ലോക്ഡൗൺ കാല വിനോദം: ബെൻ നടന്നുകയറിയത് മൂന്ന് റെക്കോർഡ് ബുക്കുകളിൽ
text_fieldsമസ്കത്ത്: കോവിഡിെൻറ ആദ്യ തരംഗം എല്ലാവരും മറക്കാൻ ആഗ്രഹിക്കുന്ന ഒന്നാണ്. എന്നാൽ എല്ലാ പ്രതിസന്ധിയിലും ഒരവസരം തുറന്നുകിട്ടുന്നുവെന്ന യാഥാർഥ്യം പലരും മനസ്സിലാക്കിയത് കോവിഡ് കാലത്താണ് എന്ന് പറഞ്ഞാൽ അതിൽ അതിശയോക്തിയില്ല.
ഇങ്ങനെ ലോക്ഡൗൺ അവസരമാക്കി പ്രചോദിപ്പിക്കുന്ന നേട്ടം സ്വന്തമാക്കിയയാളാണ് മസ്കത്തിൽ പ്രവാസിയായ കോട്ടയം സ്വദേശി വർഗീസ് കുര്യെൻറയും ബ്ലെസിയുടെയും മകനായ ബെൻ വർഗീസ്.
ഇപ്പോൾ 12ാം ക്ലാസ് വിദ്യാർഥിയായ ബെൻ വർഗീസ് സ്റ്റെൻസിൽ ആർട്ടിലൂടെ (ടൈപ്പോഗ്രാഫ് പോർട്രെയിറ്റ്) തയാറാക്കിയ ദക്ഷിണേന്ത്യൻ സിനിമ താരങ്ങളുടെ ചിത്രങ്ങൾക്ക് ഇന്ത്യ ബുക്സ് ഓഫ് റെക്കോഡ്സ്, ഏഷ്യ ബുക്സ് ഓഫ് റെക്കോഡ്സ്, അമേരിക്ക ബുക്സ് ഓഫ് റെക്കോഡ്സ് ബഹുമതികൾ ലഭിച്ചുകഴിഞ്ഞു.
യാദൃച്ഛികമായാണ് ബെന്നിന് സ്റ്റെൻസിൽ ആർട്ടിൽ താൽപര്യം തോന്നുന്നതും യുട്യൂബ് വഴി പഠിക്കുന്നതും. പിന്നീട് സ്വന്തമായി ചെയ്ത ചില വർക്കുകൾ അടക്കം ഇന്ത്യ ബുക്സ് ഓഫ് റെക്കോഡ്സിലേക്ക് അയച്ചു. അപ്പോഴാണ് നിലവിലെ റെക്കോഡ് സിനിമാതാരങ്ങളുടെ ഇത്തരത്തിലുള്ള 'ടൈപ്പോഗ്രാഫ് പോർട്രെയിറ്റ്' ആണെന്ന് അറിഞ്ഞത്. മമ്മൂട്ടി, മോഹൻലാൻ ,രജനികാന്ത്, പൃഥ്വിരാജ്, ദുൽഖർ സൽമാൻ, വിജയ് സേതുപതി ഇവരുടെ ചിത്രങ്ങൾ ആണ് ഇങ്ങനെ വരച്ചത്.
മോഹൻലാലിെൻറ ചിത്രം ഷൂട്ടിങ്ങിലുള്ള 'ബാറോസ്' അടക്കം 265 ചിത്രങ്ങളുടെയും പേര് ഉൾപ്പെടുത്തിയാണ് വരച്ചത്. മറ്റു അഞ്ചു പേരുടെയും പേരുകൾ എഴുതിയാണ് ചിത്രം വരച്ചതെന്നതിനാൽ ഏഴ് മിനിറ്റ് കൊണ്ട് തീർത്തു. മോഹൻലാലിേന്റതിന് 15 മിനിറ്റ് സമയമെടുത്തു. വരക്കുന്നത് ഓരോ ഘട്ടവും വിഡിയോയിൽ ചിത്രീകരിച്ചാണ് റെക്കോഡിനായി അയച്ചത്. ഏഷ്യാ ബുക്സ്, അമേരിക്ക ബുക്ക്സ് റെക്കോഡുകൾ പിന്നീടാണ് ലഭിച്ചത്. കൂടുതൽ ചിത്രങ്ങൾ വരച്ച് അറേബ്യൻ ബുക്സ് ഓഫ് റെക്കോഡ്സിൽ ഇടം നേടാനുള്ള ശ്രമത്തിലാണ് ബെൻ.
വളരെ കുറച്ചു മലയാളികൾ മാത്രമാണ് അറേബ്യൻ ബുക്സിൽ എൻട്രികൾ സമർപ്പിച്ചിട്ടുള്ളൂവെന്ന് ബെൻ പറയുന്നു. തെൻറ ഈ നേട്ടത്തിന് ബെൻ നന്ദി പറയുന്നത് അധ്യാപകർക്കും, മാതാപിതാക്കൾക്കും പ്രത്യേകിച്ച് മൂത്ത സഹോദരി ബെല്ല വർഗീസിനുമാണ്. തെൻറ സൃഷ്ടികൾ എന്നെങ്കിലും മോഹൻലാൽ, മമ്മൂട്ടി തുടങ്ങിയവർക്ക് സമ്മാനിക്കാൻ കഴിയുമെന്ന പ്രതീക്ഷയും ബെന്നിനുണ്ട്.
ഇതിനെ വിനോദമായി മാത്രം കാണാനാണ് ബെന്നിന് താൽപര്യം.സിവിൽ സർവിസ് എഴുതി ഐ.എ.എസ് എടുക്കണമെന്നാണ് ബെന്നിെൻറ ആഗ്രഹം. പ്ലസ് ടുവിന് ശേഷം ആർട്സ്/കോമേഴ്സ് ബിരുദം നേടാനും കൂടുതൽ സമയം വായനക്കും മറ്റും മാറ്റിവെക്കാനുമാണ് തീരുമാനം. പിതാവ് വർഗീസ് കുര്യൻ ബിസിനസുകാരനും മാതാവ് ബ്ലെസ്സി ആരോഗ്യ പ്രവർത്തകയുമാണ്. സഹോദരി ബെല്ല നാട്ടിൽ ഉപരിപഠനം നടത്തുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.