ഏഴു വർഷത്തെ ഇടവേളക്കുശേഷം മലയാളി ഹജ്ജ് സംഘം 16ന് പുറപ്പെടും
text_fieldsമസ്കത്ത്: ഏഴു വർഷത്തെ ഇടവേളക്കുശേഷം ഒമാനിൽനിന്നുള്ള മലയാളി ഹജ്ജ് സംഘം അടുത്ത വെള്ളിയാഴ്ച യാത്ര പുറപ്പെടും. മസ്കത്തിലെ മൻബഉൽ ഹുദാ ഇസ്ലാമിക് സ്കൂൾ പരിസരത്തുനിന്ന് രാവിലെ ഒമ്പതു മണിക്കാണ് യാത്ര തിരിക്കുക. വിമാനമാർഗം പുറപ്പെടുന്ന സംഘത്തെ പണ്ഡിതൻ മുഹമ്മദലി ഫൈസിയാണ് നയിക്കുക. 51 പേരാണ് സംഘത്തിലുള്ളത്. ഒരാളുടെ ഹജ്ജ് നിരക്ക് 2250 റിയാലാണ്. മലയാളി ഗ്രൂപ്പിനൊപ്പം പോകുന്നത് കാരണം ഹജ്ജ് കർമങ്ങൾ മനസ്സിനൊത്ത രീതിയിൽ ചെയ്യാൻ കഴിയുമെന്നാണ് ഹാജിമാർ പ്രതീക്ഷിക്കുന്നത്.
2015ലാണ് അവസാനമായി മലയാളി ഹജ്ജ് സംഘം മസ്കത്തിൽനിന്ന് യാത്ര പോയതെന്ന് ഈ വർഷത്തെ ഹജ്ജ് സംഘത്തെ നയിക്കുന്ന മുഹമ്മദലി ഫൈസി പറഞ്ഞു. ഒരു പരീക്ഷണം എന്നനിലക്കാണ് ഈ വർഷം യാത്ര മസ്കത്ത് സുന്നി സെന്റർ സംഘടിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോൾ ഹജ്ജ് യാത്രക്ക് നിരവധി പ്രതിസന്ധികളുണ്ട്. ഔഖാഫിന്റെ വെബ് സൈറ്റിൽ രജിസ്റ്റർ ചെയ്തതിനുശേഷം നറുക്കെടുപ്പിലൂടെയാണ് ഹജ്ജിന് പോകുന്നവരെ തിരഞ്ഞെടുക്കുന്നത്.
ഹജ്ജിന്റെ കുത്തിവെപ്പ് നടത്തിക്കഴിഞ്ഞാൽ മാത്രമാണ് യാത്രാനുമതി ഉറപ്പാക്കുക. ഹജ്ജിന് കൊണ്ടുപോകുന്ന മുഖാബലുകളെന്ന പേരിൽ അറിയപ്പെടുന്ന ഏജന്റുമാരെ തിരഞ്ഞെടുക്കാനുള്ള അവകാശം യാത്രക്കാർക്കായിരിക്കും. ഈ വർഷം ഹജ്ജിന് നറുക്കെടുപ്പ് ലഭിച്ചവരുമായി ബന്ധപ്പെട്ട് ഇവരെ ഒരേ മുഖാബലിന് കീഴിൽ കൊണ്ടുവന്ന് ഗ്രൂപ് രൂപവത്കരിക്കുകയായിരുന്നു. ഏറെ വർഷത്തെ ഇടവേളക്കുശേഷം ഹജ്ജ് സംഘത്തെ നയിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
നിലവിൽ ഹജ്ജുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഒൗഖാഫ് മന്ത്രാലയം നേരിട്ടാണ് നിർവഹിക്കുന്നത്. ഈ വർഷം 14000 പേർക്കാണ് ഒമാനിൽനിന്ന് ഹജ്ജിന് അനുവാദം ലഭിച്ചത്. ഇതിൽ 13500 സ്വദേശികൾക്കാണ് അനുവദിച്ചിരിക്കുന്നത്. ബാക്കി 500ൽ പകുതി അറബ് വംശജർക്കാണ്. മലയാളികൾ അടക്കമുള്ള മറ്റെല്ലാ വിദേശികൾക്കും കൂടി 250 സീറ്റുകളാണുള്ളത്. ഇതിൽനിന്നുള്ള 51 യാത്രക്കാരാണ് വെള്ളിയാഴ്ച ഹജ്ജിന് പോകുന്നത്.
ഒരുകാലത്ത് ഒമാനിൽനിന്ന് ഹജ്ജിന് പോകുന്നത് ഏറെ എളുപ്പമായിരുന്നു. അപേക്ഷിക്കുന്നവർക്കെല്ലാം ഹജ്ജിനു പോകാൻ അവസരവും ലഭിച്ചിരുന്നു. ആദ്യ കാലങ്ങളിൽ 500 റിയാലിൽ താഴെ മാത്രമാണ് ഹജ്ജിന് ചെലവായിരുന്നത്. അതിനാൽ നാട്ടിൽനിന്ന് നിരവധി പ്രവാസികളുടെ കുടുംബങ്ങൾ ഒമാനിലെത്തി റോഡ് മാർഗം ഹജ്ജിന് പോയിരുന്നു.
അക്കാലത്ത് ഹജ്ജിന് കൊണ്ടുപോകുന്നതിനായി നിരവധി ഗ്രൂപ്പുകളുമുണ്ടായിരുന്നു. എല്ലാ മതസംഘടനകൾക്കും ഹജ്ജ് ഗ്രൂപ്പുകളുമുണ്ടായിരുന്നു. എന്നാൽ, ഇപ്പോൾ സംഗതികൾ ആകെ മാറിയിരിക്കുന്നു. ഹജ്ജ് ക്വാട്ട കുറഞ്ഞതും ചെലവ് വർധിച്ചതുമാണ് ഇത്തരം ഗ്രൂപ്പുകൾ നിലക്കാൻ കാരണം. എന്നാൽ ഇത്തരം ഗ്രൂപ്പുകൾ വീണ്ടും ഉയർന്നുവരുന്നത് പുതുതായി ഹജ്ജിന് പോകാൻ ആഗ്രഹിക്കുന്നവർക്ക് വലിയ അനുഗ്രഹമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.