ലോക്ഡൗൺ രോഗ വ്യാപനം കുറക്കുമെന്ന് പ്രതീക്ഷ
text_fieldsസുഹാർ: ഞായറാഴ്ച മുതൽ നിലവിൽ വന്ന രാത്രികാല ലോക്ഡൗൺ രോഗവ്യാപനം കുറക്കാൻ സഹായിക്കുമെന്ന പ്രതീക്ഷയിലാണ് പ്രവാസികൾ. ആശുപത്രിയിൽ പ്രവേശിക്കപ്പെടുന്നവരുടെ എണ്ണം കുത്തനെ ഉയരുന്ന സാഹചര്യത്തിൽ പലയിടത്തും ഗുരുതരാവസ്ഥയിലുള്ളവർക്ക് കിടക്ക ലഭിക്കാനില്ലാത്ത സാഹചര്യമുണ്ട്. മരണ നിരക്ക് ഉയർന്നതോടെ മൃതദേഹങ്ങൾ നടപടിക്രമങ്ങൾ കഴിയുന്നത് വരെ സൂക്ഷിക്കാൻ മോർച്ചറിയിൽ ഇടം കിട്ടാത്ത സാഹചര്യവുമുണ്ട്. ആശുപത്രിയുടെ ശേഷിയിൽ കൂടുതൽ രോഗികൾ എത്തുന്നതായി ആശുപത്രി വൃത്തങ്ങൾ പറയുന്നു. രോഗവ്യാപനം കനത്തതോടെ പ്രവാസികളിൽ കടുത്ത ആശങ്ക ഉടലെടുത്തിട്ടുണ്ട്. മരണസംഖ്യ കൂടിയത് മാനസിക സംഘർഷത്തിനും വഴിയൊരുക്കുന്നു.
ലോക്ഡൗൺ കച്ചവടത്തെയും തൊഴിൽ മേഖലയെയും രാത്രി സഞ്ചാരത്തെയും ബാധിക്കുമെങ്കിലും കോവിഡ് വ്യാപനം കുറയാൻ ലോക്ഡൗൺ കൊണ്ട് സാധിക്കുമെന്ന് പ്രവാസികൾ കരുതുന്നു. രാത്രിയാത്ര വിലക്ക് രോഗവ്യാപനം കുറക്കാൻ നല്ല തീരുമാനമാണെന്ന് സുഹാറിലെ സാമൂഹിക പ്രവർത്തകനായ അസീസ് ഹാഷിം പറയുന്നു.
മേയ് 16ന് കഴിഞ്ഞ ലോക്ഡൗൺ പിൻവലിച്ച ശേഷം രോഗ വ്യാപനം കുറയുമെന്നായിരുന്നു പ്രതീക്ഷയെങ്കിലും രോഗികളുടെ എണ്ണം വീണ്ടും ഉയർന്നു. കോവിഡ് വാക്സിൻ സ്വീകരിക്കുന്നതിൽ വിമുഖത കാട്ടിയവർപോലും വാക്സിനെടുക്കാൻ മുന്നോട്ടു വന്നിട്ടുണ്ട്. സ്വകാര്യ ആശുപത്രികളിൽ കുത്തിവെപ്പിന് വൻ തിരക്കാണ് അനുഭവപ്പെടുന്നത്. കമ്പനികളും വലിയ സ്ഥാപനങ്ങളും തങ്ങളുടെ ജീവനക്കാരെ മുഴുവൻ വാക്സിനേഷന് വിധേയമാക്കാനുള്ള നടപടികളെടുത്തുവരുന്നുണ്ട്. നിലവിലെ സാഹചര്യത്തിൽ രാജ്യത്ത് വാക്സിനെടുത്തവരുടെ എണ്ണം വൈകാതെ ഉയരും. വാക്സിൻ രണ്ട് ഡോസ് എടുത്തവർക്ക് യാത്രാനുമതി എന്ന നിലയിൽ ഇന്ത്യയിലേക്കുള്ള വിമാനയാത്ര വിലക്ക് നീക്കാനുള്ള സാധ്യതയും കാണുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.