വിഭവങ്ങൾ എത്തി; വിഷു ആഘോഷത്തിനൊരുങ്ങി മലയാളികൾ
text_fieldsവിഷുവിന്റെ ഭാഗമായി റൂവിയിലെ ലുലു ഹൈപ്പർമാർക്കറ്റിൽ എത്തിയ ഉൽപന്നങ്ങൾ
മസ്കത്ത്: നാട്ടിൽനിന്ന് വിഭവങ്ങൾ എത്തിത്തുടങ്ങിയതോടെ മലയാളികൾ വിഷു ആഘോഷ തിരക്കിലേക്ക് നീങ്ങി . വിഷു ദിനം ഒമാനിൽ പ്രവൃത്തി ദിനമായത് ആഘോഷപൊലിമ കുറക്കും. മലയാളികളുടെ മേൽനോട്ടത്തിലുള്ള കമ്പനിയിൽ ജോലി ചെയ്യുന്നവർക്ക് അവധി ലഭിക്കുമെങ്കിലും ബാക്കിയുള്ളവർക്ക് വിഷു പ്രവൃത്തി ദിവസമായിരിക്കും. അതിനാൽ മലയാളികളിൽ പലരും വിഷു ദിനത്തിൽ ജോലി ചെയ്യേണ്ടി വരും. കുടുംബമായി കഴിയുന്നവർ കുടുംബത്തോടൊപ്പവും ഒറ്റക്ക് താമസിക്കുന്നവർ കൂട്ടായി ചേർന്നും ആഘോഷങ്ങൾ നടത്തും.
വിഷുവിന്റെ പ്രധാന ചടങ്ങാണ് വിഷുക്കണി. കണിവെള്ളരിയും കണിക്കൊന്നയും കണിമാങ്ങയും അടക്കം നിരവധി കണി വിഭവങ്ങൾ ഒരുക്കാനുള്ള ഒരുക്കത്തിലാണ് മലയാളികൾ. ഹൈപ്പർ മാർക്കറ്റുകളിലും വ്യാപാര സ്ഥാപനങ്ങളിലും വിഷുക്കണിവിഭവങ്ങൾ എത്തിക്കഴിഞ്ഞു. ഇതിനാൽ വാരാന്ത്യ അവധി ദിവസങ്ങളിൽ വ്യാപാര സ്ഥാപനങ്ങളിൽ വൻ തിരക്കാണ് അനുഭവപ്പെട്ടത്. കണിവെള്ളരി, കണിമാങ്ങ, തേങ്ങ മറ്റ് കണിക്കാവശ്യമായ പച്ചക്കറി വിഭവങ്ങൾ എന്നിവ എത്തികഴിഞ്ഞു. എന്നാൽ ശനി, ഞായർ ദിവസങ്ങളിലായാണ് കണികൊന്ന നാട്ടിൽ നിന്ന് എത്തുക. ഒമാന്റെ വിവിധ ഭാഗങ്ങളിൽ നൂറ് കണക്കിന് കണികൊന്ന മരങ്ങളുണ്ട്.
വിഷു ആഘോഷത്തിന്റെ ഭാഗമായി പ്രധാന ഹൈപർമാർകറ്റുകളിലെല്ലാം വിഷു കിറ്റുകളും ലഭ്യമാണ്. വിവിധ പച്ചക്കറികൾ അടങ്ങിയ കിറ്റുകൾക്ക് ഒരു റിയാലിൽ താഴെയാണ് പല സ്ഥാപനങ്ങളും ഈടാക്കുന്നത്. ഇത്തരം കിറ്റുകൾ ഏതാണ്ടെല്ലാ മലയാളികളും വാങ്ങി കൂട്ടുന്നുണ്ട്. സാമ്പാർ വിഭവങ്ങളാണ് കാര്യമായി കിറ്റിലുണ്ടാവുക. വിഷു കോടികളും വിഷുവിലെ വസ്ത്രങ്ങളും വിപണിയിലെത്തിയിട്ടുണ്ട്. വിഷുവിനോടനുബന്ധിച്ച് ഹൈപർമാർക്കറ്റുകളും ഹോട്ടലുകളും വിഷു സദ്യയും ഒരുക്കുന്നുണ്ട്. ഹോട്ടലുകളിൽ നിരവധി വിഭവങ്ങളുമായുള്ള വിഷു സദ്യക്ക് ഓർഡറുകൾ സ്വീകരിച്ചു തുടങ്ങി.
