ഒമാനിൽ മാമ്പഴക്കാലം
text_fieldsസൊഹാർ: പ്രവാസികളുടെ മനസ്സിനെ സ്വന്തം നാടിെൻറ ഓർമകളിലേക്ക് കൂട്ടിക്കൊണ്ടു പോകാൻ ഒമാനിൽ മാമ്പഴക്കാലമെത്തി. മാങ്ങ കാണുന്നത് ഏതൊരു മലയാളിയെയും നാടിെൻറ ഗൃഹാതുരതയിലേക്ക് നയിക്കും. ഇടതൂർന്നു വളർന്നുനിൽക്കുന്ന മാവിലേക്ക് നോക്കുമ്പോൾ പഴയ കുട്ടിക്കാലം ഓർമയിൽവരുന്നത് സ്വാഭാവികം. ഒമാനിൽ മാങ്ങയുടെ സീസണാണിത്. വാഹനങ്ങളിൽ സഞ്ചരിക്കുമ്പോൾ റോഡിെൻറ രണ്ടു വശങ്ങളിലുമുള്ള പറമ്പുകളിൽ മാങ്ങ വിളഞ്ഞുനിൽക്കുന്നത് കാണുന്നത് വല്ലാത്ത ഒരു വികാരം സൃഷ്ടിക്കുമെന്ന് ഔട്ട് ഡോർ സെയിൽസ്മാൻ ശിഹാബ് പറയുന്നു.
ഇവിടെയുള്ള കൃഷിയിടങ്ങളിലും ഫാമുകളിലും ധാരാളം മാങ്ങ കായ്ച്ചിട്ടുണ്ട്. പച്ചമാങ്ങ ആർക്കുവേണമെങ്കിലും പറിച്ചുകൊണ്ടുപോകാം. സ്വദേശികൾ തങ്ങളുടെ കൃഷിയിടം സന്ദർശിക്കാൻ ക്ഷണിക്കുകയും ഏതുവിളയും ആവശ്യത്തിന് കൊണ്ടുപോകാൻ അനുവദിക്കുകയും ചെയ്യുന്ന സ്വഭാവമാണുള്ളത്. ഇപ്പോൾ മാങ്ങയുടെ വിളവെടുപ്പുകാലമായിത്തുടങ്ങിയിട്ടുണ്ട്. നാട്ടിൽ സുലഭമായി കണ്ടുവരുന്ന നാടൻ മാങ്ങയുടെ രൂപത്തിലാണ് ഇവിടത്തെ മാങ്ങകളും.
വലിയ മാർക്കറ്റുകളിൽ ഒമാൻ മാങ്ങ ലഭിക്കില്ല. പരമ്പരാഗത സൂക്കുകളിലും വഴിയോരങ്ങളിലുമാണ് കൂടുതൽ വിൽപന. ഇവിടത്തെ മാങ്ങ ധാരാളമായി ദുബൈയിലേക്ക് കൊണ്ടുപോകാറുണ്ടെന്ന് സൊഹാറിലെ സുഹുൽ അൽ ഫയ്ഹാ ഫ്രൂട്ട് ആൻഡ് വെജിറ്റബിൾ മാർക്കറ്റ് പ്രതിനിധി മുസ്തഫ കക്കേരി പറയുന്നു. വ്യവസായിക അടിസ്ഥാനത്തിൽ കൃഷി ചെയ്യുന്നില്ലെങ്കിലും മാവ് നട്ടുപിടിപ്പിക്കുകയും വളവും മറ്റും നൽകി വിളവ് കൂടുതൽ ലഭ്യമാക്കുകയും ചെയ്യുന്നുണ്ട്. ഓരോ പ്രദേശത്തും വിളയുന്ന മാങ്ങക്ക് വ്യത്യസ്ത രുചികളാണ്. പഴുത്ത മാങ്ങക്ക് മഞ്ഞനിറം കുറവാണെങ്കിലും മധുരത്തിൽ കേമനാണ്.
പീച്ചസ്, ദഭൂസ്, അൽ ഹോക്കും, അൽ ഹറ, സിൻസിബാരി, അൽബാബ്, ഹോർസ്, ഹിലാൽ എന്നിങ്ങനെ പേരുകളിൽ അറിയപ്പെടുന്ന മാങ്ങകളാണ് കൂടുതൽ കണ്ടുവരുന്നത്. പല രാജ്യങ്ങളിൽനിന്നും ഒമാനിലേക്ക് മാങ്ങ ഇറക്കുമതി ചെയ്യുന്നുണ്ടെങ്കിലും ഇന്ത്യൻ ഇനമായ അൽഫോൺസ, രാജാപുരി, ബദാമി, കേസരി, തൊത്തപേരി, മൽഗോവ എന്നിവക്കാണ് ആവശ്യക്കാർ കൂടുതൽ. വിപണിയിൽ പാകിസ്താൻ മാങ്ങ ഇറങ്ങിയാൽ വിലക്കുറവുണ്ടാകുമെന്നും മുസ്തഫ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.