ഇൻകാസ് ഒമാൻ മൻമോഹൻ സിങ് അനുസ്മരണം സംഘടിപ്പിച്ചു
text_fieldsഒ.ഐ.സി.സി-ഇൻകാസ് ഒമാൻ സംഘടിപ്പിച്ച മൻമോഹൻ സിങ് അനുസ്മരണം
മസ്കത്ത്: മുൻ ഇന്ത്യൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്ങിന് ആദരാജ്ഞലികൾ അർപ്പിച്ച് ഒ.ഐ.സി.സി-ഇൻകാസ് അനുസ്മരണ യോഗം നടത്തി. ക്രാന്തദർശിയായ മുൻപ്രധാനമന്ത്രിയുടെ വിയോഗത്തിൽ അഗാധമായ അനുശോചനവും രേഖപ്പെടുത്തിയതോടൊപ്പം ഇന്ത്യൻ ഭരണത്തിലും സാമ്പത്തിക വികസനത്തിലും അദ്ദേഹത്തിന്റെ സംഭാവനകളെന്നും ഓർമിക്കപ്പെടുമെന്നും യോഗം വിലയിരുത്തി.
റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഗവർണറായും പിന്നീട് ഇന്ത്യയുടെ ധനമന്ത്രിയും പ്രധാന മന്ത്രിയുമായി സേവനമനുഷ്ഠിച്ച ലോകം അംഗീകരിച്ച സാമ്പത്തിക വിദഗ്ധനെന്ന നിലയിലുള്ള ഡോ. മൻമോഹൻ സിങ്ങിന്റെ പ്രവർത്തനങ്ങളെ യോഗാധ്യക്ഷൻ നിധീഷ് മണി പ്രസംഗത്തിൽ എടുത്തുപറഞ്ഞു. ആധുനിക ഇന്ത്യയെ രൂപപ്പെടുത്തുന്നതിൽ ഡോ.സിങിന്റെ സാമ്പത്തിക നയങ്ങൾ നിർണായക പങ്കുവഹിച്ചു എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇന്ത്യയെ ലോകത്തെ അഞ്ചാമത്തെ വലിയ സമ്പദ്വ്യവസ്ഥയാകാൻ ഡോ. മൻമോഹൻ സിങ്ങിന്റെ ദീർഘവീക്ഷണത്തോടെയുള്ള സാമ്പത്തിക പരിഷ്കാരങ്ങളും രാഷ്ട്രീയക്കാരനല്ലാതിരുന്ന അദ്ദേഹത്തെ പൂർണമായി ഇക്കാര്യങ്ങൾ ഭരമേൽപ്പിച്ച് കൂടെനിന്ന കോൺഗ്രസ് പാർട്ടിയുടെ നയങ്ങളും കാരണമായി എന്ന് ജനറൽ സെക്രട്ടറി ജിജോ കടന്തോട്ട് അനുസ്മരിച്ചു .
ഗ്രാമീണ തൊഴിലന്വേഷകർക്ക് 100 ദിവസത്തെ തൊഴിൽ ഉറപ്പുനൽകുന്ന നാഴികക്കല്ലായ നയമായിരുന്നു മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമം എന്ന് നൂറുദ്ദീൻ പയ്യന്നൂർ അനുസ്മരിച്ചു. ട്രഷറർ സതീഷ് പട്ടുവം നന്ദി പറഞ്ഞു. സജി എനാത്ത്, മോഹൻ കുമാർ, ഹംസ അത്തോളി, റാഫി ചക്കര എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.