ലോക്ഡൗൺ നീക്കൽ: ചെറുകിട വ്യാപാരികൾ ആത്മവിശ്വാസത്തിൽ
text_fieldsമസ്കത്ത്: രാത്രികാല ലോക്ഡൗൺ അവസാനിച്ച് നഗരജീവിതം സാധാരണ നിലയിലേക്ക് വന്നതോടെ നഗരത്തിലെ ചെറുകിട വ്യാപാര മേഖല ആത്മവിശ്വാസത്തിൽ. രാത്രികാല കോഫി ഷോപ്പുകൾ നടത്തുന്നവരും ജിംനേഷ്യങ്ങൾ നടത്തുന്നവരുമെല്ലാം പ്രശ്നങ്ങളെല്ലാം വൈകാതെ ശരിയാകുമെന്ന ആത്മവിശ്വാസത്തിലാണ്.
കോവിഡിെൻറ ഒന്നാം തരംഗം സൃഷ്ടിച്ച ആഘാതത്തിൽനിന്ന് സ്ഥാപനങ്ങൾ കരകയറിത്തുടങ്ങിയ സമയത്താണ് കൂടുതൽ പ്രതിസന്ധികൾ സൃഷ്ടിച്ച് അപ്രതീക്ഷിതമായി രണ്ടാംതരംഗം വന്നത്. രോഗവ്യാപനം ഉയർന്നതിനു പുറമെ സാമ്പത്തിക പ്രതിസന്ധി, നാട്ടിൽ നിന്നുള്ള യാത്രവിലക്ക്, സമ്പൂർണ ലോക്ഡൗൺ നിമിത്തം ആളുകൾ പൂർണമായും പുറമെനിന്നുള്ള ഭക്ഷണത്തോടും മറ്റും അകന്നു നിന്നതുമെല്ലാം ഇടത്തരം കച്ചവടക്കാരെ തീരാദുരിതത്തിലാക്കി.
രണ്ടാം തരംഗത്തിലെ വ്യാപനം കുറഞ്ഞതും ഉയർന്ന വാക്സിനേഷൻ തോതും നിമിത്തം മൂന്നാം തരംഗം ഉണ്ടാകില്ലെന്ന പ്രതീക്ഷയിലാണ് സ്വദേശികളും വിദേശികളും. പ്രതീക്ഷകൾക്ക് നിറം പകർന്ന് സെപ്റ്റംബർ ഒന്നു മുതൽ ഇന്ത്യയടക്കം രാജ്യങ്ങളിൽ നിന്നുള്ള യാത്രവിലക്ക് നീക്കാനുള്ള തീരുമാനവും നിലവിൽവന്നു.
യാത്രവിലക്ക് നീങ്ങിയതോടെ നഗരത്തിൽ രാത്രി ഏറെ വൈകി പ്രവർത്തിക്കുന്ന അറബിക് ഭക്ഷണശാലകൾ സജീവമായി. യാത്രവിലക്കിെൻറ സമയത്ത് കച്ചവടം വല്ലാതെ കുറഞ്ഞിരുന്നതായി റൂവി ഹൈ സ്ട്രീറ്റിൽ ഷവർമ ഷോപ്പ് നടത്തുന്ന ലത്തീഫും നൗഷാദും പറയുന്നു. എന്നാൽ ഇപ്പോൾ വീണ്ടും കച്ചവടം ആയിത്തുടങ്ങിയിട്ടുണ്ടെന്നും ഇരുവരും പറയുന്നു. എന്നാൽ നഗരത്തിലെ പ്രധാന ഹോട്ടലുകളിൽ തിരക്ക് ആയിട്ടില്ലെന്ന് പ്രധാന റസ്റ്റാറന്റ് ഉടമകൾ പറയുന്നു. രാവിലെയും രാത്രിയും സജീവമാകുന്ന ജിംനേഷ്യങ്ങളിൽ വീണ്ടും ആളുകൾ വന്നുതുടങ്ങി. രാത്രി ഒരു മണിവരെ ജിംനേഷ്യങ്ങൾ ഇപ്പോൾ പ്രവർത്തിക്കുന്നുണ്ട്. അതോടൊപ്പംതന്നെ കൂടുതൽ ആളുകളെ ആകർഷിക്കാൻ വമ്പിച്ച ഓഫറുകളും പ്രഖ്യാപിച്ചിട്ടുണ്ട്. കോവിഡ് സുരക്ഷ മാനദണ്ഡങ്ങൾ പൂർണമായും പാലിച്ചാണ് ജിംനേഷ്യത്തിൽ പോകുന്നതെന്ന് റൂവിയിൽ താമസിക്കുന്ന രാജേഷ് പറയുന്നു.
കൂടുതൽ സമയം തുറക്കാൻ സാധിക്കുന്നത് ഏറെ സൗകര്യപ്രദമായെന്ന് കരാമ ഹൈപ്പർ മാർക്കറ്റ് മാനേജർ പറയുന്നു. നേരത്തേ രാത്രി ലോക്ഡൗൺ ഉള്ള സമയത്ത് ഏഴു മണിക്കും ഒമ്പതു മണിക്കുമെല്ലാം കച്ചവടം അവസാനിപ്പിക്കേണ്ടിവന്നിരുന്നു. എന്നാൽ ഇപ്പോൾ പന്ത്രണ്ടു മണിവരെ പ്രവർത്തിക്കാൻ കഴിയുന്നുണ്ട്.
സെപ്റ്റംബർ ഒന്നു മുതൽ നാട്ടിൽ കുടുങ്ങിയ പ്രവാസികൾ തിരിച്ചുവരാൻ തുടങ്ങുന്നതോടെ കച്ചവടം വർധിക്കുമെന്ന പ്രതീക്ഷയിലാണ് സ്ഥാപനയുടമകൾ. പല സ്ഥാപനങ്ങളിലെയും ജീവനക്കാരും നാട്ടിൽ കുടുങ്ങിയിട്ടുണ്ട്. ഇവർ തിരിച്ചെത്തുന്നതോടെ നിലവിലെ ജീവനക്കാരുടെ ജോലി ഭാരം കുറയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.