‘ലോഗോസ് ഹോപ്പി’ന് ഊഷ്മള വരവേൽപ്പ്
text_fieldsമസ്കത്ത്: കഴിഞ്ഞ ദിവസം മത്രയിലെ സുൽത്താൻ ഖാബൂസ് തുറമുഖത്ത് നങ്കൂരമിട്ട ‘ലോഗോസ് ഹോപ്’ കപ്പലിൽ പുസ്തകങ്ങൾ തേടിയെത്തിയത് നൂറുകണക്കിനാളുകൾ. വാരാന്ത്യദിനമായതുകൊണ്ടുതന്നെ സ്വദേശികളും വിദേശികളുമടക്കമുള്ളവർ കുടുംബവുമായായിരുന്നു എത്തിയത്. ബഹ്റൈനിലെ മനാമയിൽനിന്നെത്തിയ കപ്പലിന് ഊഷ്മള വരവേൽപ്പാണ് അധികൃതർ നൽകിയത്. ജൂലൈ 24 വരെ മത്ര സുൽത്താൻ ഖാബൂസ് തുറമുഖത്തും 27 മുതൽ ആഗസ്റ്റ് മൂന്നുവരെ സലാല തുറമുഖത്തും പുസ്തകങ്ങളുമായി കപ്പൽ നങ്കൂരമിടും.
നേരിട്ടെത്തിയും വെബ്സൈറ്റ് വഴിയും ടിക്കറ്റ് സ്വന്തമാക്കാം. ഇംഗ്ലീഷ്, അറബിക് ഭാഷകളില്‍ ലോകോത്തര എഴുത്തുകാരുടെ നോവലുകള്‍, ചരിത്രം, സംസ്കാരം, മതം, രാഷ്ട്രീയം, ശാസ്ത്രം, കല തുടങ്ങി ബൃഹദ് വിജ്ഞാന ശേഖരം ഉള്‍ക്കൊള്ളിച്ചാണ് പുസ്തക പ്രദര്‍ശനം. 5000ത്തിലേറെ പുസ്തകങ്ങളാണ് ലോഗോസ് ഹോപ് കപ്പല്‍ പുസ്തകശാലയില്‍ ഒരുക്കിയിട്ടുള്ളത്. പുസ്തക പ്രേമികൾക്ക് ആവേശം പകർന്ന് നേരത്തെ 2011ലും 2013ലും കപ്പൽ ഒമാൻ സന്ദർശിച്ചിരുന്നു.
ഇവിടത്തെ പര്യടനം പൂർത്തിയാക്കി ലോഗോസ് ഹോപ് സീഷെൽസിലെ വിക്ടോറിയയിലേക്ക് പുറപ്പെടും. അവിടെ ആഗസ്റ്റ് 10 മുതൽ 17 വരെ പ്രദർശനം നടത്തും. ഇതിനുശേഷം കെനിയയിലെ മൊംബാസയിലേക്ക് തിരിക്കും. പുസ്തകപ്രേമികൾക്ക് ആവേശം പകർന്ന് നേരത്തെ കഴിഞ്ഞ രണ്ട് തവണയും ആയിരക്കണക്കിന് സന്ദർശകരാണ് കപ്പലിലെത്തിയത്. ഏറ്റവും വലിയ ബുക്സ്റ്റാൾ കപ്പലായ ലോഗോസ് ഹോപ് ലോകത്തിലെ പ്രധാന തുറമുഖങ്ങളിൽ രണ്ടാഴ്ചയോളം നങ്കൂരമിടാറുണ്ട്. ഓരോ ദിവസവും ആയിരക്കണക്കിന് പേരാണ് സന്ദർശകരായും പുസ്തകം വാങ്ങാനും എത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.