ഒമാനിലെ മത്രയിൽ ലോക്ഡൗൺ ശനിയാഴ്ച മുതൽ ഭാഗികമായി നീക്കും
text_fieldsമസ്കത്ത്: മത്ര വിലായത്തിലെ ഭൂരിഭാഗം സ്ഥലങ്ങളിലെയും ലോക്ഡൗൺ ജൂൺ ആറ് ശനിയാഴ്ച മുതൽ നീക്കുമെന്ന് ആരോഗ്യ മന്ത്രി ഡോ. അഹമ്മദ് അൽ സഇൗദി വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഇൗ പ്രദേശങ്ങളിലെ സ്വദേശികളും വിദേശികളും ഹെൽത്ത് െഎസോലേഷൻ നടപടിക്രമങ്ങൾ പാലിച്ചതിനാൽ രോഗപകർച്ച കുറഞ്ഞിട്ടുണ്ട്.
അതേസമയം ഹമരിയ, പഴയ മത്ര സൂഖ് പരിസരം എന്നിവിടങ്ങളിലെ ഹെൽത്ത് െഎസോലേഷൻ നടപടി തുടരും. മത്രയിൽ നിന്നുള്ള ടാക്സി സർവിസുകളും അനുവദിക്കില്ല. മത്രക്ക് പുറമെ വാദികബീർ വ്യവസായ മേഖലയിലെയും ബിസിനസ് സ്ഥാപനങ്ങളും അടഞ്ഞുതന്നെ കിടക്കും. വ്യാഴാഴ്ച 778 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ 513 പേരും പ്രവാസികളാണ്.
ഇതോടെ രാജ്യത്തെ മൊത്തം കോവിഡ് രോഗികളുടെ എണ്ണം 14,316 ആയി. രോഗം ഭേദമായവരുടെ എണ്ണം 3154 ആയി ഉയർന്നു. 67 പേരാണ് ഇതുവരെ മരിച്ചത്. 226 പേരാണ് നിലവിൽ ആശുപത്രികളിൽ ചികിൽസയിലുള്ളത്. ഇതിൽ 58 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്.
മഹാമാരി റിപ്പോർട്ട് ചെയ്തത് മുതൽ ഇതുവരെ 799 പേരെയാണ് ആശുപത്രികളിൽ പ്രേവശിപ്പിച്ചത്. ഇതിൽ 120 പേരെ തീവ്ര പരിചരണ വിഭാഗത്തിലാണ് പ്രവേശിപ്പിച്ചത്. ഒമാനിലെ മൊത്തം കോവിഡ് കേസുകളിൽ ഒരു ശതമാനം ആളുകളെ മാത്രമാണ് ആശുപത്രികളിൽ പ്രവേശിപ്പിച്ചിട്ടുള്ളൂ. കൂടുതൽ പരിശോധനകൾ നടക്കുന്നതിനാലാണ് കൂടുതൽ രോഗബാധ റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ഇതോടൊപ്പം റമദാെൻറ അവസാന രണ്ട് ആഴ്ചകളിലും ചിലർ സാമൂഹിക അകലം പാലിക്കാതിരുന്നതും രോഗ വ്യാപനത്തിന് വഴിയൊരുക്കി.
ഒമാനിലെ വിദേശികൾക്ക് കോവിഡ് ചികിത്സയും പരിശോധനയും പൂർണമായി സൗജന്യമായിരിക്കും. ആരും ഒരു റിയാൽ പോലും നൽകേണ്ടിവരില്ല. എല്ലാ ചെലവും സ്പോൺസർമാർ, സർക്കാർ, ഇൻഷൂറൻസ് കമ്പനികൾ എന്നിവ മുഖേന നൽകുമെന്നും ആരോഗ്യ മന്ത്രി പറഞ്ഞു. രോഗ വ്യാപനത്തിെൻറ വേഗത കുറഞ്ഞിട്ടുണ്ട്. മുൻകരുതൽ നടപടി പാലിക്കുന്നതിൽ ജനങ്ങൾക്കുള്ള പ്രതിബദ്ധതയാണ് ഇതിന് കാരണം.
കോവിഡ് രോഗാണു പേപ്പർ പ്രസിദ്ധീകരണങ്ങളിലൂടെ പടരില്ലെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നതെന്ന് ആരോഗ്യ മന്ത്രാലയത്തിലെ ഡിസീസ് സർവൈലൻസ് ആൻഡ് കൺട്രോൾ വിഭാഗം ഡയറക്ടർ ജനറൽ ഡോ. സൈഫ് അൽ അബ്രി പറഞ്ഞു. അതിനാൽ ഇൗ വിഷയത്തിൽ ചില നിർദേശങ്ങൾ സുപ്രീം കമ്മിറ്റിക്ക് സമർപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ന്യൂസ്പേപ്പറുകൾ പ്രസിദ്ധീകരണം പുനരാരംഭിക്കുന്നത് സംബന്ധിച്ച തീരുമാനം അടുത്തയാഴ്ചയോടെ കൈകൊള്ളുമെന്ന് ആരോഗ്യ മന്ത്രിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.