മലയാളത്തെ അടയാളപ്പെടുത്തി മലയാളം മിഷൻ ഒമാൻ 'അക്ഷരം 2024'
text_fieldsമസ്കത്ത്: മലയാളം മിഷൻ ഒമാൻ സംഘടിപ്പിച്ച അക്ഷരം 2024 സാംസ്കാരിക മഹാമേള റുസൈലിലുള്ള മിഡിലീസ്റ്റ് കോളേജിൽ നടന്നു. മലയാളം മിഷൻ ഒമാൻ ചാപ്റ്ററിലെ വിവിധ മേഖലകളിൽനിന്നുള്ള നൂറിലധികം കുട്ടികൾ അവതരിപ്പിച്ച കലാപരിപാടികളോടെ അക്ഷരോത്സവത്തിന് കൊടിയേറി.
തുടർന്നു നടന്ന സാംസ്കാരിക സമ്മേളനം ഉന്നത വിദ്യാഭ്യാസ സാമൂഹിക നീതി വകുപ്പ് മന്ത്രി ഡോ. ആർ.ബിന്ദു ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ മലയാളം മിഷൻ ഡയറക്ടറും പ്രമുഖ കവിയുമായ മുരുകൻ കാട്ടാക്കട, കേരള സംഗീത നാടക അക്കാദമി ചെയർമാനും കേരളത്തിലെ എണ്ണം പറഞ്ഞ ചെണ്ട വാദകനുമായ പത്മശ്രീ മട്ടന്നൂർ ശങ്കരൻ കുട്ടി, ഒമാനിലെ സാമൂഹിക സാംസ്കാരിക മേഖലയിൽനിന്നുള്ള പ്രമുഖർ, മലയാളം മിഷൻ ഒമാൻ ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.
പ്രവാസലോകത്തെ കുട്ടികൾ അവതരിപ്പിച്ച പരിപാടികൾ നാട്ടിൽ നിന്നെത്തിയ തങ്ങളെ വിസ്മയിപ്പിച്ചുവെന്നും മലയാളം മിഷൻ ഒമാന് എല്ലാ ഭാവുകങ്ങൾ നേരുന്നതായും മന്ത്രി പറഞ്ഞു. 70 രാജ്യങ്ങളിലായി നൂറ്റിപ്പതിനഞ്ചു ചാപ്റ്ററുകൾ നിലവിൽ മലയാളം മിഷന് കീഴിലുണ്ടെന്നും അതിൽ ഇത്രയും വലിയൊരു മഹാമേള സംഘടിപ്പിക്കുന്ന ആദ്യ ചാപ്റ്റർ ഒമാനാണെന്നും മുഖ്യ പ്രഭാഷണത്തിൽ മലയാളം മിഷൻ ഡയറക്ടർ മുരുകൻ കാട്ടാക്കട പറഞ്ഞു.
ചെയർമാൻ ഡോ. ജെ രത്നകുമാർ അധ്യക്ഷതവഹിച്ചു. പ്രവാസി ക്ഷേമനിധി ബോർഡ് ഡയറക്ടർ വിൽസൻ ജോർജ്, മലയാളം മിഷൻ പ്രസിഡന്റ് കെ. സുനിൽ കുമാർ, ജോയന്റ് സെക്രട്ടറിമാരായ അനുപമ സന്തോഷ്, രാജീവ് മഹാദേവൻ എന്നിവർ സംസാരിച്ചു.
മലയാളം മിഷൻ ഒമാൻ സെക്രട്ടറി അനു ചന്ദ്രൻ സ്വാഗതവും ട്രഷറർ പി. ശ്രീകുമാർ നന്ദിയും പറഞ്ഞു. നിയുക്ത ഇന്ത്യ - ജി.സി.സി കൗൺസിൽ മെംബർ സന്തോഷ് ഗീവർ, ഇന്ത്യൻ സ്കൂൾ ബി.ഒ.ഡി ഫിനാൻസ് ഡയറക്ടർ നിധീഷ് കുമാർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
മലയാളം മിഷൻ ഒമാൻ ഏർപ്പെടുത്തിയ പ്രഥമ 'പ്രവാസി ഭാഷാ പുരസ്കാരം 2024' അവാർഡ് ജേതാവ് പി. മണികണ്ഠന് ആർ. ബിന്ദു സമ്മാനിച്ചു. സംസാകാരികോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച കഥ, കവിതാ രചനാ മത്സരങ്ങളിൽ വിജയികളായവർക്കുള്ള സമ്മാനങ്ങളും ചടങ്ങിൽ നൽകി.
സാംസ്കാരിക സമ്മേളനത്തിനുശേഷം മുരുകൻ കാട്ടാക്കട അവതരിപ്പിച്ച കാവ്യ സദസ്സും, അതിനുശേഷം മട്ടന്നൂർ ശങ്കരൻ കുട്ടിയും, ഹാർമോണിയം വിദഗ്ധ പ്രകാശ് ഉള്ളിയേരിയും ചേർന്നവതരിപ്പിച്ച പരിപാടിയുടെ മുഖ്യ ആകർഷണമായ ഫ്യുഷൻ പ്രോഗ്രാം 'ദ്വയം' അരങ്ങേറി. ഒമാനിലെ പ്രമുഖ വാദ്യോപകരണ വിദഗ്ധരും ദ്വയത്തിൽ അണിനിരന്നു.
കുലവാഴയും, കുരുത്തോലയും, മലയാള ഭാഷാ സാഹിത്യ വ്യക്തിത്വങ്ങളുടെ ഛായാചിത്രങ്ങളും, മലയാള സാഹിത്യ കൃതികളുടെ പുറം ചട്ടകളുടെ മാതൃകകളും കൊണ്ട് അലങ്കരിക്കപ്പെട്ട അക്ഷരനഗരി മേളയുടെ മുഖ്യ ആകർഷണമായി. ഡി.സി ബുക്സ്, അൽ ബാജ് ബുക്സ് എന്നിവരുടെ പുസ്തക ശാലകൾ മേളക്കു മാറ്റുകൂട്ടി.
മലയാളം മിഷൻ ഒമാനിലെ മസ്കത്ത്, സീബ്, സുഹാർ, സൂർ, ഇബ്ര, നിസ്വ മേഖലകളിൽനിന്നുള്ള പഠിതാക്കളും ഭാഷാധ്യാപകരും, ഭാഷാ പ്രവർത്തകരും, പൊതുജനങ്ങളുമടക്കം വലിയൊരു ജനാവലി പരിപാടിയുടെ ഭാഗമായി. പരിപാടിയുടെ വിജയത്തിനായി സഹകരിച്ച മുഴുവൻ വ്യക്തികളോടും സംഘടനകളോടും സ്ഥാപനങ്ങളോടുമുള്ള സ്നേഹവും നന്ദിയും അറിയിക്കുന്നതായും മലയാളം മിഷൻ ഭാരവാഹികൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.