മഞ്ഞപ്പട ഒമാന്‍ ഫുട്ബാള്‍ ടൂര്‍ണമെന്റും ഫാമിലി ഇവന്റും സംഘടിപ്പിക്കുന്നു
text_fieldsമസ്കത്ത്: കേരള ബ്ലാസ്റ്റേഴ്സ് ആരാധക കൂട്ടായ്മയായ മഞ്ഞപ്പട ഒമാന്‍ ഘടകം സംഘടിപ്പിക്കുന്ന മഞ്ഞപ്പട സൂപ്പര്‍ കപ്പ് രണ്ടാം സീസണും ഫാമിലി ഇവന്റും മബേലയിലെ മാള്‍ ഓഫ് മസ്കത്തിന് പിന്‍ഭാഗത്തുള്ള അല്‍ ഷാദി ടര്‍ഫില്‍ ഒക്ടോബര്‍ നാലാം തീയതി നടക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.
വൈകുന്നേരം ആരംഭിക്കുന്ന ടൂര്‍ണമെന്റില്‍ ഒമാനിലെ സെവന്‍സ് ഫുട്ബാളിലെ പ്രമുഖ താരങ്ങൾ അണിനിരക്കും. 16 ടീമുകള്‍ പങ്കെടുക്കുന്ന മെഗാ ടൂര്‍ണമെന്റില്‍ കാഴ്ചക്കാര്‍ക്കും മത്സരാര്‍ഥികള്‍ക്കും ഒരുപോലെ ആവേശകരമായ അനുഭവമാകുമെന്നാണ് സംഘാടകാരുടെ പ്രതീക്ഷ.സെവന്‍സ് ഫുട്ബാള്‍ ആസ്വാദനത്തിനൊപ്പം സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി വിവിധ മത്സരങ്ങളും ആകര്‍ഷകമായ സമ്മാനങ്ങള്‍ക്കും പുറമെ കാണികളില്‍നിന്ന് ഭാഗ്യശാലിയായ ഒരാള്‍ക്ക് സര്‍പ്രൈസ് സമ്മാനവും ഒരുക്കിയിട്ടുണ്ട്.
കേരള ബ്ലാസ്റ്റേഴ്സിന്റെ ഔദ്യോഗിക ആരാധക കൂട്ടായ്മയായ മഞ്ഞപ്പട കൊച്ചിയിലെ ഗാലറിയില്‍ വിരിയിക്കുന്ന ആവേശം ഇപ്പോള്‍ ഒമാനിലെ പ്രവാസികള്‍ക്കുവേണ്ടി പുനരാവിഷ്കരിക്കാനാണ് പദ്ധതിയിടുന്നത്. പ്രസിഡന്റ് സുജേഷ് ചേലോറ, സെക്രട്ടറി ആല്‍ഡിറിന്‍ മെന്‍ഡിസ് മുതലായവരുടെ നേതൃത്വത്തില്‍ ചേര്‍ന്ന എക്സിക്യൂട്ടിവ് കമ്മിറ്റി ടൂര്‍ണമെന്റ് കമ്മിറ്റി ചെയര്‍മാനായി ഡെന്നിസിനെയും കണ്‍വീനറായി രജീഷ് കുന്നോനെയും തിരഞ്ഞെടുത്തു.
ഒമാനിലെ പ്രമുഖ പ്രവാസി ക്ലബുകളായ മസ്കത്ത് ഹാമ്മേഴ്സ്, ഡൈനമോസ് എഫ്.സി, ടോപ് ടെന്‍ ബര്‍ക, യുനൈറ്റഡ് കേരള എഫ്.സി, നേതാജി എഫ്.സി, ബ്ലാക്ക് യുനൈറ്റഡ് എഫ്.സി, നെസ്റ്റോ എഫ്.സി, ബ്രദേര്‍സ് ബര്‍ക, എഫ്.സി നിസ്വ, ലയണ്‍സ് മസ്കത്ത്, ജി.എഫ്.സി, പ്രോസോണ്‍ സ്പോര്‍ട്സ് ക്ലബ്, യുനൈറ്റഡ് കാര്‍ഗോ, റിയല്‍ ഇബ്ര എഫ്.സി, മഞ്ഞപ്പട ഒമാന്‍ എഫ്.സി എന്നീ ടീമുകള്‍ മാറ്റുരക്കും. വിന്നേഴ്സ് റണ്ണേഴ്സ് ട്രോഫികള്‍ക്കും കാഷ് അവാര്‍ഡിനും പുറമെ വ്യക്തിഗത മികവ് പുലര്‍ത്തുന്ന കളിക്കാര്‍ക്കും ട്രോഫികളും സമ്മാനങ്ങളും നല്‍കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.