ഓണാഘോഷത്തെ വരവേറ്റ് പ്രവാസികൾ
text_fieldsമസ്കത്ത്: ഗൃഹാതുര സ്മരണകൾക്ക് നിറംപകർന്ന് അത്തപ്പൂക്കളവും നാടൻ സദ്യകളുമൊരുക്കി പ്രവാസിസമൂഹം ഓണം ആഘോഷിച്ചു. മഹാമാരിയുടെ പിടിയിലമർന്ന കഴിഞ്ഞ രണ്ടുവർഷം ഫ്ലാറ്റുകളിലും വീടുകളിലും ഒതുങ്ങിയിരുന്ന ആഘോഷങ്ങൾ ഇത്തവണ പഴയ പ്രതാപത്തോടെ തിരിച്ചുപിടിക്കാനുള്ള ഒരുക്കത്തിലാണ് പ്രവാസി സംഘടനകൾ. വ്യാഴാഴ്ചയായിരുന്നു തിരുവോണമെങ്കിലും അവധിദിവസമായ വെള്ളിയാഴ്ചയായിരുന്നു ആഘോഷങ്ങൾക്ക് കൂടുതൽ 'മൂഡ്' വന്നത്. മലയാളികൾ ജോലിചെയ്യുന്ന പല കമ്പനികളും തിരുവോണ ദിവസമായ വ്യാഴാഴ്ച ഓണസദ്യകൾ സംഘടിപ്പിച്ചിരുന്നു.
വിവിധ റെസിഡൻസ് അസോസിയേഷന്‍റെ നേതൃത്വത്തിൽ ഫ്ലാറ്റുകൾ കേന്ദ്രീകരിച്ച് വെള്ളിയാഴ്ച ഓണാഘോഷങ്ങൾ നടന്നു. നീണ്ട ഇടവേളക്കുശേഷം സാമൂഹിക അകലമില്ലാതെ, ചേർന്നിരുന്ന് ഓണമുണ്ണാൻ കഴിഞ്ഞതിന്‍റെ സന്തോഷത്തിലായിരുന്നു പലരും. കലാപരിപാടികൾ, കായിക മത്സരങ്ങൾ എന്നിവ ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി. ഹോട്ടലുകളിൽ ഓണസദ്യകൾക്ക് നല്ല തിരക്കാണ് അനുഭവപ്പെട്ടത്. ഓഫിസ് ജീവനക്കാരുടെ ഒഴുക്ക് മുൻകൂട്ടിക്കണ്ട് ചെറിയ ഹോട്ടലുകൾ പോലും സദ്യക്കാവശ്യമായ സൗകര്യങ്ങളൊരുക്കിയിരുന്നു. ഉച്ചക്കു മുമ്പേ റസ്റ്റാറന്‍റുകൾക്കു മുന്നിൽ സദ്യക്കായുള്ള ക്യൂ രൂപപ്പെട്ടു. ഓൺലൈൻ സംവിധാനം വഴി മുൻകൂട്ടി ബുക്ക് ചെയ്ത് ഓണസദ്യ വീട്ടിലും ഓഫിസിലുമെത്തിച്ചവരുമുണ്ട്. പല ഹോട്ടലുകാരും നാട്ടിൽനിന്ന് പാചക വിദഗ്ധരെ എത്തിച്ചാണ് സദ്യയൊരുക്കിയിരുന്നത്. രണ്ട് റിയാൽ മുതൽ അഞ്ച് റിയാൽവരെയായിരുന്നു സദ്യകൾക്കയി ഈടാക്കിയിരുന്നത്. ഇത്തവണ സദ്യക്ക് നല്ല പ്രതികരണമാണുണ്ടായിരുന്നതെന്ന് ഹോട്ടൽ മേഖലയിലുള്ളവർ പറഞ്ഞു.
മലയാളികൾക്കു പുറമെ ഇതര നാട്ടുകാരും സദ്യയുണ്ട് ഓണമാഘോഷിച്ചു. ലീവ് കിട്ടിയവർ കുടുംബത്തോടൊപ്പവും അവധി കിട്ടാത്തവർ ഓഫിസിനുള്ളിലും ആഘോഷം കൊണ്ടാടി. മലയാളികളല്ലാത്തവരുടെ സ്ഥാപനങ്ങളിൽപോലും ഓണപ്പൂക്കളമൊരുക്കി. കസവ് മുണ്ടും സാരിയുമുടുത്താണ് മലയാളി ജീവനക്കാർ ഓഫിസിലെത്തിയത്. ഇത്തവണ ഓണം ആഘോഷിക്കാനായി നാട്ടിലേക്ക് പോകുന്നവരുടെ എണ്ണത്തിലും കുറവുവന്നിട്ടുണ്ട്. വേനലവധി കഴിഞ്ഞ് കുടുംബങ്ങൾ നാട്ടിൽനിന്ന് മടങ്ങിയെത്തിയിട്ട് ആഴ്ചകളേ ആയിട്ടുള്ളൂ എന്നതും നാട്ടിലെ പ്രതികൂല കാലാവസ്ഥയുമാണ് പ്രധാന കാരണം. നാട്ടിൽ മഴ കവർന്ന ഓണക്കാലത്തിനപ്പുറത്ത് ഗൾഫിലെ ചൂട് കുറഞ്ഞുവരുന്ന സുഖകരമായ കാലാവസ്ഥ ഓണാഘോഷങ്ങൾക്ക് അനുകൂല സാഹചര്യമാണ്.
പ്രവാസ ലോകത്തെ യഥാർഥ ആഘോഷങ്ങൾ തുടങ്ങുന്നത് ഇനി വരുന്ന വാരാന്ത്യ ദിനങ്ങളിലായിരിക്കും. വിവിധ സംഘടനകളുടെ നേതൃത്വത്തിൽ ഓണപ്പരിപാടികളും ഓണ സദ്യകളും അണിയറയിൽ ഒരുങ്ങുന്നുണ്ട്. മസ്കത്തിലെ ഇന്ത്യൻ എംബസി വിവിധ പരിപാടികളോടെ ഓണം ആഘോഷിച്ചു. സാംസ്കാരിക പ്രദർശനം, വർണാഭ ഘോഷയാത്ര, സദ്യ എന്നിവ ഓണത്തോടനുബന്ധിച്ച് ഒരുക്കിയിരുന്നു. ഇന്ത്യൻ സ്ഥാനപതി അമിത് നാരങ് സംബന്ധിച്ചു. എംബസി ഉദ്യോഗസ്ഥരും ജീവനക്കാരും കുടുംബത്തോടൊപ്പമാണ് ഓണാഘോഷത്തിൽ പങ്കെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.