വിനോദസഞ്ചാരികൾക്ക് പ്രിയം മത്ര, നിസ്വ കോട്ടകൾ
text_fieldsമസ്കത്ത്: രാജ്യത്തെത്തുന്ന വിനോദസഞ്ചാരികൾക്ക് ഏറ്റവും പ്രിയപ്പെട്ട കേന്ദ്രങ്ങൾ മത്ര, നിസ്വ കോട്ടകൾ. 2022ൽ നിസ്വ കോട്ടയിൽ 1.9ലക്ഷം സന്ദർശകരും മത്ര കോട്ടയിൽ 37,700 സന്ദർശകരുമാണ് എത്തിയത്. നാഷണൽ സെന്റർ ഫോർ സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് ഇൻഫർമേഷൻ പുറത്തുവിട്ട കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. വർഷം മുഴുവൻ സന്ദർശകരെ സ്വീകരിക്കുന്ന ഒമാനിലെ മ്യൂസിയങ്ങൾ, കോട്ടകൾ എന്നിവിടങ്ങളിൽ സാധാരണയായി ആഗസ്റ്റ് മുതൽ മാർച്ച് വരെയുള്ള മാസങ്ങളിലാണ് ഏറ്റവും കൂടുതൽ വിനോദ സഞ്ചാരികളെത്തുന്നത്.
മറ്റു മാസങ്ങളെ അപേക്ഷിച്ച് താപനില താരതമ്യേന മിതമായിരിക്കുന്നതാണ് സന്ദർശകരെ ആകർഷിക്കുന്നത്. കഴിഞ്ഞ വർഷം ആഗസ്റ്റിൽ 31,585, ഒക്ടോബറിൽ 17,658, നവംബറിൽ 26,225, ഡിസംബറിൽ 26,588 എന്നിങ്ങനെയാണ് സർക്കാർ മ്യൂസിയങ്ങൾ സന്ദർശിച്ചവരുടെ എണ്ണം. കോവിഡ് ഭീഷണി നിലനിന്നിരുന്ന 2021നെയും 2020നെയും അപേക്ഷിച്ച് കഴിഞ്ഞ വർഷം വിനോദ സഞ്ചാരികൾ കുത്തനെ വർധിച്ചിട്ടുമുണ്ട്.
ഒമാനി വാസ്തുവിദ്യാ വൈദഗ്ധ്യത്തിന്റെയും ചരിത്രപൈതൃകങ്ങളുടെയും ഉദാഹരണമെന്ന നിലയിലാണ് കോട്ടകൾ സഞ്ചാരികളെ ആകർഷിക്കുന്നത്. പതിനേഴാം നൂറ്റാണ്ടിന്റെ മധ്യത്തിൽ നിർമിച്ച നിസ്വ കോട്ടയുടെ സവിശേഷമായ രൂപകൽപന ആകർഷണീയതകളിലൊന്നാണ്. ഒമാനിൽ പുരാതന കാലം മുതൽ ജനവാസമുള്ള ഏറ്റവും പഴക്കംചെന്ന നഗരങ്ങളിലൊന്നാണ് നിസ്വ. എട്ടാം നൂറ്റാണ്ടിന്റെ മധ്യം മുതൽ പന്ത്രണ്ടാം നൂറ്റാണ്ടിന്റെ മധ്യംവരെ ഇടവിട്ട കാലങ്ങളിൽ രാജ്യത്തിന്റെ തലസ്ഥാനവുമായിരുന്നു ഈ നഗരം. സുൽത്താനേറ്റിനെ മസ്കത്ത്, ദോഫാർ ഗവർണറേറ്റുകളെ ബന്ധിപ്പിക്കുന്ന പ്രദേശമെന്ന നിലയിലും ശ്രദ്ധിക്കപ്പെടുന്നതാണിത്. നിസ്വ കോട്ടയുടെ ദൈനംദിന പ്രവർത്തനങ്ങൾ ഒമാനി കമ്പനിയായ ബവാദർ ഇന്റർനാഷണലാണ് നിലവിൽ കൈകാര്യം ചെയ്യുന്നത്. മസ്കത്ത് ഗവർണറേറ്റിലെ മത്ര വിലായത്തിൽ സ്ഥിതി ചെയ്യുന്ന മത്ര കോട്ട സുൽത്താൻ ഖാബൂസ് തുറമുഖത്തെ അഭിമുഖീകരിച്ചാണ് സ്ഥിതി ചെയ്യുന്നത്.
ചരിത്രപ്രാധാന്യമുള്ള ഈ കോട്ട ചുറ്റുപാടുമുള്ള പ്രദേശങ്ങൾ നിരീക്ഷിക്കാൻ സാധ്യമാകുന്ന രൂപത്തിലും ആക്രമണങ്ങളിൽ നിന്ന് മത്രയെ സംരക്ഷിക്കുന്ന രീതിയിലുമാണ് നിർമിച്ചിട്ടുള്ളത്. എ.ഡി 1507ലാണ് കോട്ട ആദ്യം നിർമ്മിച്ചതെന്നാണ് കരുതപ്പെടുന്നത്. പിന്നീട് പോർച്ചുഗീസുകാർ ഗോപുരങ്ങളും ശക്തമായ മതിലുകളും നിർമിച്ച് പരിഷ്കരിക്കുകയും നവീകരിക്കുകയും ചെയ്തു. നിലവിൽ, പൈതൃക-ടൂറിസം മന്ത്രാലയവുമായി ഒപ്പുവച്ച കരാറനുസരിച്ച് സ്വകാര്യ സംരംഭമാണ് മത്ര കോട്ടയുടെ ദൈനംദിന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.