അക്ഷരമധുരം പകർന്ന് മലയാളം മിഷനും മലയാളം ഒമാൻ ചാപ്റ്ററും
text_fieldsമസ്കത്ത്: പ്രവാസലോകത്ത് മലയാള ഭാഷ-സാംസ്കാരിക വ്യാപനത്തിനായി പ്രവർത്തിക്കുന്ന രണ്ടു സാംസ്കാരിക സംഘടനകളാണ് മലയാളം മിഷനും മലയാളം ഒമാൻ ചാപ്റ്ററും. 2011ൽ രൂപംകൊണ്ട മലയാളം ഒമാൻ ചാപ്റ്റർ യശഃശരീരനായ ഡോ. സുകുമാർ അഴീക്കോടിന്റെ നിർദേശപ്രകാരം ഒമാനിലെ ഒരുപറ്റം ഭാഷാ സ്നേഹികളായ സാംസ്കാരിക പ്രവർത്തകരുടെ നേതൃത്വത്തിലാണ് ആരംഭിക്കുന്നത്.
പിന്നീട് ഈ സംഘടനയുടെ പ്രവർത്തന മികവ് മൂലം കേരള സർക്കാറിന്റെ നേതൃത്വത്തിൽ രൂപവത്കരിച്ച മലയാളം മിഷന്റെ പ്രവർത്തനം മലയാളം ഒമാൻ ചാപ്റ്ററിനു നൽകി. എന്നാൽ 2017ൽ മലയാളം മിഷൻ പുനഃസംഘടിപ്പിച്ച് പുതിയ ഭാരവാഹികൾ വന്നതോടെ രണ്ടും പ്രത്യേകമായാണ് പ്രവർത്തിക്കുന്നത്.
മലയാള ഭാഷാ പഠനവും സാംസ്കാരിക അറിവും നൽകുന്ന മലയാളം ഒമാൻ ചാപ്റ്ററിന് സുൽത്താനേറ്റിന്റെ വിവിധ ഭാഗങ്ങളിൽ 14 പഠനകേന്ദ്രമുണ്ട്. നിലവിൽ സൂർ, ഇബ്ര, സുഹാർ, സിനാവ് എന്നിവിടങ്ങളിലാണ് ക്ലാസ്. പ്രവർത്തനം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി വേൾഡ് മലയാളി ലിറ്ററേച്ചർ കൾചറൽ ഫെസ്റ്റിവൽ സംഘടിപ്പിക്കും. ഇതിന്റെ ലോഗോ ഷാർജ അന്തർദേശീയ പുസ്തകോത്സവത്തിൽ പ്രകാശനം ചെയ്യുമെന്ന് മലയാളം ഒമാൻ ചാപ്റ്റർ പ്രസിഡന്റ് അൻവർ ഫുല്ല പറഞ്ഞു. പ്രമുഖ ഭാഷ പണ്ഡിതൻ ഭാസ്കര പൊതുവാൾ ആണ് രക്ഷാധികാരി. മലയാളം ഒമാൻ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിലുള്ള കേരളപ്പിറവി ദിനാഘോഷം നവംബർ നാലിന് നടക്കും.
കേരള സർക്കാറിന്റെ മേൽനോട്ടത്തിൽ നടക്കുന്ന മലയാളം മിഷൻ പ്രവർത്തനം ഒമാനിൽ കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കാനൊരുങ്ങുകയാണ്. നിലവിൽ സൂർ, സലാല , സുഹാർ, മസ്കത്ത് ഉൾപ്പെടെ പത്തിലധികം സെന്റർ ഉണ്ട്. കണിക്കൊന്ന, സൂര്യകാന്തി, ആമ്പൽ, നീലക്കുറിഞ്ഞി എന്നിങ്ങനെ നാലു ഘട്ടമായാണ് പഠനം. ഇതിൽ സൂര്യകാന്തി എന്നഘട്ടം പൂർത്തിയാക്കുന്ന ആൾക്ക് പത്താം ക്ലാസ് വരെയുള്ള മലയാളം പഠിച്ച വ്യക്തിക്കുള്ള ഭാഷാപരിഞ്ജാനം ഉണ്ടാകും. പഠനത്തിനാവശ്യമായ പുസ്തകങ്ങൾ അൽബാജ് ബുക്സുമായി സഹകരിച്ചാണ് നാട്ടിൽനിന്ന് വരുത്തുന്നത്.
ആഴ്ചയിൽ ഒരുദിവസമാണ് ക്ലാസ്. മലയാളം മിഷന്റെ ആഭിമുഖ്യത്തിലുള്ള കേരളപ്പിറവിദിനാഘോഷം നവംബർ അഞ്ചിന് രാവിലെ പത്തിന് ഓൺലൈനിലൂടെ നടക്കും. കവി മുരുകൻ കാട്ടാക്കട മുഖ്യാതിഥിയാകുന്ന ചടങ്ങിൽ വിവിധ കലാപരിപാടികളും അരങ്ങേറും. ഇബ്ര, സുഹാർ എന്നീ പഠനകേന്ദ്രങ്ങളിലെ പ്രവേശനോത്സവവും അന്ന് നടക്കും. വി. സന്തോഷ് കുമാറാണ് ഒമാനിൽ മലയാളം മിഷന്റെ പ്രവർത്തനത്തിന് നേതൃത്വം നൽകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.