സമൂഹമാധ്യമങ്ങൾ വഴിയുള്ള മാർക്കറ്റിങ്; ചട്ടങ്ങൾ പ്രാബല്യത്തിൽ
text_fieldsമസ്കത്ത്: ഒമാനിൽ സമൂഹമാധ്യമങ്ങൾ വഴിയുള്ള മാർക്കറ്റിങ്ങിന് നിർദേശിച്ച നിബന്ധനകളും ചട്ടങ്ങളും കഴിഞ്ഞ ദിവസം മുതൽ നിലവിൽ വന്നതായി അധികൃതർ അറിയിച്ചു. വെബ്സൈറ്റുകളും സോഷ്യൽ മീഡിയകളിലുമുള്ള ബിസിനസ് പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതിനും പ്രമോഷനും വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം ബൈലോ പുറത്തിറക്കിയിരുന്നു. സോഷ്യൽ മീഡിയയിലെ ഉൽപന്നങ്ങളുടെയും ചരക്കുകളുടെയും സേവനങ്ങളുടെയും വിപണനത്തിനും പ്രമോഷനും മേൽനോട്ടം വഹിക്കാനും വ്യാപാരികളെയും ഉപഭോക്താക്കളെയും സംരക്ഷിക്കാനും ഇ-കൊമേഴ്സ് ഇടപാടുകൾക്ക് ആവശ്യമായ സംരക്ഷണം നൽകാനുമാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്.
സമൂഹമാധ്യമങ്ങൾ വഴിയുള്ള ഉൽപന്നങ്ങളുടെയും സേവനങ്ങളുടെയും പ്രമോട്ടർമാർ വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയത്തിന്റെ വാണിജ്യ കാര്യ, ഇലക്ട്രോണിക് ട്രേഡ് വകുപ്പിൽനിന്നാണ് ലൈസൻസ് എടുക്കേണ്ടത്. ഇൻവെസ്റ്റ് ഈസി പോർട്ടലിലൂടെ ലൈസൻസിന് അപേക്ഷിക്കാം. ആവശ്യമായ രേഖകൾ സമർപ്പിച്ച് ഒരു വർഷം മുതൽ മൂന്ന് വർഷം വരെയുള്ള ലൈസൻസ് കാലയളവ് തിരഞ്ഞെടുക്കാം. കമ്പനി വാണിജ്യ രജിസ്ട്രേഷൻ നടത്തിയതായിരിക്കണം. മാർക്കറ്റിങ്, വിനോദ പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ നൽകിയ ലൈസൻസ് മുമ്പ് സസ്പെൻഡ് ചെയ്യുകയോ റദ്ദാക്കുകയോ ചെയ്തിരിക്കരുത്.
ചാരിറ്റി അല്ലെങ്കിൽ സന്നദ്ധ സേവനങ്ങൾ പോലുള്ള ലാഭേച്ഛയില്ലാത്ത പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ആളുകൾ, വ്യാപാരി തന്റെ ഉൽപന്നങ്ങളും സേവനങ്ങളും പ്രോത്സാഹിപ്പിക്കൽ നടത്തുന്ന പ്രവർത്തനങ്ങൾക്ക് ലൈസൻസ് നിർബന്ധമില്ല. അപേക്ഷയിൻമേൽ 15 ദിവസത്തിനുള്ളിൽ തീരുമാനമെടുക്കണമെന്നാണ് അധികൃതർ നിർദേശിച്ചിരിക്കുന്നത്. അപേക്ഷ അംഗീകരിച്ചാൽ ഇ-മാർക്കറ്റിങ്ങിനും പ്രമോഷൻ പ്രവർത്തനങ്ങൾക്കുമായി ലൈസൻസ് നൽകും. പിന്നീട് ഇവ പുതുക്കാവുന്നതാണ്. വ്യവസ്ഥകൾ ലംഘിച്ചാൽ, 1000 റിയാലിൽ കവിയാത്ത അഡ്മിനിസ്ട്രേറ്റിവ് പിഴ, ഒരു വർഷത്തേക്ക് ലൈസൻസ് സസ്പെൻഡ് ചെയ്യുക, ലൈസൻസ് പൂർണമായി റദ്ദാക്കുക തുടങ്ങിയ കാര്യങ്ങൾക്കും ബന്ധപ്പെട്ടവർക്ക് അധികാരമുണ്ടാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.