‘പിണറായി’യെത്തി കൂടെ ‘മെസ്സി’യടക്കം 44 താരങ്ങളും
text_fieldsമസ്കത്ത്: ‘ഹാർമോണിയസ് കേരള’യുടെ വേദിയിലെ സ്ക്രീനിൽ പൊടുന്നനെ കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ ആശംസ വിഡിയോ തെളിഞ്ഞപ്പോൾ നിറഞ്ഞ കൈയടിയോടെയാണ് മലയാളികൾ സ്വീകരിച്ചത്. പക്ഷേ, കുറെ കഴിഞ്ഞപ്പോൾ അവർ ആശയക്കുഴപ്പത്തിലായി. ദൃശ്യവും ശബ്ദവും തമ്മിൽ ചേർച്ചയില്ല. അവതാരകൻ മിഥുൻ രമേശ് പറയുന്നതിനൊക്കെ പിണറായി മറുപടിയും നൽകുന്നുണ്ട്. കുറച്ചു കഴിഞ്ഞപ്പോൾ ദാ രണ്ടു മിഥുൻ. സ്റ്റേജിലും സദസ്സിലും നിന്ന് മിഥുന്റെ ശബ്ദം.
അപ്പോഴാണ് എല്ലാവർക്കും കാര്യം മനസ്സിലായത്. അനുകരണകലയിലെ പുത്തൻ താരോദയം മഹേഷ് കുഞ്ഞുമോനാണ് പിണറായിയുടെയും മിഥുനിന്റെയുമൊക്കെ ശബ്ദത്തിൽ സംസാരിച്ചത്. പിന്നീട് വേദിയെ മഹേഷ് താരസംഘടനയായ ‘അമ്മ’യുടെ ജനറൽ ബോഡി യോഗം പോലെയാക്കി. മലയാള സിനിമയിലെ 30ഓളം താരങ്ങളാണ് മഹേഷിലൂടെ മസ്കത്തിലെത്തിയത്. ആവേശം പകരാൻ മമ്മൂട്ടിയും മോഹൻലാലും സുരേഷ് ഗോപിയും അതിഥികളായി തമിഴ് സൂപ്പർ താരങ്ങളായ കമലും വിജയും വിജയ് സേതുപതിയും സൂര്യയും വിക്രമും മകൻ ധ്രുവും ഒക്കെയെത്തി.
ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി, ഫുട്ബാൾ മാന്ത്രികൻ മെസ്സി, ക്രിക്കറ്റർ സഞ്ജു സാംസൺ, കമന്ററിയുമായി രവി ശാസ്ത്രി എന്നിവരൊക്കെ ഒന്നിനുപിറകെ ഒന്നായി വന്നു. നടന്മാരായ ബാല, വിനീത് ശ്രീനിവാസൻ, ഫഹദ് ഫാസിൽ, ജോജു ജോർജ്, ഇന്ദ്രൻസ്, ജോണി ആന്റണി, ശ്രീനാഥ് ഭാസി, സൈജു കുറുപ്പ്, ബാബുരാജ്, രഞ്ജി പണിക്കർ, ഷൈൻ ടോം ചാക്കോ, ജിനു ജോസഫ്, സംവിധായകൻ ജിത്തു ജോസഫ്, മാമുക്കോയ, ജയസൂര്യ, ദുൽഖർ സൽമാൻ, സൗബിൻ ഷാഹിർ, ഷെയ്ൻ നിഗം തുടങ്ങിയവരുടെ സ്പോട്ട് ഡബ്ബിങ്ങും നടന്നു.
മലയാള സിനിമയിൽ അഭിനയ ജീവിതം 25 വർഷം പൂർത്തിയാക്കിയ കുഞ്ചാക്കോ ബോബനുള്ള സമർപ്പണവും സദസ്സ് ഏറ്റെടുത്തു. വിവിധ സിനിമകളിലെ തന്റെ കഥാപാത്രങ്ങളിലൂടെയുള്ള സഞ്ചാരവും അഭിമുഖങ്ങളിൽ സംസാരിക്കുമ്പോഴുള്ള ശബ്ദവുമെല്ലാം സദസ്സിലിരുന്ന കുഞ്ചാക്കോ ബോബനും ആസ്വദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.