ആമകളുടെ സ്വന്തം മസീറ
text_fieldsകടലാമകളുടെ ഏറെ പ്രിയപ്പെട്ട പ്രജനന കേന്ദ്രമാണ് ഒമാനിലെ മസീറ ദ്വീപ്. അതിനാൽ ലോകത്തിലെ അറിയപ്പെടുന്ന ഏഴു വിഭാഗം കടലാമകളിൽ നാലു വിഭാഗവും മസീറയിൽ മുട്ടയിടാനെത്തുന്നു. നീണ്ട തലയൻ, പച്ച ആമ, ഹോസ്ബിൽ, ഒലീവ് റെഡ്ലീസ് എന്നിവയാണ് മസീറയിൽ മുട്ടയിടാനെത്തുന്ന ആമകൾ. ഇവയിൽ പലതും വംശനാശ ഭീഷണി നേരിടുന്നവയാണ്. മസീറ ദ്വീപിലെ അനിതര സാധാരണമായ കടൽ പരിസ്ഥിതിയാണ് കടലാമകളെ മസീറയിലേക്ക് ആകർഷിക്കുന്നത്.
ആമകൾക്ക് ഇഷ്ടപ്പെട്ട ഭക്ഷ്യവിഭവങ്ങളും മസീറ കടലിൽ സുലഭമായി ലഭിക്കുന്നു. നീണ്ടതലയൻ ആമ മാംസഭുക്കാണ്. ഞണ്ടുകൾ, കക്കകൾ, കടൽ ഒച്ചുകൾ, കല്ലുമക്കായകൾ എന്നിവയാണ് ഇവയുടെ ഇഷ്ട ഭക്ഷണം. പച്ച ആമകൾ കടൽ സസ്യങ്ങളും കടൽ പുല്ലുകളും കളകളുമാണ് ഭക്ഷിക്കുന്നത്. ഒലീവ് റെഡ്ലീസ് ഞണ്ടുകൾ, കൊഞ്ചുകൾ, കടൽ ഒച്ചുകൾ, ജല്ലി മത്സ്യം എന്നിവയും ഭക്ഷിക്കുന്നു.
ഈ ആമവിഭാഗങ്ങളുടെ പ്രിയപ്പെട്ട ജനന സ്ഥലമാണ് മസീറ. ഇവിടെ വിരിഞ്ഞ ആമകൾ വർഷങ്ങൾ കഴിഞ്ഞ് മസീറയിൽ തന്നെ മുട്ടയിടാനും എത്തും. മേയ് മുതൽ സെപ്റ്റംബർ വരെയുള്ള കാലയളവിലാണ് ലോകത്തെമ്പാടുമുള്ള കടലുകളിൽ ജീവിക്കുന്ന ആമകൾ മസീറ ദ്വീപിലേക്ക് ദേശാടനം നടത്തുന്നത്. ഇവിടെയെത്തുന്ന ആമകൾ അവരുടെ മുൻതലമുറകൾ ചെയ്തപോലെ വ്യത്യസ്ത മേഖലകളിലാണ് മുട്ടയിടാൻ സ്ഥലം കണ്ടെത്തുന്നത്. ദ്വീപിനു ചുറ്റും നാലുവിഭാഗം ആമകൾക്ക് വ്യത്യസ്തമായ മുട്ടയിടൽ കേന്ദ്രങ്ങളുണ്ട്. മുട്ടകൾ വിരിഞ്ഞ കുഞ്ഞുങ്ങൾ പുറത്തുവരാൻ അനുയോജ്യമായ മണലുകളുള്ള മേഖലകളാണ് ഇവ മുട്ടയിടാൻ തിരഞ്ഞെടുക്കുന്നത്. മുട്ടയിട്ട ശേഷം മക്കളെ അനാഥമാക്കി തിരിച്ചുപോവുകയാണ് അമ്മ ആമ. അതിനാൽ തന്റെ കുഞ്ഞുങ്ങൾ വിരിഞ്ഞ് കടലിലെത്താൻ പറ്റിയ ഏറ്റവും അനുയോജ്യ സ്ഥലമാണ് അമ്മ ആമകൾ കണ്ടെത്തുന്നത്.
സന്ദർശകരെ ആകർഷിച്ച് ആമക്കൂടുകൾ
മസീറയിലെ ആമക്കൂടുകൾ ലോകത്തെമ്പാടുമുള്ള സന്ദർശകരെ ഏറെ ആകർഷിക്കുന്നതാണ്. ആമകൾ ചിലപ്പോൾ മുട്ടയിടാൻ രണ്ട് കുഴികൾ ഒരുക്കും. ഇവയിൽ ഒന്നിൽ മാത്രമാണ് മുട്ടയിടുന്നത്. കാൽ നടക്കാരിൽനിന്നും മുട്ടകളെ സംരക്ഷിക്കാനാണിത്. നിലവിൽ ആമകൾ നിരവധി വെല്ലുവിളികൾ നേരിടുന്നുണ്ട്. മത്സ്യ ബന്ധന വലകൾ, പ്രകാശ മലിനീകരണം, കടൽ ജീർണങ്ങൾ, കടലിലെ ഗതാഗതം എന്നിവ ആമകൾക്ക് ഭീഷണിയാണ്. ഇത് മസീറയിൽ മാത്രമല്ല ആഗോള തലത്തിലെ പ്രശ്നമാണ്.
