ദോഫാറിൽ പ്രധാന റോഡുകളുടെ നവീകരണം പുരോഗമിക്കുന്നു
text_fieldsമസ്കത്ത്: ദോഫാർ ഗവർണറേറ്റിലെ പ്രധാന റോഡുകളുടെ നവീകരണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. അടിസ്ഥാന സൗകര്യങ്ങൾ വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പ്രവർത്തനങ്ങൾ നടക്കുന്നത്. ഏറ്റവും പുതിയ അന്താരാഷ്ട്ര സാങ്കേതിക മാനദണ്ഡങ്ങൾക്കനുസൃതമായാണ് പ്രവൃത്തികൾ നടത്തുന്നത്. ഗതാഗത, വാർത്താവിനിമയ, വിവരസാങ്കേതിക മന്ത്രാലയമാണ് റോഡ് ശൃംഖല നവീകരിക്കാനുള്ള ശ്രമങ്ങൾക്ക് നേതൃത്വം നൽകുന്നത്.
ധാൽകൂത്ത് വിലായത്തിലെ അർജോത്-സർഫിത്ത് റോഡാണ് ശ്രദ്ധേയമായ പദ്ധതികളിലൊന്ന്. മൊത്തം 11 ദശലക്ഷം റിയാൽ നിക്ഷേപത്തോടെയുള്ള പദ്ധതി 79 ശതമാനമായിട്ടുണ്ട്. ഈ വർഷം അവസാനത്തോടെ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
210 കിലോമീറ്റർ വ്യാപിച്ചുകിടക്കുന്ന ഹർവീബ്-അൽ മസിയോന-മിറ്റെൻ റോഡ് പദ്ധതിയാണ് മറ്റൊരു സുപ്രധാന വികസനം. ഇത് ഗതാഗതം മെച്ചപ്പെടുത്തുന്നതിനും വാണിജ്യ-ടൂറിസം പ്രവർത്തനങ്ങൾ വർധിപ്പിക്കുന്നതിനും നിർണായകമാണ്. 30 ദശലക്ഷം റിയാൽ ചെലവിൽ ഒരുക്കുന്ന പദ്ധതി 15.22 ശതമാനം പൂർത്തിയായി.
മക്ഷിനിൽ 170 കിലോമീറ്റർ ദൈർഘ്യമുള്ള റോഡിന്റെ നിർമാണം പുരോഗമിക്കുകയാണ്. 15 ശതമാനത്തിലധികം പണി പൂർത്തിയായിട്ടുണ്ട്. ഏകദേശം 13 ദശലക്ഷം റിയാൽ ചെലവിൽ ഒരുങ്ങുന്ന ഈ പദ്ധതി വിലായത്തിനുള്ളിൽ കണക്റ്റിവിറ്റി വർധിപ്പിക്കാൻ ലക്ഷ്യമിടുന്നു.
2026 അവസാനത്തോടെ പൂർത്തീകരിക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. നരവധി വികസന പദ്ധതികൾ അണിയറയിൽ ഒരുങ്ങുന്നുണ്ടെന്ന് അധികൃതർ പറഞ്ഞു. സൈഹ് അൽ ഖൈറത്ത്-അൽ ഷിസ്ർ റോഡ്, ഷഹാബ് അസൈബ്-നിയാബത്ത് റോഡ് എന്നിവയുടെ ഡിസൈൻ ഘട്ടം പൂർത്തിയായി.
സലാലയിലെ അൽ മുഗ്സൈൽ പാലവും റെയ്സുത്-അൽ മുഗ്സൈൽ റോഡ് ഇരട്ടിപ്പിക്കൽ പദ്ധതിയും അന്തിമ അനുമതി ഘട്ടത്തിലേക്ക് നീങ്ങിയിട്ടുണ്ട്.
ഏകദേശം 400 കിലോമീറ്റർ നീളമുള്ള ഹൈമ-തുംറൈത് റോഡ് ഇരട്ടിപ്പിക്കൽ പദ്ധതി സാങ്കേതികവും സാമ്പത്തികവുമായ വിശകലനത്തിന്റെ അവസാന ഘട്ടത്തിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.