മാലികിന്റെ വിയോഗം കണ്ണീർ പടർത്തി
text_fieldsമസ്കത്ത്: ആദ്യകാല പ്രവാസിയുടെ വിയോഗം റൂവിയിലെ പ്രവാസികളിൽ കണ്ണീർ പടർത്തി. മാഹി കിടാരംകുന്ന് സ്വദേശി മൂസൈനാസിൽ പറമ്പത്ത് മാലിക്(60) ആണ് കഴിഞ്ഞ ദിവസം നാട്ടിൽ മരിച്ചത്. 40 വർഷമായി ഒമാനിൽ പ്രവാസ ജീവിതം നയിക്കുന്ന മാലിക് ചികിത്സ ആവശ്യാർഥം രണ്ടാഴ്ച മുമ്പാണ് നാട്ടിൽ പോയത്. ഒമാനിലെ ആദ്യ കാല മാർക്കറ്റുകളിൽ ഒന്നായിരുന്ന പപ്പു മാർക്കറ്റിൽ 35 വർഷത്തോളം വ്യാപാരം നടത്തിയിരുന്നു. അക്കാലത്തെ പ്രധാന വ്യാപാര കേന്ദ്രമായ പപ്പുമാർക്കറ്റിൽ നാട്ടിൽ പോവുന്നവർക്കാവശ്യമായ പെട്ടി, പുതപ്പ് അടക്കമുള്ള സ്റ്റേഷനറി ഐറ്റങ്ങളുള്ള കടയുടെ ഉടമായിരുന്നു.
പപ്പുമാർക്കറ്റ് പൊളിച്ചതോടെയാണ് മറ്റ് ജോലിയിലേക്ക് മാറിയത്. റൂവിയിലെ സാമൂഹിക സാംസ്കാരിക രാഷ്ട്രീയ മേഖലയിൽ നിറഞ്ഞ് നിന്നിരുന്ന മാലിക് പപ്പുമാർക്കറ്റിന്റെ മുഖം കൂടിയായിരുന്നു. സാംസ്കാരിക സംഘടനയായ കൈരളി റൂവി ശാഖയുടെ ആദ്യ കാലം മുതലുള്ള പ്രധാന പ്രവർത്തകനായിരുന്നു. ജനസേവന രംഗത്ത് മുന്നണിയിൽ നിന്നിരുന്ന ഇദ്ദേഹം പൊതുമാപ്പ് സമയത്തും കൊറോണ സമയത്തുമൊക്കെ സഹായഹസ്തവുമായി സജീവമായി രംഗത്തുണ്ടായിരുന്നു. ഇടതു സഹയാത്രികനായിരുന്ന മാലിക് നാട്ടിൽ ഇടതുപക്ഷം വിജയിക്കുമ്പോഴും സത്യപ്രതിജ്ഞ നടത്തുമ്പോഴുമൊക്കെ റൂവിയിൽ പായസ വിതരണവും മധുര പലഹാര വിതരണവുമൊക്കെ നടത്താൻ മുമ്പന്തിയിലുണ്ടായിരുന്നു. നേരത്തെ ഹൃദയ സംബന്ധമായ അസുഖമുണ്ടായിരുന്ന മാലിക് ശാരീരികഅസ്വസ്ഥതയെ തുടർന്നാണ് നാട്ടിലേക്ക് പോയത്. ഭാര്യ : മണിയിൽ ഷമീന മാലിക്. മക്കൾ : ഷസീം മാലിക്, മുസൈന മാലിക്, മുബീന മാലിക്, മിസ്ബഫാത്തിമ. മരുമക്കൾ : ഖദീജ എം.കെ, യൂസഫ് പി.പി, മുബാഷ് മുസ്തഫ. സഹോദരങ്ങൾ : മൻസൂർ പറമ്പത്ത്, മെഹറുന്നിസ പറമ്പത്ത്, മുസ്തഫ പറമ്പത്ത്, മൈമൂനത്ത് പറമ്പത്ത് (മീന), പരേതരായ മറിയു പറമ്പത്ത്, മുഹമ്മദ് യാസീൻ പറമ്പത്ത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.