മധുരമൂറും മാമ്പഴക്കാലം...
text_fieldsമസ്കത്ത്: ഒമാനിൽ ഇത് മാമ്പഴക്കാലം. ഹൈപർമാർക്കറ്റുകളിലും സൂപ്പർമാർക്കറ്റുകളിലും മറ്റു വ്യാപാര സ്ഥാപനങ്ങളിലും മാങ്ങകൾ സുലഭം. പാകിസ്താൻ മാങ്ങകൾ വിപണിയിലെത്തിയതോടെയാണ് വിപണിയിൽ മാങ്ങ സുലഭമായത്. ഇപ്പോൾ ഇന്ത്യൻ മാങ്ങകളുമു ള്ളതിനാൽ വിലയും കുറവാണ്.
എന്നാൽ, ഇന്ത്യൻ മാങ്ങകളുടെ സീസൺ അവസാനിക്കുകയാണ്. ഇതോടെ പാകിസ്താൻ മാങ്ങകൾ മാത്രമാണ് വിപണിയിലുണ്ടാവുക. ജൂലൈ പകുതിയാവുന്നതോടെ പാകിസ്താൻ മാങ്ങകളുടെ സീസൺ കഴിയാൻ തുടങ്ങും. ഇതോടെ വിലയും വർധിക്കും.
പല രുചിയിലും വലിപ്പത്തിലും രൂപത്തിലും നിറത്തിലുമുള്ള മാങ്ങകൾ വിപണിയിലുണ്ടാവും. നമ്മുടെ നാട്ടിലെ മാങ്ങകളും ഇപ്പോഴും വിപണിയിലുണ്ട്. കേസരി, മല്ലിക, നാട്ടിക, റുമാലി തുടങ്ങിയ നാട്ടുമാങ്ങകളാണ് ഇതുവരെ വിപണിയിലുണ്ടായിരുന്നത്. ഇവയിൽ പലതിന്റെയും സീസൺ അവസാനിച്ചു കഴിഞ്ഞു.
എങ്കിലും മാർക്കറ്റിൽ പലതും ഇപ്പോഴും ലഭ്യമാണ്. സീസൺ കഴിഞ്ഞതിനാൽ ഗുണനിലവാരം കുറയുകയും വില കൂടുകയും ചെയ്യും. സീസൺ കഴിഞ്ഞാൽ ഫ്രീസറിൽ സൂക്ഷിച്ച മാങ്ങകളാണ് ലഭിക്കുക.
സീസൺ കാലത്തെ തനിമ ഈ മാങ്ങകൾക്ക് കിട്ടില്ല. ഏറ്റവും രുചിയുള്ളത് ഇന്ത്യൻ മാങ്ങയായ അൽഫോൻസാണ്. രണ്ടാം സ്ഥാനത്താണ് ബദാമി. എന്നാൽ അൽഫോൻസ് മാങ്ങയുടെ സീസൺ കഴിഞ്ഞതിനാൽ ഗുണം കുറഞ്ഞ മാങ്ങയാണ് വിപണിയിലുള്ളത്. എന്നാൽ രാജാപുരി, ബദാമി, കേസരി തുടങ്ങിയ മാങ്ങകൾ വിപണിയലുണ്ട്.
പാകിസ്താൻ മാങ്ങകളായ സിന്ദിരി, സുനേറ എന്നിവയാണ് ഇപ്പോൾ വിപണിയിലുള്ളത്. സാധാരണ ഈ മാങ്ങ വിപണിയിലെത്തുന്നതോടെയാണ് മാങ്ങ വിപണി സജീവമാവുന്നതും മാങ്ങയുടെ വില കുറയുന്നതും.
ഇപ്പോൾ ഒരു കിലോ മാങ്ങക്ക് 400 ബൈസക്ക് അടുത്താണ് വില. കൂടുതൽ മാങ്ങകളെത്തുമ്പോൾ വിലയും കുറയും. ഇനിയുള്ള ദിവസങ്ങളിൽ മാങ്ങകൾ പെട്ടെന്ന് പാകമാവുകയും കേട് വരികയും ചെയ്യും. അതിനാൽ കൂടുതൽ ദിവസം മാങ്ങ സൂക്ഷിച്ച് വെക്കാൻ കഴിയില്ല.
പാകിസ്താന്റെ അൽമാസ് മാങ്ങകളാണ് ഇതുവരെ വിപണിയിലുണ്ടായിരുന്നത്. അതിന്റെ സീസൺ കഴിഞ്ഞതോടെയാണ് സിന്ദിരി വിപണിയിലെത്തിയത്. സിന്ദിരിയുടെ സീസൺ കഴിയുന്നതോടെ പാകിസ്താന്റെ ഫജ്റി മാങ്ങകൾ വിപണിയിലെത്തും. ഏതായാലും ജുലൈ അവസാനത്തോടെ പാകിസ്താൻ മാങ്ങയുടെ സീസണും കഴിയും. ഇതോടെ മാങ്ങകളുടെ വില കുതിച്ചുയരും.
യമനിന്റെ മാങ്ങകളാണ് ആദ്യം വിപണിയിലെത്തുന്നത്. ഇതിൽ കൽബത്തുർ മാങ്ങകളാണ് മാങ്ങാപ്രേമികൾ ഏറെ ഇഷ്ടപ്പെടുന്നത്. രൂപത്തിലും നിറത്തിലും ഭംഗിയിലും ഇവൻ മുമ്പിൽ തന്നെ. ഇവയുടെ തൂക്കം 500 ഗ്രാമിൽ അധികം വരും. ഇളം ഓറഞ്ച് നിറത്തിലുള്ള ഈ മാങ്ങ കാണാനും ചന്തമുള്ളതാണ്.
സീസൺ കാലത്തുപോലും ഇവയുടെ വില കിലോക്ക് ഒരു റിയാലിനടുത്ത് തന്നെ നിൽക്കും. സീസൺ കഴിയുന്നതോടെ ദക്ഷിണാഫ്രിക്ക അടക്കമുള്ള രാജ്യങ്ങളിലെ മാങ്ങകളാണ് വിപണിയിലുണ്ടാവുക. ഇതിന്റെ വിലയും കിലോക്ക് രണ്ട് റിയാലിനടുത്തായി ഉയരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.