'എന്നാ പിന്നെ ഓന് ഭക്ഷണം കൊടുക്ക്'
text_fieldsസെല്ലി കീഴൂർ
നോമ്പ് തുറക്ക് മൂത്തുമ്മയുമുണ്ടായതുകൊണ്ടാണെന്ന് തോന്നുന്നു അടുക്കളയിൽ തകൃതിയായ പാചകമാണ് നടക്കുന്നത്. അസർ നമസ്കരിച്ച് ഉമ്മയും കൂടെ വന്നതോടെ അടുക്കള സമ്പന്നമായി. ഇറച്ചിക്കറിയുടെയും എണ്ണക്കടികളുടെയും ഗന്ധം നാസാരന്ധ്രങ്ങളിൽ തുളച്ച് കയറുന്നു.
പാത്തുമ്മ വേഗം നോക്ക് സെല്ലിക്കിന്ന് നോമ്പുണ്ട് ഉമ്മ പറയുന്നു. കുഞ്ഞന് ഗുളിക ഉള്ളതല്ലെ, നോമ്പ് എടുപ്പിക്കണയ്നോ? മൂത്തുമ്മാന്റെ മറുപടി. കാഞ്ഞ വയറ്റിൽ കീഴൂർ സ്കൂളിനടുത്തുള്ള പബ്ലിക് ടാപ്പിലെ വെള്ളം കുടിച്ച എന്റെ മനസ്സ് കുറ്റബോധം കൊണ്ട് നീറി.
വെള്ളത്തിന്റെ ഇരുമ്പ് ചൊവ വായിൽ നിന്നും പോയിട്ടില്ല. എനിക്കായി വിഭവങ്ങൾ ഒരുക്കുന്ന ഉമ്മയെയും മൂത്തുമ്മയെയും പെങ്ങൻമാരെയും നോക്കി ഞാൻ ആർത്തലച്ച് നിലവിളിക്കാൻ തുടങ്ങി.
അള്ളോ കുഞ്ഞനെന്ത കരയുന്നത് മൂത്തുമ്മ ഓടി വന്നു, പിന്നാലെ ഉമ്മയും. ഞാൻ എക്കിട്ടയും മുക്കിട്ടയും ഇട്ട്
കരഞ്ഞ് കൊണ്ട് പറഞ്ഞു, ഉമ്മാ എനക്ക് നോമ്പില്ല!!!. എല്ലാവരും ഞെട്ടും എന്ന് പ്രതീക്ഷിച്ച് നിന്ന എന്നെ നോക്കി ഉമ്മ പറഞ്ഞു
'എന്നാ പിന്നെ ഓന് ഭക്ഷണം കൊടുക്ക്', എത്ര മണി വരെ ഉണ്ടായിരുന്നു ഉമ്മാന്റെ ചോദ്യം സ്കൂളു വിട്ടും വരുമ്പം പൈപ്പിലെ വെള്ളം കുടിച്ചാ മുറിച്ചത്. സാരല്ല കുട്ടികളത്ര നോറ്റാ മതി ഉമ്മ സമാധാനിപ്പിച്ചു. 'എന്നാലും എന്നോട് കള്ളം പറഞ്ഞില്ലലോ,അത് നല്ല കുട്ടികൾടെ നല്ല ലക്ഷണമാണ്'- ഉമ്മ വീണ്ടും പ്രോത്സാഹിപ്പിച്ചു.
പൊതുവെ ഞാൻ ഉമ്മയോട് കളവ് പറയാറില്ല. വല്ല തെറ്റും ചെയ്താൽ അത് മുതലെടുത്ത് ഉമ്മ ചോദിക്കും ഉമ്മനോട് സത്യം പറ എന്ന്. ഇന്നീ ഓർമകളെല്ലാം സങ്കടം നിറഞ്ഞതാണ്. കാരണം ഉമ്മ ഇന്നെന്റെ കൂടെയില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.