വിപണിയിൽ മാന്ദ്യം; ടൂറിസം സീസണിൽ പ്രതീക്ഷയർപ്പിച്ച് മത്രയിലെ വ്യാപാരികള്‍
text_fieldsമത്ര: വ്യാപാര മാന്ദ്യം മൂന്നാം മാസത്തിലേക്ക് കടന്നതോടെ നിത്യച്ചെലവുകള്‍ക്കുപോലും വഴിമുട്ടി മത്ര സൂഖിലെ ചെറുകിട വ്യാപാരികള്‍.സാധാരണ പെരുന്നാള്‍ സീസണ് കഴിഞ്ഞശേഷം ഒരുമാസം കച്ചവടം മോശമായി അനുഭവപ്പെടാറുള്ളത് പതിവാണ്. എന്നാല്‍, ഇത്തവണ ചരിത്രത്തിലില്ലാത്ത വിധം മാസങ്ങളോളം നീണ്ടുനിന്നതാണ് കച്ചവടക്കാരെയും അനുബന്ധ തൊഴിലാളികളെയും പ്രയാസത്തിലാക്കിയത്.
രാവിലെ കടകള്‍ തുറന്നു രാത്രി പൂട്ടുന്നതുവരെ മണിക്കൂറുകള്‍ ഇരുന്നശേഷം കൈനീട്ടം പോലും വില്‍ക്കാതെ വെറുംകൈയോടെ മടങ്ങിപ്പോകേണ്ട അവസ്ഥവരെ ചില നേരങ്ങളില്‍ നേരിടുന്നതായി കച്ചവടക്കാര്‍ സങ്കടപ്പെടുന്നു. കച്ചവടം നടക്കാതെ വന്നാലും ചെലവ് ചെലവുകളായി അവശേഷിക്കുന്നതിനാല്‍ മിക്കസമയങ്ങളിലും കടം വാങ്ങി ഉത്തരവാദിത്തങ്ങള്‍ നിർവഹിക്കേണ്ടിവരുകയാണ്. കട, റൂം വാടക, വൈദ്യുതി, വെള്ളക്കരം തുടങ്ങിയ ഒഴിച്ചുകൂടാന്‍ പറ്റാത്ത ചെലവുകള്‍ ഏറെ ഞെങ്ങിഞെരുങ്ങിയാണ് നിര്‍വഹിച്ചുപോരുന്നത്. തൊഴിലാളികളുടെ ശമ്പളവും നല്‍കുന്നത് മുടങ്ങുന്നത് അവരെയും പ്രയാസത്തിലാക്കും.
കഴിഞ്ഞ മാസങ്ങളില്‍ വൈദ്യുതി, വെള്ളം തുടങ്ങിയവയുടെ ബില്ലുകള്‍ ക്രമാതീതമായി വര്ധിച്ചുവന്നതും വ്യാപാരികൾക്ക് ഇരുട്ടടിയായിരിക്കുകയാണ്. മാസാവസാന ആഴ്ചകളിലെ വാരാന്ത്യ ഒഴിവ് ദിനങ്ങളില്‍ നടക്കുന്ന ഒറ്റപ്പെട്ട കച്ചവടങ്ങളിലൊതുങ്ങിയാണ് വ്യാപാരി സമൂഹം പിടിച്ചുനില്‍ക്കുന്നത്. കച്ചവടം നടക്കാത്തതിനാല്‍ അര്‍ബാന ഉന്തി തൊഴില്‍ ചെയ്യുന്ന നിരവധി പേരുടെ തൊഴിലിലും പ്രതിസന്ധി തന്നെയാണ്. മൂന്നു മാസമായി കാര്യമായ ജോലികളൊന്നും ലഭിക്കുന്നില്ലെന്ന് മത്രയിലെ അര്‍ബാന തൊഴിലാളിയായ കണ്ണൂർ സ്വദേശി അര്‍ബാന കരീം പറഞ്ഞു. നാലു ദശാബ്ദങ്ങളായി അര്‍ബാന തൊഴിലില്‍ ഏർപ്പെട്ട് കഴിഞ്ഞുപോന്നിരുന്ന കരീം പറയുന്നത് ഇങ്ങനെയൊരു അനുഭവം ആദ്യമായാണെന്നാണ്. ചൂട് ശമിച്ച് മെച്ചപ്പെട്ട കാലാവസ്ഥ സംജാതമാകുന്ന നവംബർ മുതല്‍ മാര്‍ക്കറ്റ് ഉണരുമെന്നാണ് പ്രതീക്ഷിക്കുന്നത്.കൂടാതെ ഈ മാസാവസാനത്തോടെ വിദേശ ടൂറിസ്റ്റുകളും വന്നു തുടങ്ങും. ടൂറിസം സീസണിനെ വലിയ പ്രതീക്ഷകളോടെയാണ് വ്യാപാരികള്‍ ഉറ്റുനോക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.