ഒമാനിൽ ഹമരിയ, വാദി കബീർ മേഖലകൾ ഞായറാഴ്ച മുതൽ തുറക്കും
text_fieldsമസ്കത്ത്: വാദി കബീർ വ്യവസായ മേഖല, ഹമരിയ എന്നിവിടങ്ങളിൽ ലോക്ഡൗണിെൻറ ഭാഗമായി ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ഞായറാഴ്ച മുതൽ നീക്കം ചെയ്യും. സുപ്രീം കമ്മിറ്റി തീരുമാന പ്രകാരമാണ് നടപടി.
കഴിഞ്ഞ ആറിന് റൂവി, ദാർസൈത്ത് അടക്കം മേഖലകളിലെ ലോക്ഡൗൺ നീക്കിയിരുന്നെങ്കിലും ഉയർന്ന കോവിഡ് രോഗപകർച്ച കണക്കിലെടുത്ത് ഇൗ മേഖലകളിലെ നിയന്ത്രണങ്ങൾ തുടരുകയായിരുന്നു. ജനങ്ങൾക്ക് അത്യാവശ്യ കാര്യങ്ങൾക്ക് മാത്രമാണ് പുറത്തിറങ്ങാൻ അനുമതിയുണ്ടായിരുന്നത്. നിയന്ത്രണങ്ങൾ നീങ്ങുന്നതോടെ പ്രദേശത്ത് ഞായറാഴ്ച മുതൽ ജനജീവിതം സാധാരണ നിലയിലാകും.
ഞായറാഴ്ച മുതൽ ഇവിടെ കടകൾ തുറക്കാൻ അനുമതിയുണ്ടാകും. ജനങ്ങളുടെ സുരക്ഷ മുൻനിർത്തി സുപ്രീം കമ്മിറ്റി നിർദേശപ്രകാരമുള്ള മുൻകരുതൽ നടപടികളോടെയാകും കടകൾ തുറന്നുപ്രവർത്തിക്കുക. നിയന്ത്രണങ്ങൾ നീക്കുന്നതിന് മുന്നോടിയായി ഹമരിയയിലെ ഏക കോവിഡ് പരിശോധന കേന്ദ്രത്തിെൻറ പ്രവർത്തനം അവസാനിപ്പിച്ചു. മത്ര, വാദി കബീർ മേഖലകളിലെ ചില പരിശോധന കേന്ദ്രങ്ങളുടെ പ്രവർത്തനവും അവസാനിപ്പിച്ചിട്ടുണ്ട്.
നിയന്ത്രണങ്ങൾ നീക്കുന്നത് കോവിഡ് ഭീതിയൊഴിഞ്ഞുവെന്നതിെൻറ അർഥമല്ലെന്ന് ആരോഗ്യ വകുപ്പ് പ്രതിനിധികളും മസ്കത്ത് നഗരസഭ പ്രതിനിധികളും പറഞ്ഞു. ഉയർന്ന രോഗപകർച്ച കണക്കിലെടുത്താണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. ജനങ്ങൾ വൈറസിനെതിരെ ജാഗ്രത പുലർത്തണം.
തുറന്നുപ്രവർത്തിക്കാൻ അനുമതിയുള്ള വ്യാപാര സ്ഥാപനങ്ങൾ ആരോഗ്യ സുരക്ഷ മുൻകരുതൽ നടപടികൾ പാലിക്കണം. അല്ലാത്തപക്ഷം പിഴയും ലൈസൻസ് റദ്ദാക്കലുമടക്കം ശിക്ഷാനടപടി നേരിടേണ്ടിവരും. ജീവനക്കാരുടെയും ഉപഭോക്താക്കളുടെയും ശരീര താപനില പരിശോധിച്ച ശേഷം മാത്രമാണ് അകേത്തക്ക് പ്രവേശനം അനുവദിക്കാൻ പാടുള്ളൂ. രോഗലക്ഷണങ്ങളുള്ളവർക്ക് പ്രവേശനം അനുവദിക്കരുത്.
ജീവനക്കാർ തമ്മിൽ പരസ്പരം ആലിംഗനം ചെയ്യുകയോ ഹസ്തദാനം നൽകുകയോ ചെയ്യരുത്. സുരക്ഷാ ഉപകരണങ്ങൾ ധരിക്കണം. ഇതോടൊപ്പം കൈകൾ ഇടക്കിടെ സോപ്പും വെള്ളവും ഉപയോഗിച്ചോ സാനിറ്റൈസർ ഉപയോഗിച്ചോ വൃത്തിയാക്കുകയും വേണം. ജീവനക്കാരും ഉപഭോക്താക്കളും തമ്മിൽ കുറഞ്ഞത് രണ്ട് മീറ്റർ സാമൂഹിക അകലം ഉറപ്പാക്കുകയും വേണം.
ഏതൊക്കെ വ്യാപാര സ്ഥാപനങ്ങൾക്ക് പ്രവർത്തനാനുമതി നൽകണമെന്ന കാര്യം മസ്കത്ത് നഗരസഭയാണ് തീരുമാനിക്കുക. വൈകുന്നേരം ആറു മണിക്ക് കടകൾ അടക്കണം. വാരാന്ത്യങ്ങളിൽ അടച്ചിടുകയും വേണം. മത്ര സൂഖ് തുറക്കുന്ന കാര്യത്തിൽ ഇതുവരെ തീരുമാനം ആയിട്ടുമില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.