മാരിടൈം ഹെറിറ്റേജ് ഫെസ്റ്റിവലിന് തിരശ്ശീല
text_fieldsമസ്കത്ത്: കടൽക്കഴ്ചകളുടെ പുതിയ ലോകം പകർന്ന് സൂർ മാരിടൈം ഹെറിറ്റേജ് ഫെസ്റ്റിവലിന് സമാപനമായി. 17 ദിവസങ്ങളിലായി തെക്കൻ ശർഖിയയിലെ സൂർ വിലായത്തിൽ നടന്ന ഫെസ്റ്റിവലിൽ രണ്ട് ലക്ഷത്തിനടുത്ത് ആളുകൾ എത്തിയെന്നാണ് കരുതുന്നത്. ഫെസ്റ്റിവലിന്റെ പ്രഥമ പതിപ്പുതന്നെ വിജയത്തിലെത്തിക്കാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് സംഘാടകർ.
സമാപനദിനമായ ഞായറാഴ്ച ആയിരക്കണക്കിന് ആളുകളാണ് കുടുംബവുമായി ഫെസ്റ്റിവലിലേക്ക് ഒഴുകിയത്. ഒമാൻ ഇന്ത്യ ഫെർട്ടിലൈസർ കമ്പനി (ഒമിഫ്കോ), ഒമാൻ എൽ.എൻ.ജി കമ്പനി എന്നിവയുടെ പിന്തുണയോടെ പൈതൃക ടൂറിസം മന്ത്രാലയം നടത്തിയ പരിപാടിയിലൂടെ വാണിജ്യപരവും ചരിത്രപരവുമായ കേന്ദ്രമെന്ന നിലയിൽ സൂറിന്റെ പങ്ക് ഉയർത്തിക്കാട്ടുകയായിരുന്നു ലക്ഷ്യമിട്ടിരുന്നത്.
സമുദ്ര പൈതൃകഗ്രാമം, ഒമാനി ഫുഡ് കാർണിവൽ, സമുദ്ര പൈതൃക കരകൗശല വസ്തുക്കൾക്കായി സമർപ്പിച്ചിരിക്കുന്ന കോർണർ, സാംസ്കാരിക പരിപാടികൾക്കുള്ള തിയറ്റർ, നാടോടിക്കളികൾ തുടങ്ങിയവയെല്ലാം പരിപാടിയുടെ ഭാഗമായി ഒരുക്കിയിരുന്നു. ഗവർണറേറ്റിൽ വിനോദസഞ്ചാരത്തെ പ്രോത്സാഹിപ്പിക്കാനും പരിപാടി ലക്ഷ്യമിട്ടിരുന്നു. ഫെസ്റ്റിവലിന്റെ ഭാഗമായി നടത്തിയ മീൻപിടിത്ത മത്സരം, പട്ടം പറപ്പിക്കൽ തുടങ്ങിയവയെല്ലാം കാണികൾക്ക് നവ്യാനുഭവമാണ് സമ്മാനിച്ചത്. കോഴിക്കോട് സ്വദേശികളായ വൺ ഇന്ത്യ കൈറ്റ് ടീം ക്യാപ്റ്റൻ അബ്ദുല്ല മാളിയേക്കൽ, കേരള കൈറ്റ് ടീം ക്യാപ്റ്റൻ അബ്ബാസ് കളത്തിൽ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പട്ടം പറപ്പിച്ചിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.