‘മാൻഡ്വി ടു മസ്കത്ത്’ പ്രഭാഷണ പരമ്പര സമാപിച്ചു
text_fieldsമസ്കത്ത്: മസ്കത്ത് ഇന്ത്യൻ എംബസി എട്ട് മാസങ്ങളിലായി നടത്തിയ ‘മാൻഡ്വി ടു മസ്കത്ത്: ഇന്ത്യൻ കമ്മ്യൂണിറ്റിയും ഇന്ത്യയുടെയും ഒമാനിന്റെയും പങ്കിട്ട ചരിത്രവും’ എന്ന തലക്കെട്ടിൽ നടത്തിയ പ്രഭാഷണ പരമ്പര സമാപിച്ചു. പരിപാടിയുടെ സമാപന പ്രഭാഷണത്തിൽ യു.എസിൽ നിന്നുള്ള പ്രഫ. കാൽവിൻ അലൻ ചരിത്രാതീത കാലം മുതൽ ആധുനിക യുഗം വരെയുള്ള ഒമാനിലെ ഇന്ത്യൻ പ്രവാസികളുടെ സമ്പന്നമായ ചരിത്രത്തെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു.
പുരാതന വ്യാപാര വഴികൾ മുതൽ സമകാലിക സഹകരണങ്ങൾ വരെയുള്ള സാംസ്കാരിക വിനിമയങ്ങൾ, ആളുകൾ തമ്മിലുള്ള ബന്ധങ്ങൾ, സാമൂഹിക-സാമ്പത്തിക ഇടപെടലുകൾ എന്നിവയെ കുറിച്ച് ഉൾക്കാഴ്ച നൽകുന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രഭാഷണം.
ഒമാനിലെ ഇന്ത്യൻ സ്കൂളുകളുടെ പരിണാമം ഹർഷേന്ദു ഷാ, ഹിന്ദു ക്ഷേത്രങ്ങളെക്കുറിച്ച് പ്രവാസി ഭാരതീയ സമ്മാൻ അവാർഡ് ജേതാവ് കിരൺ ആഷർ, ഒമാനിലെ ആധുനിക നവോത്ഥാന കാലത്തെ തന്റെ യാത്രയെ കുറിച്ച് പ്രവാസി ഭാരതീയ സമ്മാൻ പുരസ്കാരം നേടിയ ഡോ. പി. മുഹമ്മദ് അലി, ഇരുരാജ്യങ്ങളും തമ്മിലുള്ള ആഴത്തിൽ വേരൂന്നിയ ആളുകളും ജനങ്ങളും തമ്മിലുള്ള ബന്ധത്തെ കുറിച്ച് ധർമിൻ വേദ് എന്നിവർ വിശദീകരിച്ചു.
ഇന്ത്യ-ഒമാൻ ബന്ധം ശക്തിപ്പെടുത്തുന്നതിൽ ഇന്ത്യൻ സമൂഹത്തിന്റെ സംഭാവനകളെക്കുറിച്ചുള്ള അവബോധം വർധിപ്പിക്കുന്നതിൽ ‘മാൻഡവി ടു മസ്കത്ത്’ പ്രഭാഷണ പരമ്പര വഹിച്ച പ്രാധാന്യത്തെ കുറിച്ച് ഇന്ത്യൻ അംബാസഡർ അമിത് നാരങ് അടിവരയിട്ട് പറഞ്ഞു. പ്രഭാഷണ പരമ്പരയിൽ അവതരിപ്പിച്ച എല്ലാ പ്രബന്ധങ്ങളും സമാഹരിച്ച് പുസ്തകമായി പ്രസിദ്ധീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ഒക്ടോബർ 19ന് ഒമാൻ നാഷണൽ മ്യൂസിയത്തിൽ വിശിഷ്ട വ്യക്തികളുടെ സാന്നിധ്യത്തിൽ ഇന്ത്യൻ വിദേശകാര്യ, പാർലമെന്ററി കാര്യ സഹമന്ത്രി വി. മുരളീധരനാണ് പരമ്പര ഉദ്ഘാടനം ചെയ്തത്. നാഷനൽ മ്യൂസിയം ഓഫ് ഒമാൻ, ഒമാൻ ഹിസ്റ്റോറിക്കൽ അസോസിയേഷനുമായി സഹകരിച്ചാണ് പരമ്പര സംഘടിപ്പിച്ചത്. ഇന്ത്യ-ഒമാൻ ചരിത്രബന്ധങ്ങളെക്കുറിച്ച് അക്കാദമിക് വിദഗ്ധർ, ചരിത്രകാരന്മാർ, നരവംശശാസ്ത്രജ്ഞർ തുടങ്ങിയവർ ആയിരുന്നു പ്രഭാഷണം നടത്തിയിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.