പുതുവഴികളിൽ 'പറക്കുംതളികയുമായി' മല്ലുട്രാവലർ
text_fieldsടി.കെ. മുഹമ്മദ് അലി
മസ്കത്ത്: യാത്രയുടെ പുതുവഴികളിൽ 'പറക്കുംതളികയുമായി'പ്രമുഖ യൂട്യൂബർ മല്ലുട്രാവലറെന്ന ശാക്കിർ സുബ്ഹാൻ ഒമാനിലുമെത്തി. ലോക സഞ്ചാരത്തിന്റെ ഭാഗമായാണ് അദ്ദേഹവും ഭാര്യയും രണ്ട് കുട്ടികളും മസ്കത്തിലെത്തിയത്. ഒന്നരവർഷത്തോളം നീളുന്ന യാത്രയിൽ കുടുംബവും കൂടെയുണ്ട് എന്നതാണ് ഇപ്രാവശ്യത്തെ പ്രത്യേകയെന്ന് ശാക്കിർ പറഞ്ഞു. അത്കൊണ്ടുതന്നെ 'പറക്കുംതളിക'യെന്നപേരിൽ കാർ പ്രത്യേകം സജ്ജീകരിച്ചാണ് യാത്ര.
ഫ്രിഡ്ജ്, കിടക്കാൻ ബെഡുകൾ, കിച്ചൻ, സോളാർ പവർ സിസ്റ്റം, ഇലക്ട്രിക്ക് സ്റ്റൗ, ഗ്യാസ് സ്റ്റൗ, ഡ്യൂൽ ബാറ്ററി സിസ്റ്റം തുടങ്ങിയ സൗകര്യം വണ്ടിയിൽ ഒരുക്കിയിട്ടുണ്ട്. മലയാളികൾ ആദ്യമായി വാൻ ലൈഫ് പരിചയപ്പെടുന്നത് പറക്കും തളിക എന്ന സിനിമയിലൂടെയാണ്. അതിലെ താമരാക്ഷൻപിള്ള ബസ് മലയാളികൾക്ക് മറക്കാൻ പറ്റാത്തതാണ്. സിനിമയുടേതിന് സമാനമായ വാൻലൈഫിന് ഞങ്ങളുടെ യാത്രക്കും സാമ്യമുണ്ട്. അതിനാലാണ് കസ്റ്റമൈസ് ചെയ്ത വാഹനത്തിന് പറക്കും തളിക എന്ന് പേര് നൽകിയതെന്ന് മല്ലു ട്രാവലർ പറഞ്ഞു.
മുംബൈ വഴി ദുബൈയിൽ എത്തിച്ച് 24 ലക്ഷത്തോളം രൂപ ചെലവഴിച്ചാണ് വഹനം യാത്രക്കായി ഒരുക്കിയത്. ശാക്കിർ ആദ്യമായി ഒമാനിൽ എത്തുന്നത് 'ആമിന'ബൈക്കുമായാണ്. എന്നാൽ ഇത്തവണ കുടുംബം കൂടെയുള്ളതും ഒമാൻ ടൂറിസം അധികൃതർ നൽകുന്ന പിന്തുണയും കൂടുതൽ സന്തോഷം നൽകുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
യാത്രയുടെ ഒന്നാം ഘട്ടത്തിന്റെ ഭാഗമായി നിലവിൽ കുവൈത്ത് ഒഴികെയുള്ള ജി.സി.സി രാജ്യങ്ങളായിരിക്കും സന്ദർശിക്കുക. യു.എ.ഇ.യിൽനിന്നാണ് ഒമാനിലേക്ക് വന്നത്.
ഇവിടെനിന്ന് സൗദി, ഖത്തർ, ബഹ്റൈൻ തുടങ്ങിയ രാജ്യങ്ങളിലേക്ക് യാത്ര തിരിക്കും. പിന്നീട് യു.എ.ഇയിലെത്തി ഒരു ചെറിയ ഇടവേളക്കു ശേഷം യൂറോപ്യൻ യാത്ര തുടങ്ങാനാണ് ഇവരുടെ തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.