ജീവകാരുണ്യ രംഗത്ത് മാതൃകയായി മത്ര സൂഖ് വാട്സ്ആപ് കൂട്ടായ്മ
text_fieldsമത്ര: ജീവകാരുണ്യ രംഗത്ത് മാതൃകയായി സൂഖ് പ്രവാസികളുടെ വാട്സ്ആപ് കൂട്ടായ്മ. കോവിഡ് മൂലം ജോലിയും കൂലിയുമില്ലാതെ വരുമാനം നിലച്ചവർക്കും വിവിധ രോഗങ്ങള്‍ മൂലം പ്രയാസമനുഭവിക്കുന്നവര്‍ക്കും കൈത്താങ്ങാവുകയെന്ന ലക്ഷ്യത്തോടെയാണ് സൂഖിലെ ഏതാനും
പേര് ചേര്‍ന്ന് വാട്സ്ആപ് കൂട്ടായ്മ രൂപവത്കരിച്ചത്. സൂഖിലെ തങ്ങളുടെ സഹജീവികളായ നിരവധിപേര്‍ക്ക് സാന്ത്വനമാകാനും കൈത്താങ്ങാകാനും കൂട്ടായ്മയിലെ സഹായം കൊണ്ട് സാധിച്ചു. ഒമാനിലുള്ളവര്‍ക്കും അവധിക്ക് നാട്ടില്‍ പോയി രോഗംകൊണ്ട് വലഞ്ഞവര്ക്കും ചികിത്സാവശ്യാര്‍ഥം ബുദ്ധിമുട്ടുന്നവര്‍ക്കുമായി ആയിരക്കണക്കിന് റിയാലാണ് കൂട്ടായ്മയിലൂടെ ഇതിനകം സ്വരൂപിച്ച് നല്‍കിയത്.
400ഓളം മെംബര്‍മാരാണ് കൂട്ടായ്മയില്‍ അംഗങ്ങളായി ഉള്ളത്. മെംബര്‍മാരായ ഓരോ ആളില്‍ നിന്നും മാസവരി സംഖ്യയായി ഒരു റിയാല്‍ വീതം സ്വീകരിച്ചാണ് ഫണ്ട് കണ്ടെത്തുന്നത്. അപേക്ഷകരുടെ ആവശ്യങ്ങൾ പരിഗണിച്ച് ഉദാരമതികളുടെ സഹായങ്ങളും സമാഹരിച്ച് നല്‍കുകയും ചെയ്യുന്നു. വിവിധ രോഗം മൂലം ഒമാനില്‍ ആശുപത്രിയില്‍ അഡ്മിറ്റാകേണ്ടി വരുകയും ഭീമമായ ചികിത്സ ഫീസ് താങ്ങാനാകാതെ കഷ്ടതയനുഭവിക്കുന്നവരെയുമാണ് പ്രധാനമായും സഹായിക്കുന്നത്.
ഇത്തരം അപേക്ഷകള്‍ ലഭിച്ചാല്‍ കൂട്ടായ്മയുടെ അഡ്മിന് പാനൽ പരിശോധിച്ച് ഗ്രൂപ് അംഗങ്ങളുമായി വാട്സ്ആപ്പില്‍ ചര്‍ച്ച ചെയ്താണ് സഹായ ധനം കൈമാറുന്നത്. രൂപവത്കരിച്ച് ഏഴു മാസം കൊണ്ട് ഒട്ടനവധിപേരെ സഹായിക്കാന്‍ സാധിച്ചുവെന്ന് അഡ്മിന് പാനല്‍ അംഗങ്ങളായ അഷ്റഫ് പോര്ബമ്പ, സലാം പൊന്നാനി, അശ്റഫ് മേലാട്ട് എന്നിവര്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.