ആടിയും പാടിയും ആഘോഷമാക്കി ‘നില്ല് നില്ല് സുല്ല് സുല്ല്’
text_fieldsമസ്കത്ത്: മലയാളം ഒമാൻ ചാപ്റ്റർ സീബിലെ റാമി റിസോട്ടിൽ സംഘടിപ്പിച്ച മലയാളമഹോത്സവത്തിന്‍റെ ഭാഗമായി മലയാളം മിഷൻ മുൻ രാജ്യാന്തര പരിശീലകൻ ബിനു കെ.സാം നേതൃത്വം നൽകിയ ‘നില്ല് നില്ല് സുല്ല് സുല്ല്’ കുട്ടിക്കൂട്ടം പരിപാടി നവ്യാനുഭവമായി. നാട്ടുവർത്തമാനങ്ങൾ പറഞ്ഞും മുത്തശ്ശിക്കഥകൾ കേട്ടും,കടംകഥകൾ പാടിയും, നാടൻ ശീലുകളിൽ രസിച്ചും നാട്ടിലെ വേനലവധിയുടെ നേരനുഭവായി കുട്ടികൾക്ക് ബിനു കെ. സാമിനോടൊപ്പമുള്ള ഒരു പകൽ.
കൈ അടിക്കുന്നതിൽ ഒരാനന്ദമുണ്ടെന്നു തെളിയിച്ച് അഞ്ച് വ്യത്യാസ്താനുഭവങ്ങൾ പകർന്നു കൊണ്ടാണ് അദ്ദേഹം കളിചിരിക്ക് തുടക്കം കുറിച്ചത്. ചെണ്ടകൊട്ടലിന്‍റെയും കൊമ്പുവിളിയുടെയും പൂരമായിരുന്നു പിന്നീട് അരങ്ങേറിയത്. ആമയുടെയും മുയലിന്‍റെയും ഓട്ടപ്പന്തയത്തിന്‍റെയും തുടർക്കഥ കുട്ടികളെക്കൊണ്ടുതന്നെ പറയിച്ച് കുഞ്ഞുണ്ണിമാഷിന്‍റെ ഒന്നെന്നെങ്ങനെയെഴുതാം എന്ന പാട്ടുപാടിച്ച് എല്ലാ മനുഷ്യനും ഒന്നാണെന്ന വലിയ സത്യം കുഞ്ഞുമനസ്സിലേക്ക് ആഴത്തിൽ പതിപ്പിക്കാൻ ബിനു കെ.സാം എന്ന പരിശീലകമാന്ത്രികനു കഴിഞ്ഞു.
എ.ആർ. റഹ്മാന്റെ റെക്കോഡിങ് സ്റ്റുഡിയോയിലെത്തിച്ച് കുട്ടികളെക്കൊണ്ട് പാട്ടുപാടിച്ചതുവഴി അഭിനയത്തിന്‍റെയും ആലാപനത്തിന്‍റെയും മാസ്മരിക ലോകത്തിലൂടെ കൂട്ടിക്കൊണ്ടുപോകാൻ അദ്ദേഹത്തിനു കഴിഞ്ഞു.
കൂട്ടികൾക്ക് പുതിയ ലോകം സമ്മാനിച്ച് പരിപാടി അവസാനിക്കുമ്പോൾ ജൂനിയർ സബ്ജൂനിയർ വിഭാഗങ്ങളിലായി ആറ് മിടുക്കരെ കണ്ടെത്തിക്കഴിഞ്ഞിരുന്നുവെന്ന് മലയാളം ഒമാൻ ചാപ്റ്റർ ചെയർമാൻ മുഹമ്മദ് അൻവർ ഫുല്ല, വൈസ് ചെയർമാൻ സദാനന്ദൻ എടപ്പാൾ, ജനറൽ സെക്രട്ടറി രതീഷ് പട്ടിയാത്ത്, രക്ഷാധികാരി അജിത് പനച്ചയിൽ എന്നിവർ പറഞ്ഞു. പങ്കെടുത്ത മുഴുവൻ കുട്ടികൾക്കും സമ്മാനക്കിറ്റുകളും ഗിഫ്റ്റ് വൗച്ചറുകളും നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.