മധുരമൂറുന്ന മാമ്പഴങ്ങളുമായി ലുലുവിൽ ‘മാംഗോ മാനിയ’
text_fieldsമസ്കത്ത്: മധുരമൂറുന്ന മാമ്പഴങ്ങളുമായി ലുലു ഹൈപ്പർമാർക്കറ്റുകളിൽ ‘മാംഗോ മാനിയ’ ഫെസ്റ്റിവലിന് തുടക്കമായി.മേയ് 18വരെ നടക്കുന്ന ഫെസ്റ്റിവലിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള മാമ്പഴത്തിന്റെ രുചികൾ ഉപഭോക്താക്കൾക്ക് ആസ്വദിക്കാവുന്നതാണ്.ബൗഷറിലെ ലുലു ഹൈപ്പർമാർക്കറ്റിൽ നടന്ന ചടങ്ങിൽ ലുലു ഗ്രൂപ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ എം.എ. യൂസുഫലിയുടെ സാന്നിധ്യത്തിൽ ഒമാനിലെ ഇന്ത്യൻ അംബാസഡർ അമിത് നാരങ് ഉദ്ഘാടനം ചെയ്തു.
75ലധികം വ്യത്യസ്ത ഇനം മാമ്പഴങ്ങൾ ഫെസ്റ്റിവലിനായി തിരഞ്ഞെടുത്തതിനെ ലുലുവിനെ അഭിനന്ദിക്കുകയാണെന്നും പ്രദർശനത്തിലെ ഇന്ത്യൻ മാമ്പഴങ്ങളുടെ വലിയ സാന്നിധ്യം ഉപഭോക്താക്കൾക്ക് അതിനോടുള്ള മതിപ്പാണ് വെളിവാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഞങ്ങൾ സ്വയം ഉത്തരവാദിത്തമുള്ള ഒരു സ്ഥാപനമായി കാണുന്നതിനാൽ വൈവിധ്യമാർന്ന ഉൽപന്നങ്ങൾക്കൊപ്പം ചലനാത്മകവും ആകർഷകവുമായ ഷോപ്പിങ് അനുഭവവും വാഗ്ദാനം ചെയ്യുകയാണ് ലക്ഷ്യമെന്ന് ഉദ്ഘാടനച്ചടങ്ങിൽ സംസാരിച്ച എം.എ. യൂസുഫലി പറഞ്ഞു. ‘മാംഗോ മാനിയ’ പോലുള്ള പരിപാടികൾ ഉപഭോക്തൃ പങ്കാളിത്തം വർധിപ്പിക്കും. ലോകമെമ്പാടുമുള്ള വിശാലമായ മാമ്പഴ ശേഖരമാണ് ഒരുക്കിയിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യ, യമൻ, തായ്ലൻഡ്, സ്പെയിൻ, വിയറ്റ്നാം, ശ്രീലങ്ക, പാകിസ്താൻ, ഇന്തോനേഷ്യ, കൊളംബിയ, ബ്രസീൽ, മെക്സിക്കോ, കെനിയ, യുഗാണ്ട തുടങ്ങി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള മാമ്പഴങ്ങളാണുള്ളത്. ഒമാനിൽനിന്നുള്ള പ്രാദേശികമായി വിളയിച്ചെടുത്ത മാമ്പഴങ്ങളും ഫെസ്റ്റിവലിന്റെ ഭാഗമാകും. ഇതിനുപുറമെ നിരവധി മാമ്പഴവിഭവങ്ങളും പ്രദർശിപ്പിച്ചിട്ടുണ്ട്.
ഫെസ്റ്റിവലിന്റെ ഭാഗമായി പ്രത്യേക ഓഫറുകളും പ്രഖ്യാപിച്ചിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. ബേക്കറി, മധുരപലഹാരങ്ങൾ, അച്ചാറുകൾ എന്നിവയിൽ ചില പ്രത്യേക മാമ്പഴ ട്രീറ്റുകൾ ഉപഭോക്താക്കൾക്ക് ആസ്വദിക്കാനാകും. മാംഗോ പ്രിസർവ്സ്, പൾപ്പുകൾ, ജ്യൂസുകൾ, ജാം എന്നിവയും പ്രമോഷനിലൂടെ ലഭ്യമാകും. ഉദ്ഘാടനച്ചടങ്ങിൽ ലുലു എക്സിക്യൂട്ടിവ് ഡയറക്ടർ എം.എ. അഷ്റഫ് അലി, ലുലു ഒമാൻ ഡയറക്ടർ എ.വി. ആനന്ദ്, ലുലു ഒമാൻ റീജനൽ ഡയറക്ടർ കെ.എ. ഷബീർ, മറ്റ് ഉദ്യോഗസ്ഥർ എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.