വിനായക ചതുർഥി ആഘോഷിച്ച്പ്രവാസികളും
text_fieldsമസ്കത്ത്: വിനായക ചതുർഥി മസ്കത്തിലെ പ്രവാസികൾ ആഹ്ലാദപൂർവം ആഘോഷിച്ചു. പൊതുവേ വടക്കേ ഇന്ത്യയിൽ നിന്നുള്ളവരുടെ പ്രധാന ആഘോഷമാണെങ്കിലും തെക്കേ ഇന്ത്യയിൽ നിന്നുള്ള തമിഴ്നാട് സ്വദേശികളും വിപുലമായി ആഘോഷിക്കാറുണ്ട്. പത്തുദിവസം നീളുന്ന ആഘോഷമാണ് വിനായക ചതുർഥി. ഇത്തവണ സെപ്റ്റംബർ പത്തുമുതൽ 19വരെയാണ് ആഘോഷം. വീടുകളിൽ മനോഹരമായ ഗണപതി വിഗ്രഹങ്ങൾ ഒരുക്കിയാണ് ആഘോഷം. പല രൂപങ്ങളിലുള്ള ഗണപതി വിഗ്രഹങ്ങൾ നഗരത്തിൽ ലഭ്യമാണെങ്കിലും ഈ വർഷം പലരും പ്രകൃതി സൗഹൃദ ഗണപതി വിഗ്രഹങ്ങളാണ് ഒരുക്കിയത്. പ്രവാസിയായ മഞ്ജുഷ ദേശ്പാെണ്ഡ ഇത്തരത്തിൽ കളിമണ്ണ് ഉപയോഗിച്ചാണ് ഗണപതി വിഗ്രഹം ഉണ്ടാക്കിയത്. എല്ലാവർഷവും ഗണപതി വിഗ്രഹങ്ങൾ വാങ്ങുകയാണ് പതിവെന്നും എന്നാൽ ഇത്തവണ സ്വന്തമായി ഉണ്ടാക്കാൻ തീരുമാനിക്കുകയായിരുന്നെന്നും അവർ പറഞ്ഞു. ധാരാളം സമയമെടുത്തെങ്കിലും പൂർത്തിയാക്കിയപ്പോൾ ഏറെ അഭിമാനം തോന്നിയതായി മഞ്ജുഷ ദേശ്പാെണ്ഡ കൂട്ടിച്ചേർത്തു. വ്യത്യസ്തമായ ഗണപതിയാണ് മുംതാസ് ഏരിയയിൽ താമസിക്കുന്ന മഹാരാഷ്ട്ര സ്വദേശി വിശാൽ ദേവാൾ നിർമിച്ചത്. ഇന്ത്യാ ഗേറ്റിൽ ഇരിക്കുന്ന രൂപത്തിലുള്ള ഗണപതിയെയാണ് വിശാൽ ദേവാൾ ഉണ്ടാക്കിയത്. ഈ വർഷം കുറേക്കൂടി മെച്ചപ്പെട്ട രീതിയിൽ ആഘോഷിക്കാൻ കഴിഞ്ഞതിൽ സന്തോഷം ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു. ദൈവം എല്ലാ മഹാമാരികളെയും നീക്കി ലോകത്ത് സമാധാനം കൊണ്ടുവരട്ടെ എന്നാണ് പ്രാർഥനയെന്നും വിശാൽ പറഞ്ഞു. പത്തു ദിവസം ബന്ധുക്കൾ, സുഹൃത്തുക്കൾ എന്നിവർ വീടുകളിലെത്തും. ഗണപതി ഉത്സവം ആരംഭിച്ച് പത്താം ദിവസമാണ് വിഗ്രഹം നദിയിൽ നിമജ്ജനം ചെയ്യുന്നത്. ഗൾഫ് രാജ്യങ്ങളിൽ വലിയ ആഘോഷം ഇല്ലെങ്കിലും പ്രതീകാത്മകമായി ചെറിയ ഗണപതി വിഗ്രഹം കടലുകളിൽ ഒഴുക്കാറുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.