മത്ര സ്ക്വയർ പദ്ധതി: മസ്കത്ത് മുനിസിപ്പാലിറ്റി ടെൻഡർ ക്ഷണിച്ചു
text_fieldsമസ്കത്ത്: പ്രഥമ ബിൽ അറബ് ബിൻ ഹൈതം ആർക്കിടെക്ചറൽ ഡിസൈൻ അവാർഡ് നേടിയ 'മത്ര സ്ക്വയർ പദ്ധതി' നടപ്പാക്കാനായി മസ്കത്ത് മുനിസിപ്പാലിറ്റി ടെൻഡർ ക്ഷണിച്ചു. അടുത്ത വർഷം ജനുവരി 15വരെ ടെന്‍ഡര്‍ രേഖകള്‍ സ്വീകരിക്കാം. ടെൻഡറുകൾ സമർപ്പിക്കാനുള്ള അവസാന തീയതി ഫെബ്രുവരി 15 ആണ്. 155 റിയാലാണ് ടെന്‍ഡര്‍ നിരക്കെന്നും മുനിസിപ്പാലിറ്റി അറിയിച്ചിട്ടുണ്ട്.
സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ രാജകീയ ഉത്തരവുകളുടെ അടിസ്ഥാനത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. ഒമാനി വാസ്തുവിദ്യയിൽ പുതിയ നിലവാരത്തോടെ തദ്ദേശീയരും വിദേശികളുമായ വിനോദസഞ്ചാരികളെ ആകർഷിക്കുന്ന ഘടനയാകും പദ്ധതി നടപ്പാക്കുന്നതിലൂടെ മത്രക്ക് കൈവരുക.
നടപ്പാക്കുന്നതിനായി കഴിഞ്ഞ സെപ്റ്റംബറിൽ പദ്ധതി മുനിസിപ്പാലിറ്റിക്ക് കൈമാറിയിരുന്നു. അൽ വഹാത് ക്ലബിൽ നടന്ന പരിപാടിയിൽ മസ്കത്ത് മുനിസിപ്പാലിറ്റിയും സാംസ്കാരിക, കായിക, യുവജന മന്ത്രാലയവുമായാണ് കരാറിൽ ഒപ്പുവെച്ചത്.
ഒമാനി യുവാക്കളുടെ കഴിവുകളെ ഉപയോഗിക്കാനും അവരുടെ ഡിസൈനുകൾ സമൂഹത്തിനായി വിനിയോഗിക്കാനും ചുറ്റുപാടുകൾക്ക് സൗന്ദര്യാത്മകത നൽകുന്നതുമായ ലാൻഡ്മാർക്കുകളിലേക്ക് മാറ്റാനുമുള്ള അവാർഡിന്റെ ലക്ഷ്യങ്ങളുടെ സ്ഥിരീകരണമാണ് പദ്ധതി.
അഹമ്മദ് മുഹമ്മദ് അൽ ഗദാമി, ഉമൈമ മഹ്മൂദ് അൽ ഹിനായ്, അബ്ദുല്ല സാലിഹ് അൽ ബഹ്രി എന്നിവരുടെ മത്ര സ്ക്വയർ പദ്ധതിയായിരുന്നു പ്രഥമ ബില്‍ അറബ് ബിന്‍ ഹൈതം പുരസ്കാരം നേടിയിരുന്നത്. ആർക്കിടെക്ചർ മേഖലയിൽ കഴിവ് തെളിയിച്ചവർക്കായിരുന്നു പുരസ്കാരം. 20,000 റിയാലായിരുന്നു സമ്മാനത്തുക.
മുനിസിപ്പാലിറ്റിയിലെ വിദഗ്ധരുടെ വൈദഗ്ധ്യം ഉപയോഗിച്ച് പദ്ധതി നടപ്പാക്കുന്നത് സുഗമമാക്കുമെന്ന് മസ്കത്ത് മുനിസിപ്പാലിറ്റി ചെയർമാൻ അഹമ്മദ് ബിൻ മുഹമ്മദ് അൽ ഹമീദി അറിയിച്ചിരുന്നു. 7,500 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ സുൽത്താൻ ഖാബൂസ് തുറമുഖം ഉൾപ്പെടെ വ്യാപിച്ചുകിടക്കുന്ന മത്ര ഒമാനി നാഗരികതയുടെ ചരിത്രപരവും സാംസ്കാരികവുമായ സുപ്രധാന സ്ഥലമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.