തിരിച്ചുപിടിക്കണം, തനിമലയാളത്തെ
text_fieldsമസ്കത്തിലെ മലയാള ഭാഷ പഠനത്തിന്റെ നിലവാരത്തെ കുറിച്ച് പറയുകയാണെങ്കിൽ അത് പരിതാപകരമാണ്. കഴിഞ്ഞ കാൽനൂറ്റാണ്ടുകളായി ഈ ഭാഷ പഠിപ്പിച്ചിരുന്ന അധ്യാപകൻ എന്ന നിലയിലെ എന്റെ വിലയിരുത്തലാണ്.
ഇതിന് നിരവധി കാരണങ്ങളുണ്ട്. കഴിഞ്ഞ രണ്ടു വർഷമായി കോവിഡ് കാരണം നേരിട്ടുള്ള വിദ്യാഭ്യാസത്തിന് വിദ്യാർഥികൾക്ക് കഴിഞ്ഞിരുന്നില്ല. ഇത് ഭാഷാ പഠനത്തെ ഒട്ടൊന്നുമല്ല തളർത്തിയത്. ആദ്യകാലത്ത് സി.ബി.എസ്.ഇ മലയാളം ഉൾപ്പെടെയുള്ള പ്രാദേശിക ഭാഷ ഗൗരവമായി പഠിക്കാനുള്ള സിലബസിലായിരുന്നു. പതിയെ അതിന്റെ നിലവാരം തകരുന്ന രീതികൾ പിന്തുടരാൻ തുടങ്ങി.
ഇവിടത്തെ മിക്ക ഇന്ത്യൻ വിദ്യാലയങ്ങളിലും പ്രാഥമിക ക്ലാസിൽ ഇംഗ്ലീഷ് ആണ് അടിസ്ഥാന ബോധന മാധ്യമം. ആദ്യ ക്ലാസുകളിൽ മലയാളഭാഷക്ക് ഒരു സ്ഥാനവുമില്ല. മൂന്നാം ക്ലാസിലും നാലാം ക്ലാസിലുമെല്ലാം ചില സ്കൂളുകളിൽ മൂന്നാം ഭാഷയായി മലയാള അധ്യാപനം മരുന്നിന് മാത്രമായി നടത്തുന്നുണ്ട്. ഇതുകൊണ്ടുള്ള ഗുണം, മലയാളം പഠിച്ചു എന്നു പറയാം അത്ര തന്നെ. പതിയെ കുട്ടികൾക്ക് അപ്രാപ്യമായ ഒന്നായി മലയാളം മാറുന്നതിന്റെ പ്രധാനകാരണമിതാണ്. പൊതുവെ മലയാളികളുടെ മനോഭാവം മക്കൾ മലയാളം സംസാരിക്കുന്നതുപോലും കുറച്ചിലാണ് എന്നതാണ്.
മലയാളത്തിന്റെ പേരിൽ മസ്കത്തിൽതന്നെ അസോസിയേഷനുകളും ക്ലാസുകളുമെല്ലാം ഉണ്ട്.
അവർ നടത്തുന്നത് ഇംഗ്ലീഷ് സ്പെല്ലിങ് മത്സരം, വർഷത്തിൽ ഒരിക്കൽ നടത്തിവരുന്ന മലയാളം പ്രശ്നോത്തരി തുടങ്ങിയവയാണ്. ഇതിനപ്പുറത്തേക്ക് മലയാള ഭാഷയുടെ വളർച്ചക്ക് കൂടുതൽ ക്രിയാത്മകമായ ഇടപെടലുകൾ അത്യാവശ്യമാണ്. മലയാള ദിനപത്രങ്ങളും സാഹിത്യ കൃതികളും വായിക്കാൻ കുട്ടികളെ പ്രേരിപ്പിക്കണം. അതിൽ മികവുകാട്ടുന്നവരെ കണ്ടെത്തി പ്രോത്സാഹിപ്പിക്കണം. അധ്യാപകർ ഭാഷ ഹൃദയത്തിൽനിന്ന് ഹൃദയത്തിലേക്ക് പകരേണ്ടതാണ്. കുട്ടികൾ ഭാഷയെ സ്നേഹിക്കണം. അതിന് കുഞ്ഞുകഥകളിലൂടെയും കവിതകളിലൂടെയും അവർ ഭാഷയുടെ മാധുര്യത്തിലേക്ക് വരണം. കുഞ്ചനും തുഞ്ചനും ചങ്ങമ്പുഴയുമെല്ലാം അവന്റെ ഓർമകളിൽ മധുരം നിറക്കണം. മലയാള ഭാഷ ഐച്ഛികമായി എടുത്തവർതന്നെ മലയാളം പഠിപ്പിക്കണം. മാതൃഭാഷയും സംസ്കാരവുമെല്ലാം വിദ്യാഭ്യാസത്താൽ ആർജിക്കേണ്ട നൈപുണ്യങ്ങളാണെന്ന് ചിന്തിക്കുന്ന രക്ഷിതാക്കളുടെ സമൂഹവും വളർന്നുവരേണ്ടത് ഭാഷാ പരിേപാഷണത്തിന് അനിവാര്യമായ കാര്യങ്ങളാണ്.
(റൂവി ബ്രൈറ്റ് സ്റ്റാർ അക്കാദമിയുടെ അഡ്മിനിസ്ട്രേഷൻ ഡയറക്ടറാണ് ലേഖകൻ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.