മജ്ലിസ് ശൂറ തെരഞ്ഞെടുപ്പ്; രജിസ്റ്റർ ചെയ്തത് 753,952 വോട്ടർമാർ
text_fieldsമസ്കത്ത്: മജ്ലിസ് ശൂറ പത്താം ടേമിലേക്കുള്ള തെരഞ്ഞെടുപ്പിൽ 753,952 ആളുകൾ വോട്ട് ചെയ്യാൻ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇതിൽ 362,924 സ്ത്രീ വോട്ടർമാരാണ്. 1,39,963 കന്നി വോട്ടർമാരുമാണുള്ളത്. ഏറ്റവും കൂടുതൽ വോട്ടർമാരുള്ളത് വടക്കൻ ബാത്തിന ഗവർണറേറ്റിൽനിന്നാണ്. 1,53,809 പേരാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇതിൽ 28,843 വോട്ടർമാർ പുതുതായി രജിസ്റ്റർ ചെയ്തവരാണ്. പുതിയ വനിത വോട്ടർമാരുടെ എണ്ണം 76,059 ആയി ഉയർന്നിട്ടുണ്ട്. ഇതിൽ 21-30 പ്രായത്തിലുള്ളവർ 71,901 ആണ്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സ്ഥിതിവിവരക്കണക്കുകൾ ‘ഇത്തിഖാബ്’ ആപ്ലിക്കേഷനിലൂടെയും തെരഞ്ഞെടുപ്പ് വെബ്സൈറ്റിലൂടെയും (elections.com) ആണ് ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചിരിക്കുന്നത്.
വോട്ടർമാരുടെ പ്രാഥമിക പട്ടികയിൽ ഉൾപ്പെട്ട പേരുകൾക്കെതിരെ പരാതിയുണ്ടെങ്കിൽ, ലിസ്റ്റുകൾ പ്രഖ്യാപിച്ച തീയതി മുതൽ അഞ്ചുദിവസത്തിനുള്ളിൽ തെരഞ്ഞെടുപ്പ് വെബ്സൈറ്റ് വഴി സമർപ്പിക്കേണ്ടതാണെന്ന് ആഭ്യന്തര മന്ത്രാലം അറിയിച്ചു. അനുബന്ധ രേഖകൾ സഹിതമാണ് സമർപ്പിക്കേണ്ടത്.
വെബ്സൈറ്റ്, ഇന്തിഖാബ് ആപ് എന്നിവ വഴി പേരുവിവരങ്ങൾ വോട്ടർമാർക്കും പരിശോധിക്കാവുന്നതാണ്. രാജ്യത്ത് ഒക്ടോബർ 29നാണ് വോട്ടെടുപ്പ് നടക്കുക. വിദേശത്തുള്ള ഒമാനികൾക്ക് ഒക്ടോബർ 22നാണ് വോട്ട് ചെയ്യാൻ സൗകര്യമൊരുക്കിയിരിക്കുന്നത്. രാവിലെ എട്ടുമുതൽ വൈകീട്ട് ഏഴുവരെയായിരിക്കും വോട്ടിങ്. വോട്ടിങ്ങിനുള്ള നടപടിക്രമങ്ങൾ പിന്നീടുള്ള ഘട്ടത്തിൽ ആഭ്യന്തര മന്ത്രാലയം വിശദീകരിക്കും. പത്താമത് മജ്ലിസ് ശൂറ തെരഞ്ഞെടുപ്പിന് ഇലക്ട്രോണിക് വോട്ടിങ് രീതിയാണ് ഉപയോഗിക്കുന്നത്. ഇത് ആദ്യമായിട്ടാണ് ശൂറ തെരഞ്ഞെടുപ്പിന് ഇ-വോട്ടിങ് രീതി സ്വീകരിക്കുന്നത്. രാജ്യത്തിന് പുറത്തുള്ളവരും ഒമാനിലുള്ളവരുമായ വോട്ടര്‍മാര്‍ക്ക് ഇലക്ട്രോണിക് പ്ലാറ്റ്ഫോം വഴി വോട്ട് ചെയ്യാനാകും. ഫലപ്രഖ്യാപനവും വെബ്സൈറ്റ് വഴിയാകും.
സുപ്രീം ഇലക്ഷന് കമ്മിറ്റിയെ സുപ്രീം കോര്‍ട്ട് ഡെപ്യൂട്ടി ചെയര്‍മാനാണ് നയിക്കുക. ആഭ്യന്തര മന്ത്രാലയത്തിലെ രണ്ട് ഉദ്യോഗസ്ഥര്‍ ഇവരെ സഹായിക്കും. ഏതെങ്കിലും വിലായത്തില്‍ തെരഞ്ഞെടുപ്പ് മാനദണ്ഡങ്ങള്‍ ലംഘിച്ചതായി കണ്ടെത്തിയാല്‍ തെരഞ്ഞെടുപ്പ് അസാധുവാക്കുന്നതിനും സുപ്രീം ഇലക്ഷന് കമ്മിറ്റിക്ക് അധികാരമുണ്ടാകും.
ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രിലിമിനറി പട്ടിക പ്രകാരം 883 സ്ഥാനാര്‍ഥികളാണ് ഇത്തവണ മത്സര രംഗത്തുള്ളത്. ഇവരില്‍ 33 പേര് സ്ത്രീകളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.