പൊതു സൗകര്യങ്ങൾ സംരക്ഷിക്കൽ; ഓർമപ്പെടുത്തലുമായി മസ്കത്ത് മുനിസിപ്പാലിറ്റി
text_fieldsമസ്കത്ത്: പൊതു ഇടങ്ങളിലെ സൗകര്യങ്ങളും മുതലുകളും സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത ഓർമപ്പെടുത്തി മസ്കത്ത് മുനിസിപ്പാലിറ്റി. ദേശീയ ദിനാഘോഷ പൊതു അവധിയുടെ ഭാഗമായി കഴിഞ്ഞ ദിവസങ്ങളിൽ നിരവധി ആളുകളാണ് ബീച്ചുകളിലും പാർക്കുകളിലും എത്തിയത്. നീണ്ട മാസങ്ങൾക്ക് ശേഷമാണ് പാർക്കുകളിലും ബീച്ചുകളിലും മറ്റും നല്ല തിരക്ക് അനുഭവപ്പെടുന്നത്. ചൂട് കുറഞ്ഞ അനുകൂലമായ കാലാവസ്ഥ മുതലാക്കിയാണ് സ്വദേശികളും വിദേശികളുമടക്കമുള്ളവർ കുടുംബവുമായെത്തിയത്. എന്നാൽ, ടൂറിസ്റ്റ് സ്ഥലങ്ങളിൽ എത്തിയ ചിലയാളുകൾ അനഭിലഷണീയമായ കാര്യങ്ങൾ ചെയ്യുന്നത് എന്ന് മസ്കത്ത് മുനിസിപ്പാലിറ്റി നിരീക്ഷിക്കുകയുണ്ടായി. പാർക്കിൽ കുട്ടികൾക്ക് കളിക്കാനായി സജ്ജീകരിച്ചിരിക്കുന്ന യന്ത്ര ഉപകരണങ്ങൾ കേടുവരുത്തുകയും പൂന്തോട്ടവും മറ്റും നശിപ്പിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ ചിത്രങ്ങൾ സമൂഹ മാധ്യമമായ എക്സിൽ (ട്വിറ്റർ) പോസ്റ്റ് ചെയ്താണ് പൊതു ഇടങ്ങൾ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ച് മുനിസിപ്പാലിറ്റി ചൂണ്ടിക്കാട്ടിയത്.
നമ്മെ സേവിക്കാനായി പൊതു സൗകര്യങ്ങളും മറ്റും ഒരുക്കിയിട്ടുണ്ടെന്നും, അവ സംരക്ഷിക്കേണ്ടത് സാമൂഹിക കടമയാണെന്നും മസ്കത്ത് മുനിസിപ്പാലിറ്റി എക്സിൽ കുറിച്ചു.പൊതു ഇടങ്ങളിൽ മാലിന്യം തള്ളുന്നതിനെതിരെയും മുനിസിപ്പാലിറ്റി മുന്നറിയിപ്പ് നൽകിയിരുന്നു. ഇങ്ങനെ കൊണ്ടുവന്നിടുന്നവരിൽനിന്ന് 100 റിയാൽ പിഴ ഈടാക്കുമെന്നും ആവർത്തിച്ചാൽ പിഴ ഇരട്ടിയാക്കുമെന്നും അറിയിച്ചിരുന്നു. എന്നാൽ, ഈ മുന്നറിയിപ്പുകൾക്കൊന്നും ഒരുവിലയും കൊടുക്കാതെ ബീച്ചുകളിലും മറ്റും നിരവധി ആളുകളാണ് കഴിഞ്ഞ ദിവസങ്ങളിൽ പ്ലാസ്റ്റിക് മാലിന്യമടക്കമുള്ളവ തള്ളിയിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.