധി ദിനം കൂടി ആയതിനാല്‍ നീണ്ട വാഹനവ്യൂഹവും ഗതാഗതക്കുരുക്കും അനുഭവപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.