സലാലയിൽ തെങ്ങിൽനിന്ന് വീണ് പരിക്കേറ്റ പാലക്കാട് സ്വദേശി ആശുപത്രിയിൽ
text_fieldsസലാല: തെങ്ങിൽനിന്ന് വീണ് ഗുരുതര പരിക്കേറ്റ മണ്ണാർക്കാട് സ്വദേശി കുഞ്ഞാമു (47) സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ ചികിത്സയിൽ. സലാല സെന്ററിനു സമീപമുള്ള മസ്ജിദ് ബാമസ്റൂഹിനു സമീപത്തുള്ള തോട്ടത്തിൽ ജോലിയെടുക്കുന്നതിനിടെ കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു അപകടം. സഹായികളോടൊപ്പം പതിവുപോലെ രാവിലെ തെങ്ങിൽ കയറിയതായിരുന്നു.
ഇതിനിടെ കൈയിലുണ്ടായിരുന്ന ആയുധത്തിൽനിന്ന് അബദ്ധത്തിൽ കാൽപാദത്തിന് വെട്ടേറ്റു. രക്തം കണ്ട് കുഞ്ഞാമുവിന്റെ ബോധം നഷ്ടപ്പെടുകയും പിടിവിട്ട് താഴേക്കു വീഴുകയുമായിരുന്നു. ഫോർമാൻ അലിയും മറ്റും ചേർന്ന് ഉടനെ ആശുപത്രിയിൽ എത്തിച്ചു. വീഴ്ചയിൽ രണ്ട് ഇടുപ്പെല്ലുകൾക്കും തകരാർ സംഭവിച്ചു. കൂടാതെ, പാദത്തിന്റെ എല്ലുകൾക്കും പരിക്കുണ്ട്. കുഞ്ഞാമുവിനെ അടിയന്തര ശസ്ത്രക്രിയകൾക്കായി നാട്ടിലേക്ക് കൊണ്ടുപോകാനുള്ള ശ്രമത്തിലാണ് നാട്ടുകാരും സുഹൃത്തുക്കളും. സ്ട്രച്ചറൽ ടിക്കറ്റിന് ഏകദേശം രണ്ടായിരം റിയാലോളം വേണ്ടിവരും. ആശുപത്രി തുക കൂടാതെ തുടർചികിത്സക്കും വലിയൊരു തുക വേണ്ടിവന്നേക്കും. മാസങ്ങളോളം വിശ്രമം വേണ്ടി വന്നേക്കുമെന്നാണ് ഡോക്ടർമാർ പറഞ്ഞത്.
സലാലയിലെ പ്രമുഖ മലയാളി സംഘടനകളുടെ ഭാരവാഹികൾ ഇതിനകം കുഞ്ഞാമുവിനെ സന്ദർശിക്കുകയും സഹായവാഗ്ദാനം നൽകിയിട്ടുമുണ്ട്. ഡിസംബർ 25ന് ഇദ്ദേഹത്തിന്റെ വിസ കാലാവധി തീരാനിരിക്കെയാണ് അപകടം.
പാലക്കാട് ജില്ലയിലെ മണ്ണാർക്കാട്ടുകാരനായ കുഞ്ഞാമുവിന് ഭാര്യയും രണ്ടു മക്കളുമാണുള്ളത്. രേഖകൾ ശരിയായാൽ ഡിസംബർ 23ന് ഇദ്ദേഹത്തെ നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് സഹായിയും നാട്ടുകാരനുമായ അലി പറഞ്ഞു. സാധാരണക്കാരനായ തെങ്ങുകയറ്റ തൊഴിലാളിയെ സഹായിക്കാൻ പ്രവാസികൾ മുന്നോട്ടുവരുമെന്നാണ് കുഞ്ഞാമുവിന്റെ പ്രതീക്ഷ. ഫോൺ: 95593858.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.