സംരംഭകർക്ക് മാർക്കറ്റിങ് ഔട്ട്ലെറ്റ്: എസ്.എം.ഇ അതോറിറ്റിയും ലുലു ഗ്രൂപ്പും കരാർ ഒപ്പിട്ടു
text_fieldsമസ്കത്ത്: ചെറുകിട, ഇടത്തരം സംരംഭ വികസന (എസ്.എം.ഇ) അതോറിറ്റി ലുലു ഗ്രൂപ്പുമായി കരാറിൽ ഒപ്പുവെച്ചു. എസ്.എം.ഇ വികസന അതോറിറ്റി വൈസ് പ്രസിഡന്റ് അബ്ദുൽ അസീസ് അൽ റൈസി, ലുലു ഗ്രൂപ് ഒമാൻ റീജനൽ ഡയറക്ടർ ഷബീർ കെ.എ എന്നിവരാണ് ധാരണ പത്രത്തിൽ ഒപ്പുവെച്ചത്. കരാർ പ്രകാരം രാജ്യത്തുടനീളം വ്യാപിച്ച് കിടക്കുന്ന ലുലു ഗ്രൂപ്പിന്റെ 28 ഔട്ട്ലെറ്റുകളിൽ ഒമാനിലെ ചെറുകിട ഇടത്തരം സംരംഭകരുടെ ഉൽപന്നങ്ങളുടെ മാർക്കറ്റിങ്ങിനായി നൽകും.
ഉൽപന്നങ്ങൾ വിപണനം ചെയ്യാൻ എസ്.എം.ഇകളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് ലുലു ഗ്രൂപ് ഇത്തരത്തിലുള്ള കരാറിൽ ഏർപ്പെട്ടിരിക്കുന്നത്. ഒരു ഫീസും ഈടാക്കാതെയാണ് ചെറുകിട, ഇടത്തരം സംരംഭകർക്ക് ലുലു ഗ്രൂപ് ഇങ്ങനെ ഒരു സൗകര്യമൊരുക്കിയിട്ടുള്ളത്. ഇത്തരം വിഭാഗങ്ങളുടെ ഉൽപന്നങ്ങളുടെ വിൽപന വർധിപ്പിക്കാനും, ഗുണനിലവാരവും പാക്കിങും മെച്ചപ്പെടുത്തുന്നതിന് ഫീഡ് ബാക്ക് നൽകുകയും ചെയ്യും. ഓരോ സംരംഭകരും നേടുന്ന വിൽപനക്കനുസൃതമായി ഡിസ്പ്ലേ ഷെൽഫുകളും സ്പെയ്സുകളും ലുലു ഗ്രൂപ് നൽകും.
എസ്.എം.ഇകളുടെ ഉൽപന്നങ്ങൾ വിപണനം ചെയ്യുന്നതിന് ആനുകൂല്യങ്ങളും സൗകര്യങ്ങളും വാഗ്ദാനം ചെയ്ത് കൂടുതൽ ഉപഭോക്താക്കളിലേക്ക് എത്തിച്ചേരാൻ അതോറിറ്റി നടത്തുന്ന ശ്രമങ്ങളുടെ ഭാഗമായാണ് ഈ കരാറെന്ന് അബ്ദുൽ അസീസ് അൽ റൈസി പറഞ്ഞു. സംരംഭകർക്ക് അവരുടെ ഉൽപന്നങ്ങൾ പ്രദർശിപ്പിക്കുന്നതിന് ലുലു ഗ്രൂപ് അവസര നൽകും. ഇതിലൂടെ സംരംഭകർക്ക് തങ്ങളുടെ ഉൽപന്നങ്ങളുടെ വിൽപന വർധിപ്പിക്കാൻ കഴിയും. സംരംഭകരെ സഹായിക്കുന്ന ലുലു ഗ്രൂപ്പിന്റെ പ്രവർത്തനങ്ങളെ ചെറുകിട, ഇടത്തരം സംരംഭ വികസന അതോറിറ്റി അഭിനന്ദിക്കുന്നെന്നും അദ്ദേഹം പറഞ്ഞു.
ഒമാനി ഉൽപന്നങ്ങളെ പിന്തുണക്കുന്നതിനും പ്രാദേശിക സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള കമ്പനിയുടെ പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഈ കാരാറെന്ന് ലുലു ഗ്രൂപ് ഒമാൻ റീജനൽ ഡയറക്ടർ ഷബീർ കെ.എ പറഞ്ഞു. എസ്.എം.ഇ വിഭാഗത്തിൽ പെടുന്ന 50 സംരംഭങ്ങളുമായും വിതരണക്കാരുമായും ലുലു ഗ്രൂപ് ഇടപാടുകൾ നടത്തുന്നുണ്ട്. ബ്രാഞ്ചുകളിൽ സംരംഭങ്ങൾക്കായി ഷെൽഫുകളും ഡിസ്േപ്ല സ്ഥലങ്ങളും അനുവദിക്കുന്നത് വിൽപനയുടെ അളവിനെ ആശ്രയിച്ചിരിക്കുന്നതിനാൽ ഇതു ചെറുകിട, ഇടത്തരം സംരംഭങ്ങൾ തമ്മിലുള്ള മത്സരക്ഷമത വർധിപ്പിക്കാൻ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.