റമദാൻ തിരക്കിൽ മാബേല മാർക്കറ്റ്, പ്രതാപം തിരിച്ചുവരുന്നു
text_fieldsമസ്കത്ത്: ഒമാനിലെ പഴം-പച്ചക്കറി മൊത്ത വ്യാപാര കേന്ദ്രമായ മാബേല സെൻട്രൽ മാർക്കറ്റ് കോവിഡിന് മുമ്പുള്ള പ്രതാപത്തിലേക്ക് തിരിച്ചുവരുന്നു. വെള്ളിയാഴ്ച മുതൽ മാർക്കറ്റിൽ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. മൊത്ത, ചെറുകിട വ്യാപാര മേഖലയിലും തിരക്ക് വർധിച്ചിട്ടുണ്ട്. മാർക്കറ്റിൽ റമദാൻ പ്രമാണിച്ച് അധികൃതർ മൊത്ത, ചില്ലറ വ്യാപാരികൾക്ക് പ്രത്യേക സമയക്രമവും പ്രഖ്യാപിച്ചിട്ടുണ്ട്. മൊത്ത വ്യാപാരം പുലർച്ച നാലര മുതൽ ഉച്ചക്ക് 12.30 വരെയും ചില്ലറ വ്യാപാരം രാവിലെ പത്ത് മുതൽ രാത്രി പത്ത് വരെയുമാണ് തുറന്ന് പ്രവർത്തിക്കുക.
റമദാൻ ആരംഭമായതോടെ കഴിഞ്ഞ രണ്ടു വർഷമായി ഉറങ്ങിക്കിടക്കുകയായിരുന്ന സെൻട്രൽ മാർക്കറ്റ് ഉണർന്നതായും കോവിഡിന് മുമ്പുള്ള കാലത്തേക്ക് മാർക്കറ്റ് തിരിച്ചുവന്നതായും ഒമനിലെ പ്രമുഖ പഴം-പച്ചക്കറി വ്യാപാര സ്ഥാപനമായ സൂഹൂല അൽ ഫൈഹ മാനേജിങ് ഡയറക്ടർ അബ്ദുൽ വാഹിദ് പറഞ്ഞു. റമദാന്റെ ഭാഗമായി നാരങ്ങ, ആപ്പിൾ തുടങ്ങി എല്ലായിനം പഴവർഗങ്ങളും മാർക്കറ്റിലെത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കയിൽനിന്ന് ബെറി ഇനങ്ങളാണ് എത്തിയിട്ടുള്ളത്. സ്ട്രോബറി, ബ്ലാക്ക്ബറി, റെഡ്ബറി എന്നിവ ഇതിൽ ഉൾപ്പെടും. തായ്‍ലൻഡ് പഴവർഗങ്ങളും മാർക്കറ്റിൽ സുലഭമാണ്. ലോഗൻ, ഹണി പൈനാപ്പിൾ തുടങ്ങിയവ തായ്ലൻഡ് സ്പെഷ്യലുകളാണ്. പാകിസ്താൻ നാരങ്ങയുടെ സീസൺ അവസാനിച്ചെങ്കിലും ജൗജിപ്ത്, സ്പെയിൻ എന്നിവിടങ്ങളിൽ നിന്നുള്ള നാരങ്ങയാണിപ്പോൾ മാർക്കറ്റിലുള്ളത്. യമൻ, ഇന്ത്യ എന്നീ രാജ്യങ്ങളിൽനിന്നുള്ള മാങ്ങയും ലഭ്യമാണ്. ഇന്ത്യയിൽനിന്നുള്ള മുന്തിരി, വാഴപ്പഴം എന്നിവയും മാർക്കറ്റിലുള്ളത് നോമ്പുകാർക്ക് അനുഗ്രഹമാവും.
കഴിഞ്ഞ രണ്ട് വർഷവും മാർക്കറ്റിൽ കാര്യമായ വ്യാപാരം നടന്നിട്ടില്ല. അതിനാൽ സ്ഥാപനങ്ങൾ പലതും പ്രതിസന്ധിയിലായിരുന്നു. ഈ വർഷം മാർക്കറ്റിലേക്ക് കൂടുതൽ പേർ ഒഴുകിയെത്തുന്നതും തിരക്ക് വർധിക്കുന്നതും ഏറെ പ്രതീക്ഷ നൽകുന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.