ആമകളിൽ നീണ്ട തലയനും പച്ച ആമകളുമാണ് രൂക്ഷമായ വംശനാശ ഭീഷണി നേരിടുന്നത്. മറ്റു രണ്ട് വിഭാഗങ്ങളും വംശനാശ ഭീഷണിയിലേക്ക് നീങ്ങുകയാണ്. എന്നാൽ, ഒമാൻ ആമകളെ സംരക്ഷിക്കുന്നതിന് വൻ മുൻകരുതലുകളാണ് എടുക്കുന്നത്. ഓരോ വർഷവും ഇവിടെ 30,000ത്തിലധികം നീണ്ട തലയൻ ആമകൾ മാത്രം എത്തുന്നുണ്ട്. ഈ വിഭാഗത്തിൽപ്പെട്ട ഏറ്റവും അധികം ആമകൾക്ക് ആതിഥേയത്വം നൽകുന്നത് മസീറയാണ്. അതിനാൽ മസീറ ഈ വിഭാഗം ആമകളുടെ പ്രധാന മുട്ടയിടൽ കേന്ദ്രം കൂടിയാണ്. ഇവയുടെ സംരക്ഷണം ഉറപ്പുവരുത്താൻ ഒമാൻ പരിസ്ഥിതി അതോറിറ്റി മറ്റ് വിഭാഗങ്ങളുമായി സഹകരിച്ച് നിരവധി പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ട്.
സംരക്ഷണമൊരുക്കി അധികൃതർ
മസീറയിലെ ആളൊഴിഞ്ഞ തീരവും കടലിലെ ചൂടുവെള്ളവും നീണ്ടതലയൻ ആമകൾക്ക് മുട്ടയിടാൻ ഏറെ അനുയോജ്യമാണ്. ദ്വീപിന്റെ ഒറ്റപ്പെടലും ഊഷരമായ ഭൂപ്രകൃതിയും പൊതുവേ ശല്യമൊന്നുമില്ലാത്ത അവസ്ഥയും മുട്ടയിടലിന് ഏറെ സൗകര്യമാവുന്നു. റിമാനി എന്ന് പ്രാദേശികമായി അറിയപ്പെടുന്ന നീണ്ട തലയൻ ആമകൾ നൂറ്റാണ്ടുകളായി ഇവിടെ മുട്ടയിടാനെത്തുന്നുണ്ട്. അതിനാൽ മസീറയിലെത്തുന്ന ആമകൾക്ക് സംരക്ഷണം നൽകാനും ദ്വീപിന്റെ ആവാസവ്യവസ്ഥ നിലനിർത്താനും അധികൃതർ വലിയ ശ്രമങ്ങളാണ് നടത്തുന്നത്. 1970 മുതൽ തന്നെ ഇതിന്റെ ശ്രമങ്ങൾ ആരംഭിച്ചിരുന്നു. 1970ലാണ് ഒമാനിലെ ആദ്യത്തെ ആമ ഗവേഷണ കേന്ദ്രം മസീറയിൽ ആരംഭിച്ചത്. ആമകളെ നിരീക്ഷിക്കുകയും അവയെ സംരക്ഷിക്കുകയും മസീറയെ ആമ സംരക്ഷണ ഹബ്ബായി മാറ്റുകയുമാണ് കേന്ദ്രത്തിന്റെ ലക്ഷ്യം.
ആമകൾക്ക് മുട്ടയിടാനും മറ്റും നിരവധി അനുകൂല സാഹചര്യങ്ങളുണ്ടെങ്കിലും മസീറയിൽ വികസനം എത്തിയതോടെ ആമകൾക്ക് നിരവധി പ്രയാസങ്ങളും നേരിടേണ്ടിവരുന്നുണ്ട്. പ്രകാശ മലിനീകരണം, അറിയാതെ മീൻപിടിത്ത വലയിൽ ആമകൾ പെട്ടുപോവൽ എന്നിവ ഇതിൽ പ്രധാനപ്പെട്ടതാണ്. വീടുകളിൽനിന്ന് വരുന്ന കൃത്രിമ വെളിച്ചം ആമകളുടെ പ്രജനനത്തിന് പ്രയാസം സൃഷ്ടിക്കുന്നുണ്ട്. മുട്ട വിരിഞ്ഞ് പുറത്തുവരുന്ന ആമക്കുട്ടികൾ വെളിച്ചത്തിന്റെ ദിശ നോക്കിയാണ് കടലിലേക്ക് നീങ്ങുന്നത്. കൃത്രിമമായ വെളിച്ചം കാണുമ്പോൾ വെളിച്ച ദിശയിലൂടെ ചിലപ്പോൾ കരയിലേക്ക് നീങ്ങാനും അതുവഴി അവക്ക് അതിജീവിക്കാനുള്ള സാധ്യത കുറയുകയും ചെയ്യുന്നു. മത്സ്യബന്ധന വലയിൽ ആമകൾ പെട്ടുപോകുന്നത് വലിയ വെല്ലുവിളിയാണ്. വർഷം തോറും 2000 ആമകൾ ഇങ്ങനെ അറിയാതെ പ്രാദേശിക മത്സ്യബന്ധനക്കാരുടെ വലയിൽപെട്ടു പോകാറുണ്ടെന്നാണ് കണക്ക്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.