മലയാളികൾ വിഷു ഒരുക്കത്തിൽ
text_fieldsമസ്കത്ത്: വിഷു വരവറിയിച്ച് ഒമാനിലെ ചില ഭാഗങ്ങളിൽ മലയാളികൾ ഐശ്വര്യത്തിന്റെ പ്രതീകമായി കാണുന്ന കണിക്കൊന്ന പൂത്തു. റൂവിയിലെ ചില ഭാഗങ്ങളിലാണ് മലയാളികൾക്ക് ഗൃഹാതുരത്വത്തിന്റെറ ഓർമകൾ സമ്മാനിച്ച് കണിക്കൊന്നകൾ പൂത്തുലഞ്ഞത്. ചൂട് വർധിച്ചതോടെ പെട്ടെന്നാണ് കൊന്നകൾ മഞ്ഞയണിഞ്ഞത്. ഇതോടെ മലയാളികളുടെ മുഖ്യ ശ്രദ്ധാകേന്ദ്രമായി കണിക്കൊന്നകൾ. വിഷുക്കണിക്കായി കൊന്നമരങ്ങൾ അന്വേഷിച്ച് നടക്കുന്ന മലയാളികളും നിരവധിയായിരുന്നു. ഒമാനിൽ നിരവധി കൊന്ന മരങ്ങളുണ്ട്.
ഇവയിൽ പലതും പൂക്കുന്നത് വിഷുകഴിഞ്ഞാണ്. റൂവി, ദാർസൈത്ത്, ഖുറം, അൽ ഖുവൈർ, മദീനത്ത് ഖാബൂസ്, അൽ ഖുബ്റ, ശാത്തി അല ഖുറം തുടങ്ങിയ ഭാഗങ്ങളിൽ നിരവധി കൊന്ന മരങ്ങൾ കാണാം. സുൽത്താൻ ഖാബൂസ് ഹൈവേയുടെ ഇരു ഭാഗങ്ങളിലും നിരവധി കൊന്ന മരങ്ങളുണ്ട്. മാസം തെറ്റിയാണെങ്കിലും റോഡിനിരുവശവും പൂത്തുലഞ്ഞ് നിൽകുന്ന കണിക്കൊന്നകൾ ചേതോഹര കാഴ്ച തന്നെയാണ്. വിഷുവിന് ഇന്ത്യയിൽനിന്ന് കണിക്കൊന്നകൾ എത്താറുണ്ടെങ്കിലും പലരും ഒമാനിലെ കൊന്ന മരങ്ങൾ തന്നെയാണ് വിഷുക്കണിക്ക് ഉപയോഗിക്കുന്നത്. അതിനാൽ വിഷുകഴിയുന്നതോടെ മിക്ക കൊന്ന മരങ്ങളിലും പൂവൊഴിയും.
ഒമാൻ ടെൽ ഓഫിസിന് സമീപം കഴിഞ്ഞ വർഷം വിഷുത്തലേന്ന് പൂ പറിക്കാൻ മലയാളികളുടെ വൻ തിരക്കായിരുന്നു. കോണിവെച്ച് കയറിയും പൂക്കൾ ശേഖരിച്ചവരുണ്ടായിരുന്നു. റോയൽ ഓപ്റ ഹൗസിന് ചുറ്റും നിരവധി കൊന്ന മരങ്ങളുണ്ട്. ഇവയിൽ ചിലതും കഴിഞ്ഞ വർഷം പൂത്തിരുന്നു. മതിൽ കടന്ന് ഉള്ളിൽ കടക്കാൻ പറ്റാത്തതിനാൽ തോട്ടക്കാരെയും മറ്റും സമീപിച്ച് കണിക്കൊന്ന സ്വന്തമാക്കിയവരും നിരവധിയാണ്. ഒമാനിൽ കണിക്കൊന്നയോട് സാമ്യമുള്ള മറ്റൊരും മരവും വ്യാപകമായിട്ടുണ്ട്. ഇവക്ക് കൊന്നക്ക് സമാനമായ മഞ്ഞപ്പൂവ് തന്നെയാണുള്ളത്. സുൽത്താൻ ഖാബൂസ് ഹൈവേയിൽ പഴയ വിമാനത്താവളത്തിന് സമീപമാണ് ഇത്തരം മരങ്ങൾ വ്യാപകമായി കാണുന്നത്. ഇവയിൽ എല്ലാ കാലത്തും നിറയെ പൂവും ഉണ്ടാവും. ഒറിജിനൽ കണിക്കൊന്ന കിട്ടാത്തവരിൽ ചിലർ ഇതും കണിക്കായി ഉപയോഗിക്കാറുണ്ട്. ഏതായാലും ഈ വർഷം വിഷുക്കാലത്ത് തന്നെ ചില കൊന്ന മരങ്ങളെങ്കിലും പൂത്തത് മലയാളികൾക്ക് അനുഗ്രഹമാവുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.