വിഷു വരവറിയിച്ച് കണിക്കൊന്നകൾ പൂത്തു
ഒമാനിൽ ഇത്തവണ നിരവധി കൊന്ന മരങ്ങൾ
വിഷു വരവറിയിച്ച് ഒമാനിലെ ചില ഭാഗങ്ങളിൽ ഐശ്വര്യത്തിന്റെ പ്രതീകമായി കണിക്കൊന്ന പൂത്തു. റുവിയിലെ ചില ഭാഗങ്ങളിലാണ് മലയാളികൾക്ക് ഗൃഹാതുരത്വത്തിന്റെ ഒാർമകൾ സമ്മാനിച്ച് കണിക്കൊന്നകൾ പൂത്തുലഞ്ഞത്. സി. ബി ഡി ഏരിയയിൽ സ്റ്റാർ സിനിമയുടെ പിറകിലായിട്ടാണ് കണ്ണിന് കുളിര് തരുന്ന കണിക്കൊന്ന നിറയെ പൂത്തു നിൽക്കുന്നത്. ചൂട് വർധിച്ചതോടെ പെട്ടെന്നാണ് കൊന്നകൾ മഞ്ഞയണിഞ്ഞത്. ഇതോടെ മലയാളികളുടെ മുഖ്യ ശ്രദ്ധാകേന്ദ്രമായി കണിക്കൊന്നകൾ. കഴിഞ്ഞ വർഷം സുഹാർ സുൽത്താൻ ഖാബൂസ് ഗ്രാൻഡ് മോസ്കിന്റെ മുറ്റത്തുള്ള കൊന്നയും പൂത്തിരുന്നു. ഒമാനിൽ നിരവധി കൊന്ന മരങ്ങളുണ്ട്. ഇവയിൽ പലതും പൂക്കുന്നത് വിഷുകഴിഞ്ഞാണ്.
റൂവി, ദാർസൈത്ത്, ഖുറം, അൽഖുവൈർ, മദീനത്ത് ഖാബൂസ്, അൽ ഖുബ്റ, ശാത്തി അല ഖുറം തുടങ്ങിയ ഭാഗങ്ങളിൽ നിരവധി കൊന്ന മരങ്ങൾ കാണാം. സുൽത്താൻ ഖാബുസ് ഹൈവേയുടെ ഇരു ഭാഗങ്ങളിലും നിരവധി കൊന്ന മരങ്ങളുണ്ട്. വിഷുവിന് ഇന്ത്യയിൽ നിന്ന് കണികൊന്നകൾ എത്താറുണ്ടെങ്കിലും പലരും ഒമാനിലെ കൊന്ന മരങ്ങളെ തന്നെയാണ് കണിക്ക് ഉപയോഗിക്കുന്നത്. റുവിയിലെ ഒമാൻടെൽ ഓഫീസിന് സമീപം വീട്ടമ്മമാരടക്കം നിരവധി പേർ കൊന്നപ്പൂ പറിക്കാനെത്താറുണ്ട്. റോയൽ ഒപേര ഹൗസിന് ചൂറ്റും നിരവധി കൊന്ന മരങ്ങളുണ്ട്. ഇവയിൽ ചിലതും കഴിഞ്ഞ വർഷം പൂത്തിരുന്നു.
ഒമാനിൽ കണിക്കൊന്നയോട് സാമ്യമുള്ള മറ്റൊരും മരവും വ്യാപകമായിട്ടുണ്ട്. ഇവ കൊന്ന പൂവിന് സമാനമായ മഞ്ഞ പൂവ് തന്നെയാണുള്ളത്. സുൽത്താൻ ഖാബുസ് ഹൈവേയിൽ പഴയ വിമാനത്താവളത്തിന് സമീപമാണ് ഇത്തരം വ്യാജ കൊന്ന മരങ്ങൾ വ്യാപകമായി കാണുന്നത്. ഇവയിൽ എല്ലാ കാലത്തും നിറയെ പൂവുകളും ഉണ്ടാവും. ഒറിജിനൽ കണിക്കൊന്ന കിട്ടാത്തവരിൽ ചിലർ കണികൊന്നക്ക് പകരം വ്യാജ കൊന്നയും കണിക്കായി ഉപയോഗിക്കാറുണ്ട്. നാട്ടിൽനിന്ന് എത്തിക്കുന്ന കൊന്ന പൂവാണ് മാർക്കറ്റിൽ ലഭിക്കുന്നത്. മുൻകൂട്ടി ഓർഡർ ചെയ്യുന്നവർക്കാണ് കൊന്നപ്പൂവ് ലഭിക്കുക. അല്ലാത്തവർക്ക് പ്ലാസ്റ്റിക് കൊന്നപൂവ് കൊണ്ട് തൃപ്തി അടയേണ്ടിവരും. ഏതായാലും ഈ വർഷം വിഷുക്കാലത്ത് തന്നെ ചില കൊന്ന മരങ്ങളെങ്കിലും പൂത്തത് മലയാളികൾക്ക് അനുഗ്രഹമാവുകയാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.