ലോക്ഡൗൺ ഇളവ്: സ്വാഗതം ചെയ്ത് വ്യാപാര മേഖല
text_fieldsമസ്കത്ത്: ഒമാനിലെ ലോക്ഡൗൺ സമയം രാത്രി പത്തു മുതൽ പുലർച്ചെ നാലു വരെയാക്കി ചുരുക്കിക്കൊണ്ടുള്ള സുപ്രീം കമ്മിറ്റി തീരുമാനം സ്വാഗതം ചെയ്ത് വ്യാപാര മേഖല. സമ്പൂർണ ലോക്ഡൗണും രാത്രി ലോക്ഡൗണും ഏറെ പ്രതികൂലമായി ബാധിച്ച ഹോട്ടൽ മേഖലയും പുതിയ തീരുമാനത്തിൽ ഏറെ സന്തുഷ്ടരാണ്. മുരടിച്ചു പോയ ഹോട്ടൽ മേഖലക്ക് പുതുജീവൻ വെക്കുമെന്ന പ്രതീക്ഷയിലാണ് ഇൗ മേഖലയിലുള്ളവർ.
പുതിയ സമയക്രമം നല്ലതാണെന്നും ഇത് തുടർന്നു പോകണമെന്നുമുള്ള ആഗ്രഹവുമാണ് പല വ്യാപാരികളും പങ്കുവെച്ചത്. ഇത്രയേറെ ഇളവ് കിട്ടുമെന്ന് പ്രതീക്ഷിച്ചില്ലെന്നും ചില വ്യാപാരികൾ പറയുന്നു. ഇളവിെൻറ ആദ്യ ദിവസമായതിനാൽ വ്യാഴാഴ്ച രാത്രി ആളുകൾ വല്ലാതെ പുറത്തിറങ്ങിയിരുന്നില്ല. രാത്രി പുറത്തിറങ്ങാൻ അനുവാദം ലഭിച്ചതിൽ പ്രവാസികളും ഏറെ സന്തുഷ്ടരാണ്. പുതിയ ഇളവ് രാത്രി ഷോപ്പിങ്ങിനും വ്യായാമങ്ങൾക്കും അനുഗുണമാവുമെന്നാണ് പ്രവാസികൾ പറയുന്നത്.
സുപ്രീംകമ്മിറ്റിയുടെ ലോക്ഡൗൺ ഇളവിനെ സ്വാഗതം ചെയ്യുന്നതായി നെസ്റ്റോ ഹൈപർമാർക്കറ്റ് മാനേജിങ് ഡയറക്ടർ ഹാരിസ് പാലോള്ളതിൽ പ്രതികരിച്ചു. വ്യാപാര മേഖലക്ക് ഇത് ഏറ്റവും പറ്റിയ സമയക്രമമാണ്. പുതിയ സമയക്രമം വ്യാപാര മേഖലക്ക് ഉണർവുണ്ടാക്കുമെന്നും കുടുംബങ്ങൾ പുറത്തിറങ്ങുന്നതോടെ വ്യാപാരമേഖല മെച്ചപ്പെടുമെന്നുമാണ് പ്രതീക്ഷയെന്നും ഹാരിസ് പറഞ്ഞു. നേരത്തെ ഉണ്ടായിരുന്ന അഞ്ചു മണി ലോക്ഡൗൺ വ്യാപാരത്തെ ഏറെ പ്രതികൂലമായി ബാധിച്ചിരുന്നു. വൈകീട്ട് നാേലാടെ സ്ഥാപനങ്ങൾ അടക്കേണ്ടി വന്നിരുന്നതിനാൽ അത്യാവശ്യക്കാർ മാത്രമാണ് വ്യാപാര സ്ഥാപനങ്ങളിൽ എത്തിയിരുന്നത്.
