അവധി ആഘോഷ നിറവിൽ...
text_fieldsമസ്കത്ത്: ഹിജ്റ പുതുവത്സരത്തിന്റെ ഭാഗമായ പൊതു അവധി വ്യാഴാഴ്ചയായത് സ്വദേശികൾക്കും പ്രവാസികൾക്കും അനുഗ്രഹമായി. വാരാന്ത്യദിനങ്ങളുൾപ്പെടെ മൂന്ന് ദിവസത്തെ അവധിയാണ് എല്ലാവർക്കും ലഭിക്കുന്നത്. പെരുന്നാൾ അവധിക്ക് തൊട്ടുപിറകെ ലഭിക്കുന്ന അവധിയായതിനാൽ പലരും ദൂരയാത്രയും മറ്റും ഒഴിവാക്കുകയാണ്. അവധിയാഘോഷിക്കാൻ വിദേശ രാജ്യങ്ങളിലും മറ്റും പോവുന്നവരും കുറവാണ്.
മൂന്ന് ദിവസത്തെ അവധി ലഭിക്കുന്നുണ്ടെങ്കിലും പലരും താമസ ഇടത്ത് തന്നെ കഴിയാനാണ് ശ്രമിക്കുക. അവധി ആഘോഷത്തിന്റെ ഭാഗമായി പലരും പുറത്തുനിന്ന് ഭക്ഷണം കഴിക്കുന്നതിനാൽ ഹോട്ടലുകളിലും പ്രദേശിക വിനോദ സഞ്ചാരകേന്ദ്രങ്ങളിലും ഷോപ്പിങ് മാളുകളിലും തിരക്ക് അനുഭവപ്പെടും. ചൂട് വർധിച്ചതിനാൽ ബീച്ചുകളിൽ എത്തുന്നവരുടെ എണ്ണം വർധിക്കും. റൂവിയിൽ പതിവുപോലെ മത്ര കോർണിഷിലാണ് ഏറ്റവും കൂടുതൽ ആളുകൾ എത്തുക. മത്ര സൂഖ് അടക്കമുള്ള ഇടങ്ങളിലും പ്രധാന പാർക്കുകളിലും തിരക്ക് വർധിക്കും. ചൂട് കാരണം വൈകുന്നേരത്തോടെയായിരിക്കും ജനങ്ങൾ പുറത്തിറങ്ങുക.
മത്ര തുറമുഖത്ത് നങ്കൂരമിട്ട ലോഗോസ് ഹോപ് കപ്പലിലെ പുസ്തക പ്രദർശനം കാണാൻ നിരവധി പേരെത്തും. ഈ അവധിക്കാലത്തെ നിരവധി പേരുടെ പ്രധാന ഇനം പുസ്തകക്കപ്പൽ സന്ദർശിക്കലായിരിക്കും. അതിനാൽ പുസ്തക കപ്പലിൽ വൻ തിരക്ക് അനുഭവപ്പെടും. കൂടുതൽ ആളുകൾ എത്തുന്നതോടെ തുറമുഖവും പരിസരവും തിരക്കിൽ മുങ്ങും. ദൂരെ ദിക്കിൽനിന്നും മറ്റും നിരവധി പേരാണ് കഴിഞ്ഞ ദിവസങ്ങളിൽ പുസ്തകോത്സവം കാണാനെത്തിയത്. പുസ്തകോത്സവം കാണാനെത്തുന്നവർ മത്ര പോർട്ടിന്റെ പ്രവേശന കവാടത്തിൽ പോവേണ്ടതില്ല. പോർട്ടിന് എതിർവശത്ത്നിന്ന് അധികൃതർ ഏർപ്പെടുത്തിയ ബസിലാണ് കപ്പലിലേക്ക് പുറപ്പെടേണ്ടത്. ബസ് ചാർജിന് 500 ബൈസ ഈടാക്കും. പുസ്തകോത്സവം കണ്ട് തിരിച്ചുവരുന്നവരെയും അതേ പാർക്കിങ് ഗ്രൗണ്ടിൽ തന്നെയാണ് ഇറക്കുക.
അവധി ആഘോഷിക്കാൻ ചിലർ സലാലയിലേക്ക് പോവുന്നുണ്ട്. ഇവരിൽ പലരും ബുധനാഴ്ച വൈകുന്നേരം തന്നെ യാത്ര പുറപ്പെട്ടിരുന്നു. വ്യാഴം, വെള്ളി ദിവസങ്ങളിൽ സലാലയിൽ തങ്ങി ശനിയാഴ്ച തിരിച്ചു വരുന്ന രീതിയിലാണ് പലരും യാത്ര ആസൂത്രണം ചെയ്തിരിക്കുന്നത്. സലാലയിലുള്ള ബന്ധുക്കളെയും അടുത്തവരെയും സന്ദർശിക്കുന്നതിന് അവധി ഉപയോഗപ്പെടുത്തുന്നവരുമുണ്ട്. ഒമാനിലെ ബീച്ചുകളിലെല്ലാം അവധിക്കാലത്ത് തിരക്ക് അനുഭവപ്പെടും, മസ്കത്ത് മേഖലയിൽ ഖുറം, അസൈബ, യിത്തി അടക്കമുള്ള എല്ലാ ബീച്ചുകളിലും തിരക്കുണ്ടാവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.