മാരിടൈം ഹെറിറ്റേജ് ഫെസ്റ്റിവലിന് സൂറിൽ വർണാഭ തുടക്കം
text_fieldsമസ്കത്ത്: ഒമാനി മാരിടൈം ഹെറിറ്റേജ് ഫെസ്റ്റിവലിന് തെക്കൻ ശർഖിയയിലെ സൂർ വിലായത്തിൽ തുടക്കമായി. ഒമാൻ ഇന്ത്യ ഫെർട്ടിലൈസർ കമ്പനി (ഒമിഫ്കോ), ഒമാൻ എൽ.എൻ.ജി കമ്പനി എന്നിവയുടെ പിന്തുണയോടെ പൈതൃക ടൂറിസം മന്ത്രാലയം സംഘടിപ്പിക്കുന്ന പരിപാടി 19 വരെ നീണ്ടുനിൽക്കും. വാണിജ്യപരവും ചരിത്രപരവുമായ കേന്ദ്രമെന്ന നിലയിലും നൂറ്റാണ്ടുകളായി കപ്പൽ നിർമാണവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്ന പ്രദേശമെന്ന നിലയിലും സൂർ വിലായത്തിന്റെ ചരിത്രപരവും വർത്തമാനകാലവുമായ പങ്ക് ഉയർത്തിക്കാണിക്കുകയാണ്.
സമുദ്ര പൈതൃക ഗ്രാമം, ഒമാനി ഫുഡ് കാർണിവൽ, സമുദ്ര പൈതൃക കരകൗശല വസ്തുക്കൾക്കായി സമർപ്പിച്ചിരിക്കുന്ന കോർണർ, നാടൻ കലകൾ, സാംസ്കാരിക പരിപാടികൾക്കുള്ള തിയറ്റർ, നാടോടി കളികൾ തുടങ്ങിയവ പരിപാടിയുടെ ഭാഗമായി നടക്കും. ഗവർണറേറ്റിൽ വിനോദസഞ്ചാരത്തെ പ്രോത്സാഹിപ്പിക്കാനും പരിപാടി ലക്ഷ്യമിടുന്നുണ്ട്. പരമ്പരാഗത കടൽ യാത്രയുടെ അനുകരണവും ഒമാനി കപ്പലുകളുടെ യാത്രയും ചരക്കുകൾ കൊണ്ടുപോകുന്നതിനും കയറ്റുന്നതിനുമുള്ള സംവിധാനവും ഫെസ്റ്റിവലിൽ അവതരിപ്പിക്കും.
പരിപാടിയുടെ ഭാഗമായി നടന്ന പട്ടം പറപ്പിക്കൽ കാണികൾക്ക് നവ്യാനുഭമായി. കോഴിക്കോട് സ്വദേശികളായ വൺ ഇന്ത്യ കൈറ്റ് ടീം ക്യാപ്റ്റൻ അബ്ദുല്ല മാളിയേക്കൽ, കേരള കൈറ്റ് ടീം ക്യാപ്റ്റൻ അബ്ബാസ് കളത്തിൽ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പട്ടം പറപ്പിച്ചിരുന്നത്. ഒമാൻ കൈറ്റ് ടീമുമായി സഹകരിച്ച് നടത്തുന്ന പരിപാടിയിൽ താൽപര്യമുള്ള ആളുകൾക്ക് പട്ടം പറപ്പിക്കലിൽ പരിശീലനവും ഇവർ നൽകുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.