ജോലി സമയമായിരുന്നതിനാൽ പൊതുജനങ്ങൾക്ക് വ്യാപാരസ്ഥാപനങ്ങളിൽ വരാൻ കഴിഞ്ഞിരുന്നില്ല. കുടുംബങ്ങൾ തീരെ എത്തിയിരുന്നില്ല. ഇതുമൂലം വ്യാപാരം 40 ശതമാനമായി കുറഞ്ഞതായും ഹാരിസ് പറഞ്ഞു. ഹൈപർമാർക്കറ്റിലെ ഹോട്ട് ഫുഡ് വിഭാഗത്തെ സായാഹ്ന ലോക് ഡൗൺ പ്രതികൂലമായി ബാധിച്ചിരുന്നു. ഈ വിഭാഗത്തിൽ 30 ശതമാനം ഇടിവാണുണ്ടായത്. ഡിന്നർ ഭക്ഷ്യ ഇനങ്ങൾ തന്നെ നിലച്ചുപോയതായും അദ്ദേഹം പറഞ്ഞു.
പുതിയ ഇളവിൽ ഏറെ സന്തോഷിക്കുന്നതായി റുവിയിലെ അൽഫൈലാക് മാനേജിങ് ഡയറക്ടർ കെ.കെ. അബ്ദുൽ റഹീം പറഞ്ഞു. അഞ്ചു മണി ലോക്ഡൗൺ ഏറെ പ്രതികൂലമായി ബാധിച്ചത് ചെറുകിട ഹോട്ടലുകളെയാണ്. ഹോട്ടലുകളിൽ പകുതിയിൽ കൂടുതൽ വ്യാപാരം നടക്കുന്നത് അഞ്ചിനു േശഷമാണ്. തങ്ങളുടെ രണ്ട് സ്ഥാപനങ്ങളിലും ഷവർമ നല്ല രീതിയിൽ വിൽപന നടന്നിരുന്നു. അഞ്ചു മണി ലോക്ഡൗൺ കാരണം നാലര മണിക്കേ േഹാട്ടൽ അടക്കേണ്ടി വന്നതിനാൽ ഷവർമ വ്യാപാരം വല്ലാതെ കുറഞ്ഞിരുന്നു. ഇതുമൂലം ഒരു ഹോട്ടലിൽ ഷവർമ ഒഴിവാക്കേണ്ടതായും വന്നു. നിലവിലെ ഇളവ് ഏറെ സൗകര്യ പ്രദമാണെന്നും ഇത്ര നല്ല ഇളവുണ്ടാകുമെന്ന് പ്രതീക്ഷിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രതിസന്ധിയിലായിരുന്ന ചെറുകിട വസ്ത്രവ്യാപാരമടക്കം മേഖലകളെ ലോക്ഡൗൺ നിയന്ത്രണങ്ങൾ കൂടുതൽ ദോഷകരമായി ബാധിച്ചതായി റൂവിയിലെ വസ്ത്രവ്യാപാരിയായ വടകര, വില്ല്യാപ്പള്ളി സ്വദേശി ഹരിദാസൻ പറഞ്ഞു. ലോക്ഡൗൺ ഇളവിെൻറ പ്രയോജനം ലഭിച്ചുതുടങ്ങിയിട്ടില്ല. നിരവധി പ്രവാസികൾ രാജ്യം വിട്ടതും നിരവധി പേർ യാത്രവിലക്ക് കാരണം നാട്ടിൽ കുടുങ്ങിയതും ചെറുകിട വ്യാപാരമേഖലയെയാണ് പ്രതികൂലമായി ബാധിക്കുന്നത്. ലോക്ഡൗൺ കാരണം പെരുന്നാൾ കച്ചവടം നഷ്ടപ്പെട്ടതും ചെറുകിട വ്യാപാരമേഖലക്ക് തിരിച്ചടിയാണെന്നും അദ്ദേഹം പറഞ്ഞു. രാത്രി നടത്തവും വ്യായാമങ്ങളും തുടരാനായതിൽ സന്തോഷമുണ്ടെന്ന് തൃശൂർ സ്വദേശി വിനോദൻ പറഞ്ഞു. ലോക്ഡൗൺ കാരണം രണ്ടാഴ്ചയായി രാത്രി നടത്തം നിർത്തിവെച്ചിരിക്കുകയായിരുന്നെന്നും വിനോദൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.